ഉയരങ്ങള്‍ എത്തിപ്പിടിക്കണം, എവറസ്റ്റ് കൊടുമുടി കീഴടക്കണം-ലക്ഷ്യം അതായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഏഴുവയസ്സുകാരന്‍ അവ്നീഷിനു മുന്നില്‍ തടസ്സമായില്ല. ജന്മനാ ഡൗണ്‍സിന്‍ഡ്രോം ബാധിതനാണ് അവ്‌നീഷ്. ദത്തുപുത്രന്റെ ആഗ്രഹത്തിനുമുന്നില്‍ ആദിത്യ തിവാരി ഉറച്ചുനിന്നു.

To advertise here,

എവറസ്റ്റ് ബേസ് ക്യാമ്പില്‍നിന്ന് ആരംഭിച്ച മലകയറ്റത്തിനൊടുവില്‍ 5500 മീറ്റര്‍ ഉയരം കീഴടക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്ദോറില്‍നിന്നാണ് ഈ അപൂര്‍വയാത്രയുടെ കഥ. അവ്‌നീഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മരുന്ന്, ഭക്ഷണം, നെബുലൈസിങ് മെഷീന്‍ എന്നിവയെല്ലാം ഒപ്പം കരുതിയിരുന്നു. 

ഏപ്രില്‍ 14-നാണ് യാത്രയാരംഭിച്ചത്. കൊടുമുടി കീഴടക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരിച്ചിറങ്ങേണ്ടിവന്നു. കാലാപത്തര്‍ പര്‍വതത്തില്‍ ദേശീയപതാക ഉയര്‍ത്തിയാണ് ഇരുവരും മടങ്ങിയത്. അഞ്ചുവര്‍ഷംമുമ്പാണ് ആദിത്യ തിവാരി അവ്‌നീഷിനെ ദത്തെടുത്തത്. സിംഗിള്‍ പാരന്റായ ആദിത്യ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച അവനിഷിനെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പൂനെയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ആദിത്യ തിവാരി.

സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുതില്‍ നിന്ന് ആര്‍ക്കും ആരെയും തടയാനാകില്ല എന്ന സന്ദേശമാണ് അവ്നീഷ് ലോകത്തിന് നല്‍കുന്നതെന്ന് ആദിത്യ പറഞ്ഞു. 5500 മീറ്റര്‍ ഉയരം കീഴടക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ആദ്യത്തെ കുട്ടിയാണ് അവ്നീഷ്.