
നിറഞ്ഞ ആള്‍ക്കൂട്ടം. അതിനിടയിലൂടെ രണ്ട് ചായ പറഞ്ഞു 'അരേ ഭായ്‌സാബ് കൈസെ ഹേ'... തിരക്കിനിടയില്‍ നിന്നും നര്‍മത്തില്‍കലര്‍ന്ന സന്ദീപ് യാദവിന്റെ മറുചോദ്യം. ദീര്‍ഘകാലം ഞങ്ങള്‍ അവിടുന്നായിരുന്നു ചായകുടിച്ചിരുന്നത്. ഞങ്ങളുടെ ഓഫീസ് കെട്ടിടംമാറിയ കാരണം ഇപ്പോള്‍ സന്ദീപിന്റെടുത്ത് പോകല്‍ കുറവാണ്. പഠനം പാതിവഴിയില്‍ നിന്നുപോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഏതോ ഉള്‍ഗ്രാമത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെത്തി കസ്തുര്‍ബ ഗാന്ധി മാര്‍ഗിലെ വഴിയോരത്ത് ചായക്കട നടത്തുകയാണ് സന്ദീപ്. സൗമ്യതയോടെയുള്ള പെരുമാറ്റം. വിവിധ വര്‍ണ്ണത്തിലുള്ള ജാക്കറ്റുകള്‍ ധരിച്ച ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞങ്ങള്‍ ചായവാങ്ങി. നാട്ടിലേക്ക് ട്രാന്‍സ്ഫറായ മുകേഷ് അവനോട് എപ്പോഴെങ്കിലും കാണാം എന്നുപറഞ്ഞ് യാത്രപറഞ്ഞു. ഇന്ദ്രപ്രസ്ഥം തണുത്തുവിറയ്ക്കുന്ന കാലം. കടയോട് ചേര്‍ന്നുനില്‍ക്കുന്ന മരച്ചുവട്ടിലെ സൈഡ് ബെഞ്ചിലിരുന്നുകൊണ്ട് ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. കുറേസ്ഥലങ്ങള്‍ കാണാനുണ്ട്, അതില്‍ ഒന്നാണ് ലേ -ലഡാക്ക്.
ചെവിയില്‍ തുളച്ചുകയറുന്ന അലാറം ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പുതച്ച കമ്പിളി മെല്ലെ നീക്കി. കടുത്ത തണുപ്പ് അനുഭവപ്പെട്ടിരുന്നു. സമയം മൂന്നുമണി, അതിശൈത്യമാണ്. പക്ഷെ എഴുന്നേല്‍ക്കണം, യാത്രയ്ക്കായി തയ്യാറെടുക്കണം. കുളികഴിഞ്ഞ് ഡ്രസ്സ് മാറി ജാക്കറ്റ് ധരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 'ഡേ താഴ വണ്ടി വന്നു നില്‍ക്കുന്നു, വേഗം വാ'. വാതില്‍ മുട്ടിക്കൊണ്ട് മുകേഷ് വിളിച്ചു. പോകാനുള്ള സാധനങ്ങള്‍ നിറച്ച ബാഗുമെടുത്ത് ടാക്‌സിയില്‍ കേറി. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കുപോയി. സഹപ്രവര്‍ത്തകരായ അനൂപ് ദാസ്, മുകേഷ്, മുകേഷിന്റെ ഭാര്യ റ്റിഷയുമൊത്തുള്ള യാത്ര. 'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അവിടെയാ പോലും' അനൂപ് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഹിമാലയന്‍ മലനിരയോട് ചേര്‍ന്നുനില്‍ക്കുന്ന ലേ ലഡാക്കിലേക്കാണ് പോകുന്നത്. അവിടേക്ക് പോകുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള തെര്‍മലും, ജാക്കറ്റും, കൈയ്യിലിടുന്ന ഗ്ലൗസും മറ്റും കരുതേണ്ടത് നിര്‍ബന്ധമാണ്.
പുലര്‍ച്ചെ ആറുമണിക്ക് വിമാനം ടേക്ക് ഓഫ് ചെയ്തു. തീപ്പെട്ടി കൂട്ടങ്ങള്‍ നിരനിരയായി അടുക്കിവെച്ച പോലുള്ള കെട്ടിട സമുച്ചയത്തിനിടയിലൂടെ, കറുത്ത വരകള്‍ക്ക് മുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍. അവിടവിങ്ങളിലായി തണല്‍ മരങ്ങള്‍. ഇരുണ്ട മേഘത്താല്‍ മൂടപ്പെട്ട മങ്ങിയ ഡല്‍ഹിയുടെ ആകാശക്കാഴ്ച. 'എസ്‌ക്യൂസ് മീ, വാണ്ട് സംതിങ്ങ്? 'ഇടത് തിരിഞ്ഞപ്പോള്‍ ടേബിള്‍ ട്രേയില്‍ പലഹാരങ്ങളുമായി ഇളംപുഞ്ചിരിയോടെ സുന്ദരി, എയര്‍ ഹോസ്റ്റസ്. ഒരു കാപ്പി വാങ്ങി. അപ്പോഴേക്കും നഗര കാഴ്ചയില്‍ നിന്ന് ഹിമാലയത്തിലേക്ക് കടന്നിരുന്നു. അതിമനോഹരമായിരുന്നു ഹിമാലയത്തിന്റെ ആകാശക്കാഴ്ച.
ആകാശത്തോളം മുട്ടിനില്‍ക്കുന്ന മഞ്ഞുമൂടിയ മലനിരകള്‍ നിരനിരയായി കിടക്കുന്നു. അതിനിടയില്‍ ചെറിയ പാളികളായ മേഘങ്ങള്‍ അപ്പൂപ്പന്‍ താടികളെ പോലെ അങ്ങിങ്ങു പാറിനടക്കുന്നു. അതിമനോഹരം. സമയം എട്ടു കഴിഞ്ഞു. സൂര്യവെളിച്ചം മേഘപാളികളിലൂടെ മഞ്ഞിന്റെ വെള്ള പരവതാനി തീര്‍ത്ത മലനിരയുടെ താഴ്‌വാരത്തിലേക്ക് പതിക്കുന്ന കാഴ്ചകള്‍ കുറേ ക്യാമറയില്‍ പകര്‍ത്തി. ഹിമ ശൃംഗങ്ങള്‍കൊണ്ട് സമ്പന്നമാണവിടം. വ്യത്യസ്തമായ ആകാശകാഴ്ചകള്‍. മടുക്കുവോളം മലനിരകള്‍ കണ്ടുകൊണ്ട് നില്‍ക്കാന്‍ ആശിച്ചുപോയ നിമിഷം. ഇടയില്‍ ഒരു അനൗൺസ്മെന്റ്. ലേയില്‍ മൈനസ് പതിനഞ്ചെന്ന കൊടുംതണുപ്പാണെന്ന്. വിമാനം ലാന്‍ഡിങിന് തയ്യാറെടുത്തു. യാത്രക്കാര്‍ അഴിച്ചുവച്ച തെര്‍മലും ജാക്കറ്റും വീണ്ടും ധരിക്കുന്നു. മലകള്‍ക്ക് നടുവില്‍ ഒരു താഴ്‌വാരത്ത് ലാന്‍ഡിംഗ് പാതി മുറിഞ്ഞ സൂര്യവെളിച്ചത്തില്‍ ക്യാമറയില്‍ പതിഞ്ഞു. വിമാനത്തില്‍ നിറയെ യാത്രക്കാരുള്ളതിനാല്‍ കുറച്ചു സമയം ഉള്ളില്‍ നില്‍ക്കേണ്ടി വന്നു. വിമാനത്തിന് പുറത്തും അകത്തും രണ്ട് ലോകങ്ങള്‍. കാപ്പി നല്‍കിയ എയര്‍ ഹോസ്റ്റസ് ഇളംപുഞ്ചിരിയോടെ താങ്ക്‌സ് പറഞ്ഞു. ഞങ്ങള്‍ 'ബൈ'പറഞ്ഞുകൊണ്ട് മറ്റൊരു ലോകത്തേക്കിറങ്ങി.
ഞങ്ങളെ വരവേറ്റത് അതിശൈത്യവും മഞ്ഞു വീഴ്ചയുമുള്ള ലേ-ലഡാക്കാണ്. ഒറ്റനോട്ടത്തില്‍ അവിടം തണുപ്പില്‍ പൊതിഞ്ഞ മരുഭൂമിപോലെ തോന്നി. തവിട്ട് നിറമുള്ള മലനിരകള്‍ നിരന്നുകിടക്കുന്ന വരണ്ട പ്രദേശം. ഇതിനും ഒരു പുതുമയുണ്ട്. ആളുകളുടെ മൂക്കിലൂടെയും വായിലൂടെയും പുക പോകുന്നത് സിഗരറ്റ് വലിക്കുന്നത് കൊണ്ടല്ല, തണുപ്പ്‌കൊണ്ടാണ്. ശരീരത്തെ തുളച്ചുകയറുന്ന കുളിര്‍മയുള്ള ശൈത്യം. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ റേഞ്ച് കിട്ടുന്നില്ല, പ്രീപെയ്ഡ് സിംമിന് റേഞ്ച് കിട്ടില്ലത്രേ. നിയന്ത്രണ മേഖല ആയതുകൊണ്ടാണ്. പകരം കയ്യിലുള്ള പോസ്റ്റ് പെയ്ഡ് സിം ഉപയോഗിച്ചു. ബാഗേജ് എടുത്ത് വിമാനത്താവളത്തിന് പുറത്തു കടന്നു. അപ്പോഴേക്കും കാലും കൈയും തണുപ്പുകൊണ്ട് മരവിച്ചിരുന്നു. അവിടുന്നു മുന്‍കൂട്ടി ബുക്ക്‌ചെയ്ത ഹോട്ടല്‍ റൂമിലേക്ക് പ്രീപെയ്ഡ് ടാക്‌സിയിലുള്ള യാത്ര. സീസണല്ലാത്തതിനാല്‍ റോഡില്‍ അധികം വാഹനങ്ങളില്ല. അങ്ങ് ദൂരെ മഞ്ഞുമലകള്‍ ഇളം നീലകലര്‍ന്ന ആകാശത്തോട് ചേര്‍ന്നുനില്‍ക്കുന്നു. തവിട്ട് നിറത്തിലുള്ള മലകളാല്‍ സമ്പന്നമാണ് താഴ്‌വാരം. അതിനോട് ചേര്‍ന്ന നിറമാണ് ഇലപൊഴിഞ്ഞ പൈന്‍ വില്ലോ മരങ്ങള്‍ക്ക്. നമ്മുടെ നാട്ടില്‍ കൊടുംചൂടില്‍ മരങ്ങളില്‍ ഇലപൊഴിയുന്നതിന് വിപരീതമാണിവിടെ. മെയിന്‍ റോഡില്‍ നിന്ന് ചെറിയ ഊടുവഴിയിലൂടെ രണ്ട് ഹോട്ടല്‍ കെട്ടിടത്തിനിടയില്‍ വണ്ടി നിര്‍ത്തി. അതില്‍ ഒന്നില്‍ കൈ ചൂണ്ടി, ഇതാ നിങ്ങള്‍ ബുക്ക് ചെയ്ത ഹോട്ടലെന്ന് ഡ്രൈവര്‍ പറഞ്ഞു. അപ്പോഴേക്കും ഇളം വെയില്‍ വന്നു തുടങ്ങി. ഓടയില്‍ കട്ടപിടിച്ച ഐസ് ഉരുകി ഒഴുകുന്നുണ്ടായിരുന്നു.
ഈ തണുപ്പും ഭൂപ്രകൃതിയുമാണ് ലേയെ വ്യത്യസ്തമാക്കുന്നത്. ഹിമാലയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ അക്ലൈമറ്റൈസേഷന്‍ എന്ന കാലാവസ്ഥ പ്രശ്‌നം കാരണം ശാരീരികമായ പ്രയാസങ്ങള്‍ അനുഭവപ്പെടാം. പെട്ടന്ന് ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. അതിനാല്‍ കുറച്ചു സമയം വിശ്രമിക്കേണ്ടതുണ്ട്. തണുത്തുവിറച്ച ശരീരവുമായി ഹോട്ടല്‍ റിസപ്ഷനിലേക്ക് കേറിയിരുന്നു. ഹോട്ടല്‍ മാനേജറുമായി റൂമിന്റെ കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പിച്ച ശേഷം റൂമിലേക്ക് പോയി. റൂം ഹീറ്റര്‍ ഓണ്‍ ചെയ്ത് കുറച്ചുനേരം അതിനടുത്തിരുന്നു ആദ്യദിവസം പോകാനുള്ള സ്ഥലത്തെക്കുറിച്ചുള്ള ഏകദേശം ധാരണയുണ്ടാക്കിയ ശേഷം പോകാനുള്ള ടാക്‌സിയും ഏര്‍പ്പാടാക്കി. ഹോട്ടല്‍ കാന്റീനില്‍ നിന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ സാബ എത്തിയിരുന്നു. ഒമ്നി വാനിലാണ് യാത്ര. തിരക്ക് കുറഞ്ഞ ലേ പട്ടണം. ഇടയില്‍ അടച്ചിട്ടിരിക്കുന്ന കുറേ കടകള്‍, സീസണ്‍ സമയത്ത് മാത്രമേ അവയൊക്കെ തുറക്കൂ എന്ന് സാബ പറഞ്ഞു. റോഡിന്റെ വശങ്ങളില്‍ വിവിധ വര്‍ണ്ണത്തിലുള്ള ബുദ്ധ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊടിതോരണങ്ങള്‍ പാറിപ്പറക്കുന്നു. ഇടിഞ്ഞു തകര്‍ന്ന കൂറ്റന്‍ മലകളില്‍ നിന്ന് കല്ലുകള്‍ താഴേക്ക് പതിച്ചിരിക്കുന്നു. തങ്ങിനില്‍ക്കുന്ന കൂറ്റന്‍ കല്ലുകള്‍ ഞങ്ങളുടെ വാഹനത്തെ തകര്‍ത്തുകൊണ്ട് നിലംപതിക്കാവുന്നതേയുള്ളൂ.
അല്പം പിന്നിട്ടപ്പോള്‍ വഴിയില്‍ നിറയെ ഇലപൊഴിഞ്ഞ പൈന്‍ മരങ്ങള്‍. പിന്നെ ഇതുവരെ കാണാത്ത പേരറിയാത്ത മരങ്ങള്‍ വേറെയും നിറഞ്ഞ വഴിയോര കാഴ്ചകള്‍ പിന്നിട്ട് ഞങ്ങളുടെ വാഹനം മുന്നോട്ട് പാഞ്ഞു. ലേ പാലസ്, സ്പുട്‌നിക് മൊണാര്‍സ്ട്രി, ശാന്തി സ്തുപ, സിമോ മൊണാര്‍സ്ട്രി, റ്റിക്കി മൊണാര്‍സ്ട്രി എന്നിവടങ്ങളായിരുന്നു ആദ്യം കണ്ടത്. ലേയിലെ സ്മാരകങ്ങളെല്ലാം വ്യത്യസ്തത നിറഞ്ഞവയായിരുന്നു. മിക്കതും ബുദ്ധകാലഘട്ടത്തില്‍ പണിതതാണ്. അതിനുമുകളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ ഇളം കാറ്റില്‍ പാറിപ്പറക്കുന്നു. താഴ്‌വാരത്ത് ചെറു ഗ്രാമങ്ങള്‍. മൊണാസ്ട്രിയുടെ പകുതി എത്തുമ്പോള്‍ തന്നെ തളര്‍ന്നിരുന്നു. കല്ലുപാകിയ സ്റ്റെപ്പുകൾ കയറി മുകളിലോട്ട് കയറുന്തോറും ശ്വാസ തടസവും ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലും തളര്‍ച്ചയും അനുഭവപെട്ടിരുന്നു. ഇടയ്ക്കിടെ കുറച്ചു സമയം വിശ്രമിച്ചുകൊണ്ട് മാത്രമേ മുകളില്‍ കയറി താഴ്വാരം കാണാന്‍ പോകാന്‍ സാധിക്കു. ഒരിടത്ത് ബുദ്ധ ആചാരത്തിലുള്ള പൂജകള്‍ നടക്കുന്നുണ്ട്. മുകളില്‍ കയറി താഴ്വാരം കാണാന്‍ പ്രത്യേക ഭംഗിയാണ്. നമുക്ക് കണ്ണുകൊണ്ട് ആ കാഴ്ച ക്രോപ് ചെയ്ത് ഓരോ സീനറിയായി രൂപകല്‍പന ചെയ്യാം.
സാബ നല്ല സുഹൃത്തായിക്കഴിഞ്ഞിരുന്നു. വരുംവഴി ഒരിടത്തു വാഹനം നിര്‍ത്തി. അതി ശൈത്യത്തില്‍ ഐസ് ആയി മാറിയ പുഴ. അതിനു മുകളിലൂടെ ഓടിനടക്കുന്ന താറാവ് കൂട്ടങ്ങള്‍. ആ പുഴ സിന്ധു നദിയുടെ ഭാഗമാകാം. ലേ പാലസും കഴിഞ്ഞു ഞങ്ങളുടെ വാഹനം ഉയരത്തിലേക്ക് കുതിച്ചു. അടുത്തത് ശാന്തി സ്തൂപയാണ്. ഇരുട്ടുമൂടിയ താഴ്‌വാരത്തുള്ള ഗ്രാമം കാണാന്‍ നല്ല ഭംഗിയാണ്. കല്ലുപാകിയ ഇടനാഴിയിലൂടെ നടന്ന് ശാന്തി സ്തൂപ കണ്ടു. അവിടെയും കൊടി തോരണങ്ങള്‍ കാണാം. താഴ്വാരത്ത് ചെറിയ ചെറിയ സ്തൂപങ്ങള്‍ വേറെയും കാണാമായിരുന്നു. തിരിച്ചു ഹോട്ടലില്‍ പോകേണ്ട സമയമായി. അത്ര എളുപ്പമല്ല ലേയിലൂടെയുള്ള യാത്ര. ശരീരം നല്ലരീതിയില്‍ തളര്‍ന്നിരുന്നു. സാബ വേഗത്തില്‍ വാഹനം തിരിച്ചിറക്കി ഹോട്ടലിലേക്ക് കൊണ്ടുവിട്ടു. കുറച്ചുസമയം റൂമില്‍ വിശ്രമിച്ച ശേഷം ഒന്‍പതു മണിയായപ്പോള്‍ ഭക്ഷണം കഴിച്ചു. രാത്രി രണ്ടു കമ്പിളി തന്നെ വേണ്ടി വന്നു ആ തണുപ്പിനെ അതിജീവിക്കാന്‍.
പിറ്റേ ദിവസം രാവിലേ ഹോട്ടല്‍ ക്യാന്റീനില്‍ നിന്ന് ചായകുടിക്കുന്നതിനിടെ സാബ വന്നു. 'ഹരേ ഭായ് സാബ് ജല്ദി ആജായേ' എന്ന സാബയുടെ ഓര്‍മ്മപ്പെടുത്തലില്‍ ഞങ്ങള്‍ വേഗത്തില്‍ ചായ കുടി തീര്‍ത്ത് വണ്ടിയിലേക്ക് കേറി. ഇടുങ്ങിയ ചെറിയവഴികള്‍ പിന്നിട്ട് പട്ടണത്തിലൂടെ വണ്ടി പോകുന്നത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റോഡായ കര്‍ദുംഗ് ലാ പാസിലേക്കായിരുന്നു. തികച്ചും സാഹസികം നിറഞ്ഞ യാത്ര. എന്നാല്‍ സാബയ്ക്ക് ഒരു കൂസലുമുണ്ടായില്ല. ആള്‍ കൂളായി മലയെ വലയംവച്ചുകൊണ്ട് വാഹനമോടിക്കുന്നു. ഇടയ്ക്ക് നിങ്ങള്‍ക്ക് ഇവിടെ ഇറങ്ങി കാണണോ എന്നു ചോദിക്കുന്നു. ഒഴുക്കുനിലച്ച അരുവിയില്‍ മഞ്ഞു കട്ടകള്‍ പരസ്പരം എറിഞ്ഞുടയ്ക്കുന്ന ചെറുപ്പക്കാര്‍. അവിടെ വണ്ടി നിര്‍ത്തി പത്തിമിനുട്ട് കണ്ടു. ഉയരം കീഴടക്കുന്തോറും വായുവിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു. മഞ്ഞുമൂടിയ റോഡിലൂടെ യാത്രയില്‍ എവിടെയോ ഞങ്ങളുടെ വാഹനം പിന്നെയും നിര്‍ത്തി. പെര്‍മിറ്റ് പരിശോധന കേന്ദ്രം വാഹനങ്ങളിലെ ടയറിനു ചങ്ങല കെട്ടുന്നുമുണ്ട്. തിരക്കിയപ്പോള്‍ മഞ്ഞു നിറഞ്ഞ റോഡിന് മുകളിലൂടെയുള്ള യാത്രയ്ക്ക് ചങ്ങലയിടാതെ നിയന്ത്രണം കിട്ടില്ലത്രെ. കുന്നുകള്‍ കയറി പോകുന്തോറും സുന്ദരമായ താഴവാരം കൂടുതല്‍ മനോഹരമായിക്കൊണ്ടിരിക്കുകയാണ്. വഴിയോരം മഞ്ഞിന്റെ വെള്ളപ്പൂക്കളാല്‍ സമ്പന്നമാണ്.
പെട്ടന്നാണ് ഇളകാതെ ഇരിക്കാന്‍ സാബയുടെ നിര്‍ദേശം വന്നത്. മഞ്ഞുമൂടിയ വഴിയില്‍ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനാണ് പോലും. ഒടുവില്‍ അതിന്റെ പരമമായ ഇടത്തില്‍ എത്തിയിരിക്കുന്നു... 'കര്‍ദുംഗ് ലാ പാസ്സ് '... മഞ്ഞു മൂടി നില്‍ക്കുന്ന, ദൂരെ ഹിമ ശൃംഗങ്ങള്‍ നിറഞ്ഞ ഭൂമിയിലെ സ്വര്‍ഗം. ആകാശം തൊട്ടടുത്താണെന്നു തോന്നാം. 'Welcome you to the top of the world' എന്ന് എഴുതിവച്ച ബോര്‍ഡ്. അതിനു മുന്‍പില്‍ നിന്ന് ഫോട്ടോ എടുക്കുന്നവര്‍. മഞ്ഞു വീണ് തട്ടുകളായിരിക്കുന്ന താഴ്വാരം. അവിടെ വരുന്നവര്‍ വേഗത്തില്‍ തന്നെ തിരിച്ചുപോകുന്നുണ്ട്. സത്യത്തില്‍ അവിടം മനോഹരമാണെങ്കിലും അധികം നേരം നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം ശാരീരിക അസ്വസ്ഥതകള്‍ നല്ലരീതിയില്‍ അനുഭവപ്പെടുന്നുണ്ട്. പതിനഞ്ചു മിനിറ്റ് കണ്ടതിനുശേഷം തിരിച്ചിറങ്ങി.
അനുഭവങ്ങള്‍ മായാതെ നില്‍ക്കട്ടെ. പ്രിയപ്പെട്ട ലേയില്‍ വസന്തകാലത്ത് ഇനിയും വരാന്‍ സാധിക്കട്ടെ.. അന്ന് പൈന്‍ മരങ്ങളില്‍ പച്ചപ്പുണ്ടാവട്ടെ, ആപ്രിക്കോട്ട് മരങ്ങള്‍ പൂക്കട്ടെ.. ഉഴുതുമറിച്ച വയലുകളില്‍ വിളകള്‍ ഉണ്ടാവട്ടെ. ഉദ്യാനങ്ങള്‍ പൂക്കളാല്‍ സമ്പന്നമാവട്ടെ.. സൂര്യാസ്തമയങ്ങളാല്‍ അതിമനോഹരമാവട്ടെ ലേ ലഡാക്ക്.
Content Highlights: leh ladakh travel Khardung La Jammu and Kashmir
Published: 07 Mar 2023, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented