'മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?' എന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലെ പഞ്ച് ഡയലോഗ് കേട്ടത് മുതല്‍ മനസ്സില്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയതാണ് അങ്ങോട്ടേയ്ക്കുള്ള യാത്ര. എന്നാല്‍ പല കാരണങ്ങളാല്‍ നടന്നില്ല. കോവിഡും അതിന് ശേഷമുള്ള ചില്ലറ ആരോഗ്യ പ്രശ്‌നങ്ങളും യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ചെറിയ ആശങ്ക ജനിപ്പിക്കാതെയും ഇരുന്നില്ല. മുന്നൊരുക്കങ്ങളൊന്നും തന്നെ ഇല്ലായിരുന്നെങ്കിലും പെട്ടെന്ന് മീശപ്പുലി മലയിലേയ്ക്ക് പോകാനൊരു സാഹചര്യം ഒത്തുവന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ മിനക്കെട്ടതുമില്ല. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8661 അടി ഉയരമുണ്ടിതിന്. കേരള വനം വികസന കോര്‍പ്പറേഷന്‍ ആണ് അവിടേയ്ക്ക് ട്രെക്കിങ് പാക്കേജുകള്‍ നടത്തുന്നത്.
മൂന്നാറില്‍ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട് മൂന്നാറിലെ കെ.എഫ്.ഡി.സി ഡിവിഷന്‍ ഓഫീസിലേക്ക്. കണ്ണന്‍ ദേവന്‍ മലകളിലെ തേയിലത്തോട്ടങ്ങളുടെ ചാരുത കണ്ടും തണുത്ത കാറ്റേറ്റും അവിടേയ്ക്ക് എത്തുമ്പോള്‍ അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മെ വരവേല്‍ക്കുന്നത്. അവിടെ പല വര്‍ണ്ണങ്ങളിലുള്ള പൂക്കളും ചെടികളും വളരെ ഭംഗിയോടെയും വൃത്തിയായും ക്രമീകരിച്ചിട്ടുണ്ട്. കുറെ ജീപ്പ് ഡ്രൈവറന്മാര്‍ തങ്ങളുടെ അവസരം കാത്ത് ക്ഷമയോടെ പുറത്ത് റോഡില്‍ കൂടി നില്‍പ്പുണ്ട്. അവിടെ നിന്നും വാടകയ്ക്ക് എടുക്കുന്ന ജീപ്പുകളിലാണ് ആണ് ബേസ് ക്യാമ്പിലേക്ക് യാത്ര. 'ഓഫ് റോഡ്' യാത്ര നന്നെ ദുര്‍ഘടം പിടിച്ചതായിരുന്നെങ്കിലും കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ നല്‍കുന്നതായിരുന്നു വഴിയോരക്കാഴ്ചകള്‍ ഒക്കെയും. അവസാനമില്ലാത്ത കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ വശം ചേര്‍ന്നുള്ള യാത്ര മൂന്നാറിലേയ്ക്കുള്ള എല്ലാ സഞ്ചാരികളും അനുഭവിച്ചിട്ടുള്ളതാകും.
കുടുങ്ങിക്കുടുങ്ങിയുള്ള യാത്രയ്‌ക്കൊടുവില്‍ ജീപ്പ് ഡ്രൈവര്‍ ഒരു ചെറിയ ജംഗ്ഷനില്‍ വണ്ടി നിറുത്തി. തമിഴും മലയാളവും ചേര്‍ന്ന ഭാഷയില്‍ ആ സ്ഥലത്തിന്റെ പേര് 'സൈലന്റ് വാലി' എന്നാണെന്നും പല സിനിമാ ചിത്രീകരണങ്ങളും അവിടെ വച്ച് നടക്കാറുണ്ടെന്നും പറഞ്ഞുതന്നു. അതിവിശാലമായ ഒരു പുല്‍മേടും അതിന് അതിരിട്ടു നില്‍ക്കുന്ന നല്ല പൊക്കമുള്ളതും അഴകേറിയതുമായ യൂക്കാലിപ്റ്റസ് മരങ്ങളുടെ ഒരു വലിയ നിരയുമാണ് അവിടെ കാണാനായത്. അഴിച്ച് വിട്ടിരിക്കുന്ന പശുക്കള്‍ പുല്‍മേട്ടില്‍ പലയിടത്തും കൂട്ടത്തോടെ കിടന്ന് അയവെട്ടി വിശ്രമിക്കുകയാണ്. മുന്നേ പോയ വണ്ടികളില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ പുല്‍മേടുകളിലാകെ ചുറ്റി നടന്ന് ചിത്രങ്ങള്‍ എടുക്കുന്നു.
കുറച്ച് നേരത്തെ വിശ്രമിത്തിനുശേഷം വീണ്ടും യാത്ര തുടങ്ങി. ബേസ്‌ക്യാമ്പില്‍ എത്തുമ്പോള്‍ മുന്നേ എത്തിയവര്‍ പല ടെന്റുകളിലായി ഇടം പിടിച്ചുകഴിഞ്ഞിരുന്നു. അവിടെ ഇരുപത് ടെന്റുകളിലായി നാല്‍പതോളം പേര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണങ്ങളാണുള്ളത്. ബാഗുകളൊക്കെ അവിടെ ഏല്‍പ്പിച്ച് കുറേപ്പേര്‍ അതിനടുത്തായുള്ള വെള്ളച്ചാട്ടം കാണുന്നതിനായി പോയിരിക്കുകയാണ്.
ഞങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത് മൂന്നാറുനിന്നും മുപ്പത് കിലോമീറ്റര്‍ ഉള്ളിലായുള്ള 'റോഡോ മാന്‍ഷന്‍' എന്നറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിലാണ്. ബേസ് ക്യാമ്പില്‍ നിന്ന് അഞ്ച് കിലോമീറ്ററേ ദൂരമുള്ളൂവെങ്കിലും അര മണിക്കൂറിനുമേല്‍ ഏടുക്കും ജീപ്പുയാത്രയ്ക്ക്. തണുപ്പുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന 'റോഡോ ഡെന്‍ട്രോണ്‍' (Rhododendron) എന്നറിയപ്പെടുന്ന സസ്യങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണ് അതിന് അങ്ങനെ പേര് വന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. വൈകുന്നേരം അഞ്ചു മണിയോടെയാണ് ഞങ്ങള്‍ റോഡോ മാന്‍ഷനില്‍ എത്തിയത്. സഞ്ചാരികളെ ആകര്‍ഷിക്കാനെന്നോണം രണ്ട് കുഞ്ഞുങ്ങളുള്‍പ്പെടുന്ന പന്ത്രണ്ടോളം വരുന്ന ഒരു വരയാടിന്‍ കൂട്ടം അവിടെ ഭയലേശമില്ലാതെ മേഞ്ഞ് നടന്നിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയതോടെ തണുപ്പ് കൂടാന്‍ തുടങ്ങി. അതിനുമുമ്പ് തന്നെ മൂടല്‍ മഞ്ഞിന്റെ പാളികള്‍ ഒന്നിന് പുറകേ മറ്റൊന്നായി താണിറങ്ങി വന്ന് കാഴ്ചയെ മറച്ചു കഴിഞ്ഞിരുന്നു. നാളുകളായി നന്നെ കുറഞ്ഞിരുന്ന ആസ്ത്മ അപ്പോഴേയ്ക്കും ശല്യം ചെയ്യാന്‍ ആരംഭിച്ചു. സ്വെറ്ററും കൈയ്യുറയും മങ്കീ ക്യാപ്പുമൊക്കെ ധരിച്ചിട്ടും തുളഞ്ഞ് കയറുന്ന തണുപ്പില്‍ അതൊന്നും ഫലപ്രദമായ രക്ഷാകവചമാകുന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ആഹാരം കഴിച്ച് സമയം കളയാതെ പെട്ടെന്ന് മുറിയിലേക്ക് തിരിച്ചുപോയി. പുറത്ത് ക്യാമ്പ് ഫയറും പാട്ടും ഡാന്‍സുമായി മറ്റുള്ള യാത്രക്കാര്‍ ആഘോഷിക്കുന്നത് അനല്പമായ നിരാശാബോധത്തോടെ അപ്പോഴും കേട്ടുകൊണ്ടിരുന്നു.
പറഞ്ഞ് ഏല്‍പ്പിച്ചിരുന്നതുപോലെ രാവിലെ ആറേകാലോടെ ഞങ്ങള്‍ റെഡിയായി. ചൂട് കട്ടന്‍ കാപ്പിയും ബ്രഡ്ഢും കഴിച്ചെത്തിയപ്പോഴേയ്ക്കും എല്ലാപേരും യാത്രയ്ക്ക് തയ്യാറായി നില്‍ക്കുകയാണ്. അതിന്റെ കൂട്ടത്തില്‍ പല ടൂര്‍ ഓപ്പറേറ്ററന്മാരും കൊണ്ടുവന്നിരിക്കുന്ന യാത്രാ സംഘങ്ങളുമുണ്ട്. അതില്‍ത്തന്നെ സ്ത്രീകള്‍ മാത്രം അടങ്ങുന്ന ഗ്രൂപ്പുകളുമുണ്ട്. ടൂര്‍ ഓപ്പറേറ്ററന്മാര്‍ തങ്ങളുടെ അതിഥികള്‍ക്ക് അവിടത്തെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് കാണാം. കെ.എഫ്.ഡി.ഡി.സിയുടെ രണ്ടുമൂന്ന് ജീവനക്കാരും കൂടിയെത്തിയപ്പോള്‍ എല്ലാപേരും ട്രെക്കിംഗിന് തയ്യാറായി. യാത്ര തിരിക്കുന്നതിനുമുമ്പ് തന്നെ 'ദേ ആ കാണുന്ന മലയ്ക്കപ്പുറമാണ് മീശപ്പുലിമല', എന്ന് തെല്ല് മുകളിലായി മഞ്ഞുമൂടിയ ഒരു കുന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഗൈഡുകളിലൊരാള്‍ എല്ലാരും കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു. കണ്ണുകള്‍ക്ക് വിരുന്നായിത്തെളിയുന്ന ആ വിഷുക്കണിയില്‍ മുഗ്ദ്ധരായി സഞ്ചാരികള്‍ നടന്ന് തുടങ്ങി. എല്ലാം അടുത്താണെന്ന് ആദ്യം കരുതിയെങ്കിലും നടന്നു തുടങ്ങിയപ്പോള്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് വേഗത്തില്‍ മനസ്സിലായിത്തുടങ്ങി.
എട്ടു കുന്നുകളാണ് കയറേണ്ടത് എന്നത് ചെറുതല്ലാത്ത ഒരാശങ്കയോടെ ഓര്‍ത്തു. 'ആദ്യ കുന്ന് കയറിയാല്‍പ്പിന്നെ നിങ്ങള്‍ എട്ട് കുന്നുകളും കയറിയിട്ടേ തിരിച്ചിറങ്ങുകയുള്ളൂ. ശാരീരികമായി നിങ്ങള്‍ അത്രയ്ക്കും ഫിറ്റാണെന്നാണ് അതിനര്‍ത്ഥം.' ഒരു ഗൈഡ് ഇടയ്ക്കിടെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. അത് വല്ലാത്ത ഒരു ഊര്‍ജ്ജമായി സിരകളിലൂടെ പാഞ്ഞു. താന്താങ്ങള്‍ അരോഗ ദൃഢഗാത്രരാണെന്ന് സ്ഥാപിക്കാന്‍ കിട്ടുന്ന ഒരവസരം പാഴാക്കാനുമാവില്ലല്ലോ. അതുകൊണ്ടുതന്നെ കൊടിയ തണുപ്പിനെയും അവഗണിച്ച് എല്ലാവരും ഉത്സാഹത്തോടെ മുകളിലേക്കു കയറാന്‍ തുടങ്ങി. താങ്ങുവടികളായി ചിലര്‍ കാട്ടുകമ്പുകള്‍ കരുതിയിട്ടുമുണ്ട്. കുരിശുമല തീര്‍ത്ഥാടത്തെ അനുസ്മരിപ്പിക്കുന്ന മാതിരി ദുര്‍ഘടങ്ങളായ മലമടക്കുകളിലൂടെ നെടുങ്കന്‍ വരികളായി സഞ്ചാരികള്‍ അനുസരണയോടെ നടന്നു കൊണ്ടിരുന്നു. അത് കാണ്‍കെ നടക്കാന്‍ പറ്റില്ലെങ്കില്‍ തിരിച്ചിറങ്ങണമെന്ന മുന്‍ധാരണ തിരുത്താന്‍ മനസ്സും ശരീരവും ഒരുപോലെ വെമ്പി.

കുറച്ചു വിശ്രമിച്ച ശേഷം സംഘത്തോടൊപ്പം കുന്നിറങ്ങി വീണ്ടും നടക്കാന്‍ തുടങ്ങി. അടുത്ത കുന്നിലേയ്ക്ക്! പൈന്‍ മരങ്ങളും പുല്‍മേടുകളും ചെറിയ ജലപാതങ്ങളും നിറഞ്ഞ നാല് കുന്നുകള്‍ വലിയ ആയാസമില്ലാതെ കയറി. അതിനുശേഷം കുറച്ചു ബുദ്ധിമുട്ടി എന്ന് പറയുന്നതാവും ശരി. എങ്കിലും നിന്നും ഇരുന്നുമൊക്കെ നടന്നുകൊണ്ടേയിരുന്നു. ഒരുപാട് ആളുകള്‍ പതിയെപ്പതിയെ പിന്നിലായി നടക്കുന്നത് കണ്ടപ്പോള്‍ എനിക്കും കഴിയുമെന്ന് മനസ്സ് ആശ്വസിപ്പിക്കുന്നതുപോലെ. 'അമ്മ മുകളിലേയ്ക്ക് നോക്കരുത്. നിലത്ത് തന്നെ നോക്കി നടന്നാല്‍ മതി.' എട്ടാമത്തെ കുന്നെത്തുമ്പോള്‍ മുന്നില്‍ നടന്നിരുന്ന മകന്‍ അരവിന്ദ് ഉപദേശ രൂപേണ പറഞ്ഞു കൊണ്ടിരുന്നു. അവന്‍ പിന്നെയും പിന്നെയും അതുതന്നെ പറഞ്ഞപ്പോള്‍ മനുഷ്യ സഹജമായ ജിജ്ഞാസ സഹിയാഞ്ഞ് അറിയാതെ ഞാന്‍ മുകളിലേയക്ക് നോക്കിപ്പോയി. അപ്പോള്‍ കാഴ്ചയുടെ ഉത്തുംഗതയില്‍ അങ്ങകലെത്തെളിഞ്ഞ ആ കൊടുമുടി കാണ്‍കെ തളര്‍ച്ചയുടെ നീരാളിക്കൈയ്യുകള്‍ ഉള്ളില്‍ പിടി മുറുക്കുന്നതുപോലെ.

Content Highlights: meesapulimala trekking idukki travel
Published: 28 Mar 2024, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented