കൊയിലാണ്ടി(കോഴിക്കോട്): അവധിക്കാലത്ത് ഒരുബോട്ട്‌യാത്ര ആരുംകൊതിക്കും. അകലാപ്പുഴയിൽ ബോട്ടിൽക്കയറി ഉല്ലാസയാത്ര നടത്താൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്. ജില്ലയ്ക്കത്തും പുറത്തുനിന്നുമായി ധാരാളം പേരാണ് ഉല്ലാസബോട്ടിൽകയറി ചുറ്റിയടിക്കാൻ ഇവിടെയെത്തുന്നത്. മേയ് അവസാനംവരെ ഇതുതുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുറക്കാട് ഗോവിന്ദൻകെട്ട് ഭാഗത്തുനിന്നും നടക്കൽഭാഗത്തുനിന്നുമായി ആരംഭിക്കുന്ന യാത്ര നെല്യാടിക്കടവ്, നടേരിക്കടവ്, മുത്താമ്പി പ്പാലംവരെനീളും. അകലാപ്പുഴയുടെ നടുക്കുള്ള ചെറുതുരുത്തുകൾ ഏറെ ആകർഷകമാണ്. സായാഹ്നങ്ങളിൽ ഇവിടെ ചെലവഴിക്കാൻ ഒട്ടെറെപ്പേരുണ്ടാവും.
റസിഡൻറ്‌സ് അസോസിയേഷനുകൾ,പൂർവവിദ്യാർഥി കൂട്ടായ്മകൾ, കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മ, സ്വയംസഹായസംഘം എന്നിവരൊക്കെ അകലാപ്പുഴയിലേക്ക് ട്രിപ്പ് ഒരുക്കുന്നുണ്ട്. ജില്ലയിലെ പ്രധാനടൂറിസം ഹബ്ബായി അകലാപ്പുഴ മാറുകയാണ്.
ചെറുതുംവലുതുമായ 25-ലേറെ ബോട്ടുകൾ ഇപ്പോൾ ഇവിടെയുണ്ട്. പത്തുമുതൽ 15 പേർക്കുവരെ യാത്രചെയ്യാവുന്ന ചെറുശിക്കാര ബോട്ടുമുതൽ നൂറുപേർക്ക് വരെ സഞ്ചരിക്കാൻകഴിയുന്ന ബോട്ടുകൾ ഇവിടെയുണ്ട്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലും നല്ല തിരക്കാണെന്ന് ബോട്ട് ഓപ്പറേറ്റർമാർ പറയുന്നു. കോഴിക്കോട് ജില്ലയ്ക്കുപുറമേ ഇതരജില്ലകളിൽനിന്നും കർണാടകയിൽനിന്നും ധാരാളംപേർ ഇവിടെയെത്തുന്നുണ്ട്. മുൻകൂട്ടി ബുക്കിങ് നടത്താനും സൗകര്യമുണ്ട്. രണ്ടുനിലകളുള്ള ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഇവിടെയുണ്ട്.
അകലാപ്പുഴ പ്രധാനപ്പെട്ട ഹൗസ് ബോട്ട് നിർമാണകേന്ദ്രംകൂടിയാണ്. കൊയിലാണ്ടി-വടകര റൂട്ടിൽ കൊല്ലം ആനക്കുളത്തുനിന്ന് മുചുകുന്ന് റോഡ് വഴിയും, തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിൽനിന്ന് പുറക്കാട് റോഡുവഴിയും, നന്തിയിൽനിന്ന് പുറക്കാട് റോഡുവഴിയും അകലാപ്പുഴയിലെത്താം. നെല്യാടിപ്പുഴയോരത്തും ബോട്ടിങ് സൗകര്യമുണ്ട്.
വലിയഹോട്ടലുകൾ,ഓഡിറ്റോറിയങ്ങൾ, ഹോംസ്റ്റേകൾ, പാർക്ക്, എടിഎം സൗകര്യങ്ങളുള്ള ധനകാര്യസ്ഥാപനങ്ങൾ എന്നിവ അകലാപ്പുഴയിൽ വരേണ്ടതുണ്ട്. തിക്കോടി, മൂടാടി, കൊയിലാണ്ടി നഗരസഭ എന്നിവയുടെ ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള ഇടപെടലുകൾ ഊർജിതമാക്കുകയുംവേണം. കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് അകലാപ്പുഴ പാലംവന്നാൽ ഈ മേഖലയിൽ ടൂറിസംരംഗത്ത് വൻകുതിച്ചുചാട്ടം ഉണ്ടാകും. കൊല്ലം പാറപ്പള്ളി, കൊല്ലം പിഷാരികാവ് ക്ഷേത്രം, മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം, അകലാപ്പുഴ, തിക്കോടി ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഭവനം എന്നിവ കോർത്തിണക്കി ടൂറിസം സർക്യൂട്ട് പദ്ധതിയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Content Highlights: kozhikode Akalappuzha travel destination
Published: 03 May 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented