തണുപ്പേറിയ മാസങ്ങളിൽ മുചുകുന്നും കുന്നിൻപുറത്തെ ഗ്രാമവും പുലരിമഞ്ഞിലൊളിക്കാറുണ്ട്. ചെറിയൊരു ഉത്തരേന്ത്യൻ കാലാവസ്ഥ! കൊയ്ത്തുകഴിഞ്ഞ പാടശേഖരമാണ് മുന്നിൽ. ഉണങ്ങിയ വൈക്കോൽമഞ്ഞയിൽ മേയുന്ന വെളുത്ത മഞ്ഞ്. മുകളിലേക്ക് പോവുന്തോറും തണുപ്പ് കൂടി. ഗ്രാമം തെളിഞ്ഞു. കൃഷിപ്പണിക്ക് പോവുന്നവർ, പാലുമായി സൈക്കിളിൽ പോകുന്നവർ, ഉറക്കച്ചടവോടെ പുസ്തകസഞ്ചിയും പേറി നടക്കുന്ന കുട്ടികൾ...മൂന്ന് കുന്നുകളുടെ (പുറമല, മോവില്ലൂർകുന്ന്, വലിയ മല) കൂട്ടം എന്ന അർഥത്തിലാണ് ഈ പ്രദേശത്തെ മുചുകുന്നെന്ന് വിളിക്കുന്നതത്രേ!

To advertise here,

കാഴ്ചകൾ മാറിമാറിവന്നു. പാടത്തിന് നടുവിൽ മയങ്ങിക്കിടക്കുന്ന ജലാശയം. കൊയിലോത്തുംപടിയിലെ കടുക്കുഴിച്ചിറ. വയലിൽ നിന്ന് പാത നിർമാണത്തിനാവശ്യമായ കളിമണ്ണ് വൻതോതിൽ കുഴിച്ചെടുത്തുണ്ടായതാണ് കടുക്കുഴിച്ചിറയെന്ന് പറയപ്പെടുന്നു. താമരപ്പൂക്കൾക്കിടയിൽ മുങ്ങാം കോഴികൾ കൊക്കുരുമ്മി. അവിടവിടെ തെറിച്ചുവീണ നക്ഷത്രങ്ങൾപോലെ നെയ്യാമ്പലുകൾ. കാട്ടുതാറാവുകളുടെ (ചൂളൻ എരണ്ടകൾ) ഒരു കൂട്ടം പറന്നിറങ്ങുന്നു.

നീലജലപ്പരപ്പിനപ്പുറം ചുറ്റുപാടുകളിൽ ലയിച്ചുനിൽക്കുന്നപോലെ കോവിലകം ക്ഷേത്രം. അൽപ്പമകലെ കുന്നിന്റെ ഉച്ചിയിലേക്കുള്ള കയറ്റത്തിൽ പ്രശസ്തമായ മുചുകുന്ന് കോട്ട ശിവക്ഷേത്രം. കോട്ടയിൽ പരമശിവനും കോവിലകം ക്ഷേത്രത്തിൽ ഭഗവതിയുമാണ് സങ്കല്പം. ഈ രണ്ട് ക്ഷേത്രങ്ങളുമൊന്നിച്ചാണ് മുചുകുന്നിന് ദൃശ്യഭംഗിയും ചരിത്രത്തിന്റെ ഈടും നൽകുന്നത്. “കുംഭം 25 തൊട്ട് മീനം ഒന്ന് വരെയാണ് കോട്ട-കോ വിലകം ക്ഷേത്ര ആറാട്ട്. ഉത്സവകാലത്ത് ഇരുക്ഷേത്രങ്ങൾക്കുമിടയ്ക്കുള്ള പാത ആറാട്ടുവഴിയായി പൊലിമയേറ്റും''- ക്ഷേത്രത്തിന്റെ ഊരാളികുടുംബമായ മങ്കൂട്ടിൽ തറവാട്ടിലെ മധുവിന്റെ വാക്കുകളിൽ കോട്ടയിലുത്സവം ഒരിക്കൽക്കൂടി കൊടിയേറി.

placeholder
മുചുകുന്ന് കോട്ടയിൽ ശിവക്ഷേത്രം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

കോട്ടയിൽ ക്ഷേത്രത്തിൽ സ്വയം ഭൂവായ ശിവസങ്കല്പമാണ്. രാവിലെ മാത്രമേ പൂജയുള്ളൂ. സന്ധ്യാസമയത്ത് ദേവന്മാർ പൂജചെയ്യുന്നുവെന്നാണ് വി ശ്വാസം. അതിനായി വൈകീട്ട് പൂജാ വസ്തുക്കൾ ഒരുക്കിവെച്ച് മേൽശാന്തി നടയടച്ചിറങ്ങും. കാടിന് നടുവിൽ ഒൻപത് ഏക്കർ സ്ഥലത്താണ് ക്ഷേത്രവും കുളവും. ഭൂമി വെയിലേറ്റ് കരുവാളിച്ചു തുടങ്ങി. കോട്ടയിലമ്പലത്തിന്റെ കുളത്തിനുനേർക്ക് നടന്നു. പേരറിയാത്ത മരങ്ങൾ, പലതരം പക്ഷികൾ, താഴെ വിശാലമായ കുളപ്പരപ്പ്, കുളക്കടവിൽ വിവാഹഷൂട്ടിങ്ങുകൾ നടക്കുന്നു.

placeholder
മുചുകുന്ന് ക്ഷേത്രത്തിലെ കുളം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

മുചുകുന്നിലെ പാതാളങ്ങൾ

വലിയ പാതാളവും ചെറിയ പാതാളവും; വലിയമലയുടെ ചരിവിലാണ് കൗതുകമുണർത്തുന്ന രണ്ട് ഗുഹകളുള്ളത്. പണ്ടുകാലത്ത് യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിച്ചതാവാം ഇവയെന്ന് കേൾക്കുന്നു. കാട്ടുപൊന്തകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രദേശം. പാതാളം, കാഴ്ചയ്ക്ക് ചെറിയൊരു കിണർ പോലെ. ഇറങ്ങിനിൽക്കാം. വലിയ പാതാളം ഉള്ളിലൊരു ഉറവയൊളിപ്പിച്ചിട്ടാണ്. ഉറവയ്ക്കടുത്ത് പൊഴിഞ്ഞുകിടക്കുന്ന മുള്ളൻപന്നിയുടെ മുള്ള്, കുറച്ച് മഞ്ചാടി മണികൾ...

അതിനടുത്തായി പുലയസമുദായക്കാരുടെ വാഴയിൽ ഭഗവതി ക്ഷേത്രം. കൊച്ചമ്പലത്തിനുമീതേ ഇലകൊഴിച്ച് വെളുത്ത ചെമ്പകം, നിലത്ത് പായയും കൊട്ടയും നെയ്യാനുള്ള കൈതോലകൾ ഉണക്കാനിട്ടിരിക്കുന്നു.

placeholder
മുചുകുന്നിലെ പാതാളം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

“പാതാളത്തിന്റെ മുകൾഭാഗം പായൽ പിടിച്ച ചെങ്കൽപ്പാറയാണ്. ഉള്ളിലേക്ക് പോവുന്തോറും നിൽക്കാനുള്ള ഉയരം കൂടും. ഇഴജന്തുക്കളുണ്ടാവും, ശ്രദ്ധിച്ചാൽ മതി. പ്രദേശ വാസിയായ അശോകേട്ടൻ ഭയത്തിന്റെ ചിലന്തിവലകളെ വകഞ്ഞുമാറ്റി. കുറച്ചധികം നടന്നതിന്റെ തളർച്ച മാറ്റാൻ കാട്ടിലെ പഴുത്ത പറങ്കിമാങ്ങകൾ പറിച്ചുതിന്നു.

ലോഹത്തിൽ തീർത്ത മിനുങ്ങുന്നൊരു അദ്ഭുത വാൽക്കണ്ണാടിയെക്കുറിച്ച് മുചുകുന്നിന് പറയാനുണ്ട്. പാരമ്പര്യ വെങ്കലപ്പണിക്കാരനായ മുചുകുന്നിലെ നടുവിലക്കണ്ടി അഭിലാഷാണ് ഈ ലോഹക്കണ്ണാടിയുടെ നിർമാതാവ്. താൻ നിർമിക്കുന്നത് മുചുകുന്ന് കണ്ണാടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ആറന്മുള മാതൃകയെ അനുകരിക്കാതെ, സ്വന്തമായ രീതിയിൽ, ചെമ്പും വെളുത്തീയവും വിവിധ അളവിൽ മൂശയിലിട്ടുരുക്കി മൂന്നുവർഷമായുള്ള അഭിലാഷിന്റെ പരീക്ഷണം വിജയം കാണുകയായിരുന്നു. ഉരുളി, വിളക്ക്, പാത്രങ്ങൾ, വെങ്കലശില്പങ്ങൾ, തെയ്യം മെയ്യാഭരണങ്ങൾ എന്നിവയും ഉണ്ടാക്കുന്നു.

placeholder
അഭിലാഷും അച്ഛൻ എൻ.കെ. ചന്തുക്കുട്ടിയും പണിപ്പുരയിൽ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

അടുപ്പിക്കും അകലാപ്പുഴ

ദൂരെ അകലാപ്പുഴയുടെ വെളുപ്പ് മിന്നി. സ്വച്ഛമായൊരു തടാകത്തിന്റെ ചേലിലാണ് അകലാപ്പുഴ. കാറ്റിലാടുന്ന തെങ്ങും കണ്ടൽക്കാടും കോൾ നിലവും പുഴയ്ക്ക് കുറുകെയുണ്ടാക്കിയ പാതയും തുരുത്തുകളും. കുട്ടനാടിനെ വെല്ലുന്ന പ്രകൃ തിസൗന്ദര്യം. അപ്പപ്പോൾ മീൻപിടിച്ച് പാകം ചെയ്തുതരുന്ന മീൻകടകളുണ്ട്. ഉപ്പു വെള്ളം കയറുന്ന കായലിൽ വളരുന്ന കരിമീനിന് സ്വാദൊന്ന് വേറെ!

അകലാപ്പുഴയ്ക്കുചുറ്റും മീൻപിടിച്ചും കരിമീൻ കൃഷിചെയ്തും കക്കവാരിയും ജീവിക്കുന്ന നാട്ടുകാർ ധാരാളം. കള്ളുഷാപ്പുകളിലൊക്കെ മുരുവിറച്ചി കിട്ടും.

“തീവണ്ടി' സിനിമ ചിത്രീകരിച്ച പാമ്പൻ തുരുത്ത് കുറച്ചകലെ കണ്ടു. കായലിനു നടുവിൽ രണ്ടേക്കർ വരുന്ന തെങ്ങിൻ തോപ്പാണത്. പെഡൽ ബോട്ടുകളിലും നാലുവശവും തുറന്ന ശിക്കാരബോട്ടുകളിലും ആളുകൾ വൈകുന്നേരം ആസ്വദിക്കുന്നു. പുഴക്കരയിൽ മൂടാടി പഞ്ചായത്തിന്റെ മീൻവളർത്തൽ കേന്ദ്രമുണ്ട്. കാളാഞ്ചിയും കരിമീനുമാണ് കൂടുകളിൽ. നടത്തിപ്പുകാരനായ സത്യേട്ടൻ വലയുയർത്തി. വലയിൽ മീൻ തുള്ളി. സന്ധ്യയിലാണ് പുഴയ്ക്ക് കൂടുതൽ ഭംഗി. ഓരത്ത് ആളുകൾ കാറ്റേറ്റ് വെറുതേയിരുന്നു. അകലാപ്പുഴ അസ്തമയക്കടലിന്റെ ചെഞ്ചായ മെടുത്തണിഞ്ഞു.

കേളപ്പജിയുടെ ജന്മദേശം

കേരളഗാന്ധിയെന്നറിയപ്പെടുന്ന കേളപ്പജിയുടെ ജന്മദേശമാണ് മുചുകുന്ന്. കേളപ്പജി താമസിച്ച ഒതയോത്ത് തറവാട് ഗതകാല സ്മരണകൾ അയവിറക്കി നിശ്ശബ്ദം നിൽപ്പുണ്ട്. മുചുകുന്ന് വലിയമലയിലെ 35 ഏക്കർ കുടുംബസ്വത്ത് ഭൂദാനപ്രസ്ഥാനത്തിനു വിട്ടുകൊടുക്കുകയായിരുന്നു കേളപ്പജി. ഹരിജനങ്ങൾക്കായി 14 വീടുകളിൽ തുടങ്ങിയ വലിയമല കോളനിയിൽ ഇന്ന് നൂറിലധികം വീടുകളുണ്ടെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

placeholder
കെ.കേളപ്പൻ താമസിച്ചിരുന്ന ഒതയോത്ത് തറവാട് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

'സർഗം' സിനിമയിലെ കുളവും കാവും

സർഗം സിനിമയിലെ പ്രധാനപ്പെട്ട പല രംഗങ്ങളും ചിത്രീകരിച്ചത് കോട്ടയിലമ്പലത്തിന്റെ കുളക്കടവിലു പരിസരങ്ങളിലുമാണ്. മനോജ് കെ. ജയനും വിനീതും കുളിക്കുന്നതും അടിപിടി നടക്കുന്നതും 'സ്വരരാഗഗംഗാപ്രവാഹമേ പാടുന്നതുമെല്ലാം ഇവിടെവെച്ചാണ്.

placeholder
മുചുകുന്ന് വാഴയിൽ ക്ഷേത്രം | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

TRAVEL INFO

How to reach

By Road: One can opt Kozhikode-

Kannur Via Vadakara bus, to reach Anakulam bus stop. Muchukunnu is 5 kms away from there. Autorickshaws are available from Anakulam.

By Rail: Koyilandy (4 kms) and Kozhikode (38 kms) are the nearest railway stations.

By Air: Calicut International Airport (53 kms) and Kannur International Airport (76 kms) For assistance, Ph: 9447634234 (CK Sreekumar)

(മാതൃഭൂമി യാത്ര 2023 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

മാതൃഭൂമി യാത്ര വാങ്ങാം