
ഇത്തവണ വിനോദയാത്രക്കായി കുടുംബവുമായി തായ്ലാന്‍ഡ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ മനസിലുറപ്പിച്ചതായിരുന്നു ബാങ്കോക്കിന് സമീപമുള്ള പ്രസിദ്ധമായ മെക്ലോങ് റെയില്‍വേ മാര്‍ക്കറ്റ് സന്ദര്‍ശിക്കണമെന്നുള്ളത്. മുന്‍പ് ഇതിനെപ്പറ്റി വായിച്ചുള്ള അറിവും മാര്‍ക്കറ്റിലൂടെ ട്രെയിന്‍ കടന്നു പോകുന്ന വീഡിയോകള്‍ യൂട്യൂബില്‍ കണ്ടതുമാണ് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകാന്‍ കാരണം. തായ്ലാന്‍ഡില്‍ എത്തിയതിന്റെ നാലാം ദിവസമാണ് ഇവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. സുന്ദരകാഴ്ചകളുടെ പറുദീസയായ തായ്ലന്‍ഡില്‍ ഒരു സഞ്ചാരി കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ എല്ലാമുണ്ട്. മനോഹരമായ കടല്‍ത്തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ സഞ്ചാരികളുടെ മനം നിറക്കുന്നു.
ബാങ്കോക്കില്‍ താമസിച്ച ഹോട്ടലില്‍ രാവിലെ ടൂര്‍ കമ്പനി പ്രതിനിധിയായ നൂന്‍ കാറുമായി എത്തി. ബാങ്കോക്കില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ ദൂരം യാത്രയുണ്ട് റെയില്‍വേ മാര്‍ക്കറ്റിലേക്ക്. സുന്ദരമായ എക്‌സ്പ്രസ്സ് വേയിലൂടെ ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ട യാത്ര. മെക്ലോങ് റെയില്‍വേ മാര്‍ക്കറ്റ് രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കോക്കിലെ സമുത് സോങ്ഖ്‌റാം പ്രവിശ്യയിലെ മ്യൂങ് ജില്ലയിലെ മെക്ലോങ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഏകദേശം 200 മീറ്ററോളം നീളത്തിലുള്ള റെയില്‍വേ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധനം പ്രധാന ഉപജീവന മാര്‍ഗങ്ങളിലൊന്നായ തദ്ദേശീയരുടേതാണ് ഈ മാര്‍ക്കറ്റ്. 1905 ല്‍ ആണ് ഇത് വഴി മീറ്റര്‍ ഗേജ് റെയില്‍ പാത നിര്‍മ്മിക്കുന്നത്, പക്ഷെ അതിനും തലമുറകള്‍ മുന്‍പേ ഇവിടെ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നു.
മാര്‍ക്കറ്റിലൂടെ ആദ്യ ട്രെയിന്‍ കടന്നു വരുന്നത് രാവിലെ എട്ടര മണിക്കാണ് എന്ന് നൂന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പതിനൊന്ന് മണിക്കുള്ള രണ്ടാമത്തെ ട്രെയിന്‍ കാണാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പത്തു മണിയോടെ ഞങ്ങള്‍ മേക്ലോങ് റെയില്‍വേ മാര്‍ക്കറ്റില്‍ എത്തിച്ചേര്‍ന്നു. വിചിത്രമായ ഈ മാര്‍ക്കറ്റില്‍ റെയില്‍വേ ട്രാക്കിലേക്കാണ് കടകള്‍ തുറന്നിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നത് റെയില്‍വേ ട്രാക്കില്‍ നിന്നാണ്. എല്ലാ കടകളുടെയും സാധനങ്ങള്‍ പുറത്തിറക്കി വെച്ചിരിക്കുന്നത് റെയില്‍വേ ലൈനില്‍ മുട്ടുന്നത് വരെയാണ്. രണ്ട് റെയില്‍പാളത്തിനും ഇടയിലുള്ള വീതികുറഞ്ഞ ഇടം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നില്ക്കാനും നടക്കാനുമുള്ളത്. കടയുടെ അതിരും നടവഴിയും വേര്‍തിരിക്കാനുള്ളതാണ് റെയില്‍വേ ട്രാക്ക് എന്ന് തോന്നും. വില്പന വസ്തുക്കള്‍ നിരത്തി വച്ചിരിക്കുന്നതിലേക്കും ഉപഭോക്താക്കള്‍ക്കും വെയില്‍ അടിക്കാതിരിക്കാന്‍ താല്‍ക്കാലിക കുടകള്‍ എല്ലാ കടകള്‍ക്കും മുകളിലായി ഉണ്ട്. വളരെ പെട്ടെന്ന് മടക്കി മാറ്റാവുന്ന ഷീറ്റുകളാണ് ഇത്. അതിനാല്‍ തായ്ലാന്‍ഡുകാര്‍ ഈ മാര്‍ക്കറ്റിനെ അംബ്രല്ലാ മാര്‍ക്കറ്റ് (ഹൂപ് റോം) എന്നാണ് വിളിക്കുന്നത്. റെയില്‍ പാതയെ മൂടിക്കൊണ്ടു കുട പോലെയാണ് മേല്‍വിരിപ്പ് ഇട്ടിരിക്കുന്നത്. തദ്ദേശീയമായ ഈ മാര്‍ക്കറ്റില്‍ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വില്പനക്കുണ്ട്. മാര്‍ക്കറ്റില്‍ ചില റെസ്റ്റോറന്റുകളും കഫേകളും കാണാം.
മാര്‍ക്കറ്റില്‍ നല്ല തിരക്ക്, സാധങ്ങള്‍ വാങ്ങുവാനായി പ്രദേശവാസികളും ധാരാളം ടൂറിസ്റ്റുകളും. റയില്‍ പാളത്തിനോട് ചേര്‍ന്ന് ട്രോളികളിലും കുട്ടയിലും തറയിലുമായി വിവിധതരം ഉണക്ക മത്സ്യങ്ങളും ചെമ്മീന്‍ കൊഞ്ച് തുടങ്ങിയ മത്സ്യവിഭവങ്ങളും ജീവനുള്ള ഞണ്ട്, ആമ, വിവിധതരം മാംസങ്ങളും, പച്ചക്കറികളും, പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും, പലഹാരങ്ങളും, തുണിത്തരങ്ങളും, പൂക്കളും, കരകൗശലവസ്തുക്കളും സുവനീറുകളും, അങ്ങനെ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിരവധി സാധനങ്ങള്‍. മാര്‍ക്കറ്റിലെ ജനത്തിരക്ക് ആസ്വദിച്ചുകൊണ്ട് പാളത്തിലൂടെ ഞങ്ങള്‍ പലതവണ നടന്നു. ഒടുവില്‍ ക്ഷീണിച്ച ഞങ്ങള്‍ അവിടെനിന്ന് മാതളനാരങ്ങ, തണ്ണിമത്തന്‍ ജ്യൂസ് വാങ്ങി കുടിച്ച് തിരക്ക് കുറഞ്ഞ ഒരു ഭാഗത്ത് വിശ്രമിച്ചു. പിന്നീട് നീലും നേവയും ഡ്രാഗന്‍ഫ്രൂട്ട് മുറിച്ചത് വാങ്ങി കഴിച്ചു, ഞങ്ങള്‍ പേരക്കയും മാങ്ങയും ചക്കപ്പഴവും.
കൃത്യം പതിനൊന്ന് മണിക്കു ഒരു വിസില്‍ ശബ്ദം, ട്രെയിന്‍ വരുന്നതിന്റെ സിഗ്‌നല്‍ കേട്ടു. പാളത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള നിര്‍ദ്ദേശം കേള്‍ക്കാമായിരുന്നു. ഞൊടിയിടയില്‍ ട്രോളികളും റെയില്‍ മൂടിയിരുന്ന കുടകളും മറ്റും വശങ്ങളിലേക്ക് നീങ്ങി. സഞ്ചാരികള്‍ ഫോട്ടോയും വീഡിയോയും എടുത്തു കൊണ്ട് തൊട്ടടുത്ത കടകളിലേക്ക് കയറിനില്‍ക്കുന്നു. ഞങ്ങളും തിങ്ങി ഞെരുങ്ങി ഒരു കടയുടെ വശത്ത് നിന്നു. പാളത്തിലൂടെ വളരെ സാവധാനം ട്രെയിന്‍ കടന്നു വരുന്നു. നിലത്ത് വച്ചിരിക്കുന്ന പച്ചക്കറികളിലും മറ്റും തൊട്ടു തൊട്ടില്ല എന്ന വിധമാണ് ട്രെയിന്‍ കടന്നു പോകുന്നത്. നിമിഷനേരം കൊണ്ട് മാര്‍ക്കറ്റ് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ പഴയപടി സജീവം ആവുകയും ചെയ്തു. ദിവസത്തില്‍ ഏഴു പ്രാവശ്യം ഇത്തരത്തില്‍ ട്രെയിന്‍ മാര്‍ക്കറ്റിലൂടെ കടന്നു പോകും. വ്യത്യസ്ഥമായ ഒരു കാഴ്ചാനുഭവമായിരുന്നു ഞങ്ങള്‍ക്കിത്.തായ്ലാന്‍ഡ് പൊതുവേ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്. പക്ഷെ ഇവിടുത്തെ ഈ മാര്‍ക്കറ്റ് 'dangerous market in the world' (സിയാങ്ങ് തായി) എന്ന പേരിലും പ്രസിദ്ധമാണ്. എന്നിരുന്നാലും ഇതിന്റെ ജനപ്രീയത കാരണം മിനിമം സുരക്ഷിതത്വം ഉറപ്പുവരുത്തി അധികാരികള്‍ ഈ മാര്‍ക്കറ്റ് അങ്ങനെ തന്നെ നിലനിര്‍ത്തുകയാണ്. ടൂറിസത്തിന്റെ വലിയ സാധ്യത അതിലൂടെ തായ്ലന്‍ഡ് മനോഹരമായി ഉപയോഗിക്കുന്നു.
കേരളത്തില്‍ നിന്നും ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏജന്‍സികള്‍ ഈ മാര്‍ക്കറ്റ് അവരുടെ ടൂര്‍ ഐടിനറിയില്‍ പെടുത്താറില്ലാത്തതിനാലാകാം നമ്മുടെ നാട്ടുകാരായ ടൂറിസ്റ്റുകളെ അവിടെ അധികം കാണാന്‍ സാധിച്ചില്ല. ബാങ്കോക്കിലെ ഏറ്റവും സവിശേഷമായ ആകര്‍ഷണങ്ങളില്‍ ഒന്നായ മെക്ലോംങ് റെയില്‍വേ മാര്‍ക്കറ്റ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് എന്നാണ് എന്റെ അഭിപ്രായം. എന്തായാലും മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഈ കൗതുകക്കാഴ്ച കണ്ടതിന് ശേഷം കുറച്ച് മാന്‍ഗോസ്റ്റിനും റമ്പുട്ടാനും ചില്ലറ ഷോപ്പിങ്ങും ചെയ്ത് റെയില്‍വേ മാര്‍ക്കറ്റിനോട് വിടപറഞ്ഞു. വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു, നൂന്‍ ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു. തിരികെ അടുത്ത കാഴ്ചകള്‍ക്കായി ബാങ്കോക്കിലേക്ക്.
Content Highlights: Maeklong Railway Market Pattaya Thailand travel
Published: 15 Nov 2023, 09:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented