
കശ്മീരില്‍ ഇപ്പോള്‍ ഹിമപാതമാണ്. വിമാനത്താവളം അടച്ചിടേണ്ടി വരുന്നു. അപകടങ്ങള്‍ വാര്‍ത്തയാവുന്നു. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കശ്മീരില്‍ പോയപ്പോള്‍ പൊടിയിട്ട് നോക്കിയാലും മഞ്ഞ് കാണാനില്ലായിരുന്നു. അന്ന് മഞ്ഞ് തേടി നടത്തിയ യാത്രാനുഭവം.
കശ്മീരിലേക്ക് ഇപ്പോള്‍ പോവണോ. ഇത് ചൂടുകാലമല്ലേ. പിന്തിരിപ്പിന്‍മാര്‍ പലതും പറയുന്നുണ്ടായിരുന്നു. എന്നാലും കശ്മീരല്ലേ. ചൂടുകാല കശ്മീര്‍ ഒന്നു കാണാം. എവിടെയെങ്കിലും ഇത്തിരി മഞ്ഞുണ്ടാവാതിരിക്കില്ല. അതിലൊന്ന് തൊട്ട് തണുപ്പറിയാം എന്ന മോഹത്തോടെയാണ് വിമാനം കയറിയത്. ഇന്ദ്രപസ്ഥം വഴി ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. അനന്ത്നാഗിനു മുകളില്‍ പൈലറ്റ് വിമാനമൊന്നു ചെറുതായി ചെരിച്ചു. ഇതാണ് അനന്ത്നാഗ്. കശ്മീരില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രധാനപ്പെട്ട ഏരിയയാണെന്നും അനൗണ്‍സും ചെയ്തു. ലാന്‍ഡ് ചെയ്യാന്‍ പിന്നെയും സമയമെടുത്തു. താവളം പട്ടാളത്തിന്റെ കയ്യിലാണെന്നും കറങ്ങി കാത്തിരിക്കുന്നത് ക്ലിയര്‍ ചെയ്യാനുള്ള സമയത്തിനാണെന്നും സൂചന തന്നു. പട്ടാളവിമാനം ഇറങ്ങുന്നത് കാരണം കുറച്ച് നേരം കൂടി ആകാശത്ത് വട്ടം കറങ്ങിയാണ് കശ്മീരിന്റെ മണ്ണ് തൊട്ടത്.
നേരെ ഹൈദര്‍പൊര ബൈപ്പാസിലുള്ള എറൈസണ്‍ ഹോട്ടലിലേക്ക്. ലഗേജെല്ലാം അവിടെ തള്ളി പുറത്തിറങ്ങി നടന്നു. കശ്മീരി തൊലിവെളുപ്പ് കണ്ട് മടുത്തിട്ടാണോ തെന്നിന്ത്യന്‍ തൊലിക്കറുപ്പിനോട് ഒരാകര്‍ഷണമുള്ളപോലെയുണ്ടായിരുന്നു പലരുടെയും നോട്ടങ്ങള്‍. അവയേറ്റുവാങ്ങി നടക്കുമ്പോള്‍ വഴിയോരത്തെ പേരറിയാത്ത വന്‍മരങ്ങളും സായുധ പോലീസിന്റെ സാന്നിധ്യവുമെല്ലാം കശ്മീര്‍ കാഴ്ചകളായി മനസിലേക്ക്... വീടുകള്‍ക്ക് കൂറ്റന്‍ ഗേറ്റുകളായിരുന്നു. വീട്ടിലാരെയും കാണാന്‍ പറ്റാത്തവിധം ബന്തവസ്സാക്കിയ പോലെ. പട്ടാളവണ്ടികളും സായുധ പോലീസ് പോസ്റ്റുകളും സുരക്ഷയുടെ അന്തരീക്ഷമൊരുക്കുന്നു. ഒപ്പം ഭയത്തിന്റെയും. ഗേറ്റിനു മുകളിലൂടെ തലനീട്ടുന്ന വള്ളിച്ചെടികളില്‍ പൂക്കള്‍ ചിരിച്ചുല്ലസിക്കുന്നു.
നടന്നു വന്നപ്പോഴേക്കും യാത്രാസംഘത്തിലെ മറ്റ് ഇരുപത്തിയഞ്ച് പേരും എത്തിയിരുന്നു. മട്ടന്നൂരിലെ ശ്രീബുദ്ധ യാത്രാ സാംസ്‌കാരിക സമിതിയുടെ അമരക്കാരന്‍ ഷിബുവായിരുന്നു യാത്ര നയിച്ചത്. കശ്മീർ സ്വദേശി ജാവേദായിരുന്നു ഇവിടുത്തെ സംഘാടകന്‍. എല്ലാവരും പരിചയപ്പെട്ടു. പിറ്റേ ദിവസത്തെ യാത്രയുടെ രൂപരേഖയുമായി. രാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ കവചിത പട്ടാളവാഹനങ്ങളുടെ റോന്ത്. ഏത് നിമിഷവും വെടി പൊട്ടിക്കാന്‍ പാകത്തില്‍ തയ്യാറായി നില്‍ക്കുന്ന തോക്കുകള്‍. ജാഗരൂകതയോടെയുള്ള നിരീക്ഷണം. മനുഷ്യര്‍ മാത്രമല്ല ബോംബ് മണത്തറിയുന്ന ശ്വാനസേനയുമുണ്ട്. പതുക്കെ അരിച്ചുപെറുക്കി പരിശോധിച്ചു മുന്നോട്ട് പോവുകയാണവര്‍. നമ്മളെ കാക്കാന്‍.
ആട്ടിടയന്മാരുടെ ഗ്രാമത്തില്‍
ഞങ്ങളൊരുങ്ങി. പഹല്‍ഗാമിലേക്കായിരുന്നു യാത്ര. 89 കിലോ മീറ്റര്‍ ഉണ്ട്. അനന്ത് നാഗ് ജില്ലയിലെ ഒരു ചെറുപട്ടണമാണത്. എല്ലാ വര്‍ഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന അമര്‍നാഥ് യാത്രയുടെ തുടക്കം ഇവിടെ നിന്നും 16 കിലോ മീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍നിന്നാണ്. പോവും വഴി അമര്‍നാഥ് യാത്രികര്‍ക്കുള്ള ഇടത്താവളങ്ങള്‍ കാണാമായിരുന്നു. വഴിക്കാണ് ഝലം നദിയെ കണ്ടത്. പാഠപുസ്തകത്തില്‍നിന്ന് കുഞ്ഞുനാളില്‍ മനസില്‍ പതിഞ്ഞ നദികളിലൊന്ന്. പുല്‍വാമ എന്ന ബോര്‍ഡും കിലോ മീറ്ററും കണ്ടപ്പോള്‍ പുല്‍വാമയിലെ ഭീകരാക്രമണ വാര്‍ത്തയും മനസിലെത്തി. പഹല്‍ഗാമിന്റെ തലസ്ഥാനത്ത് ടെംപോ ട്രാവലര്‍ നിര്‍ത്തി.
പഹല്‍ഗാം എന്നാല്‍ ആട്ടിടയന്‍മാരുടെ ഗ്രാമം എന്നാണ് അര്‍ഥം. പുല്‍മേടുകള്‍ നിറഞ്ഞ താഴ്വരയും തെളിനീരും കൊണ്ടൊഴുകുന്ന അരുവികളും കൊണ്ട് സുന്ദരമായൊരു ദേശം. ഝലം നദിയിലേക്ക് ഒഴുകുന്ന ലിഡ്ഡര്‍ നദിയുടെ കരയിലാണിത്. വഴിനീളെ നദി ഒപ്പമുണ്ടായിരുന്നു. ഇവിടുന്ന് വ്യൂപോയിന്റുകളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ പ്രദേശവാസികള്‍ക്ക് നല്‍കണം എന്നതാണ് ഇവിടുത്തുകാരുടെ നയം. അതുകൊണ്ട് തന്നെ ഏതുവണ്ടിയില്‍ വന്നാലും നമ്മള്‍ ഇവിടുന്നങ്ങോട്ട് ഇവരുടെ ടാക്സി പിടിക്കണം. അല്ലെങ്കില്‍ കുതിരപ്പുറത്ത് കയറണം. കുതിരപ്പുറത്ത് കയറേണ്ടവര്‍ക്ക് കയറാം. അല്ലാത്തവര്‍ക്ക് സുമോ പിടിച്ച് താഴ്‌വരകളിലേക്ക് പോവാം. ഷിബു പറഞ്ഞു. ഞാനും മകനും കുതിരപ്പുറത്ത് കയറാന്‍ തീരുമാനിച്ചു. ഭാര്യയും മകളും സുമോയില്‍ താഴ്വരയിലേയ്ക്കും..
അങ്ങിനെ രാഖി എന്ന പെണ്‍കുതിരപുറത്തായിരുന്നു ഞാന്‍. കുളമ്പുവെക്കാന്‍ മാത്രം ഇടമുള്ളയിടങ്ങളിലൂടെ കുതിരയിങ്ങനെ അനായാസം നടക്കുമെങ്കിലും നമുക്കൊരു ഉള്‍ക്കിടിലം തോന്നും. കാലെങ്ങാനും തെറ്റിയാല്‍... അടിതെറ്റിയാല്‍ കുതിര അത്ര പെട്ടെന്ന് വീഴില്ലെന്നു തോന്നുന്നു. വഴിയുടെ കിടപ്പും ഇവിടെ അപകടങ്ങളൊന്നും നടന്നിട്ടില്ലെന്നുമറിയുമ്പോള്‍ അങ്ങനെ തോന്നും. കുതിരകള്‍ പരസ്പരം തട്ടിയും മുട്ടിയുമാണ് പോവുന്നത്. ചിലയിടങ്ങളില്‍ താഴോട്ട് വീണാല്‍ പിന്നെ താഴ്വരയില് ചെന്ന് അസ്ഥി പെറുക്കിയാല്‍ മതിയാവും. കുതിര സഞ്ചരിച്ച് വഴികള്‍ മുഴുവന്‍ കുളമ്പുപാതകളായി മാറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കുതിരകള്‍ ഓടും. പിന്നെ പൊടിപൂരം. പോകും വഴി കശ്മീര്‍ വാലി വ്യൂപോയിന്റ് കണ്ടു. മലനിരകളും ദേവദാരുമരങ്ങളും പൈന്‍മരക്കാടുകളും നിറഞ്ഞ ഭൂമിക. ഹിമവല്‍ പശ്ചാത്തലം.
ബൈസരണ്‍ താഴ്‌വരയിലേക്കാണീ കുതിരപ്പാത മിഴിതുറക്കുന്നത്. 16 എം.എം.സ്‌ക്രീന്‍ പെട്ടെന്ന് 70 എം.എം. ആയി വികസിച്ചപോലൊരു അനുഭവം. വിശാലമായ പുല്‍ത്തകിടി. അകലെ പൈന്‍മരക്കാടുകള്‍ നിറഞ്ഞ മാമലകള്‍. അതിനു മുകളില്‍ ഹിമനിരകള്‍. ശൂന്യമലകള്‍. മഞ്ഞുകാലം നോറ്റിരിക്കുന്ന മലനിരകളെ സ്വാന്ത്വനപ്പെടുത്താനെന്നോണം ഉമ്മ വെക്കാനെത്തുന്ന വെണ്‍മേഘങ്ങള്‍. ചില സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട്. തിരിച്ചിറങ്ങുമ്പോഴും കുതിരപ്പുറത്തെ അനുഭവം അത്ര സുഖകരമല്ല. പിന്നെ വിധിപോലെ വരട്ടെ എന്നു കരുതി കടിഞ്ഞാണ്‍ പിടിച്ചിരിക്കുകയായിരുന്നു. ഇത്തവണ രാഖി മാറി ഏതോ രോഗിയായ കുതിരയാണ് കിട്ടിയത്. ആളല്‍പ്പം അവശതയിലാണ്.
തിരിച്ചെത്തി പഹല്‍ഗാമില്‍ നിന്നും ചന്ദന്‍വാരിയിലേക്ക് പോയവര്‍ തിരിച്ചുവരുന്നതും കാത്തിരുന്നു. സമയം കടന്നുപോയി. ഒരു വിവരവും കിട്ടുന്നില്ല. ഫോണില്‍ വിളിച്ചിട്ടും രക്ഷയില്ല. റേഞ്ച് ഇല്ലായിരിക്കും. മൂന്നുമണി.. നാലുമണി... അഞ്ചുമണി. സമയം പോയിട്ടും ആരേയും കാണാനില്ല. ഹിമാലയന്‍ റോഡുകളാണ് എപ്പോൾ വേണമെങ്കിലും ബിസ്‌ക്കറ്റ് പോലെ പൊടിഞ്ഞുപോവാം. ഗതാഗതം മുടങ്ങാം. അങ്ങിനെ മനസ് ആശങ്കയുടെ ഹിമാലയം കയറാന്‍ തുടങ്ങി. ഒടുക്കം ടാക്സി യൂണിയന്റെ ഓഫീസില്‍ പോയി അന്വേഷിച്ചു. പോയ സ്ഥലങ്ങള്‍ കേട്ടപ്പോൾ ആറുമ ണിയാവാതെ അവര്‍ വരില്ലെന്നായിരുന്നു മറുപടി. അത് കേട്ട് ആശ്വാസമായിരിക്കെ അല്‍പ്പം കഴിഞ്ഞപ്പോള്‍ ഷിബുവിന്റെ കോളും വന്നു. ഞങ്ങള്‍ ഇനിയും താമസിക്കും. നിങ്ങള്‍ നമ്മുടെ അടുത്ത സ്ഥലത്തേക്ക് വിട്ടോ. ആപ്പിള്‍ത്തോട്ടം കണ്ട് ഡ്രൈ ഫ്രൂട്സിന്റെ ഷോറുമില്‍ കയറുമ്പോഴേക്കും ഞങ്ങളവിടെയെത്താം.
ആപ്പിള്‍ച്ചതി
ഹോ.. ഇതൊന്നു നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇത്രേം മെനക്കേടില്ലായിരുന്നു. അങ്ങിനെ ലിഡ്ഡര്‍ നദിക്കൊപ്പം ഞങ്ങള്‍ വീണ്ടും ശ്രീനഗര്‍ ലക്ഷ്യമാക്കി വിട്ടു. വഴിക്ക് ആപ്പിള്‍ തോട്ടങ്ങള്‍ കാണാം. നല്ല ചുവന്നു തുടുത്ത ആപ്പിള്‍ കാണുമ്പോള്‍ തണുപ്പോടെ എടുത്ത് കഴിക്കാന്‍ തോന്നും. വണ്ടി ഒരു ആപ്പിള്‍തോട്ടത്തിനു സമീപം ഒതുക്കി. നിറം ചാര്‍ത്തിയ പൂക്കള്‍ സ്വാഗതം ചെയ്തു. വിവിധ തരം ആപ്പിളുകള്‍ വിളഞ്ഞ തോട്ടത്തിലേക്ക്. ഫ്രഷ് ആപ്പിള്‍ എടുത്ത് ഇടിച്ചുപിഴിഞ്ഞ് വെള്ളം ചേര്‍ക്കാതെ ജ്യൂസ് ആക്കുന്നതിനിടയില്‍ ഞങ്ങള്‍ തോട്ടം കണ്ടു. വണ്ടിയില്‍ പോവുമ്പോ കണ്ട ചുവന്നു തുടുത്ത ആപ്പിള്‍ ഒന്നു തൊട്ടുനോക്കിയപ്പോഴാണ് മനസിലായത് അതൊരു ആപ്പിള്‍ച്ചതിയാണെന്ന്. തെര്‍മോക്കോള്‍ കൊണ്ട് ഉണ്ടാക്കി കളര്‍ അടിച്ചുവെച്ചിരിക്കുകയാണ്. ഒറിജിനല്‍ ആപ്പിളിന് അത്രേം ചുവപ്പ് വരില്ല.
തോട്ടം ചുറ്റിവരുമ്പോഴേക്കും ആപ്പിള്‍ ചാറ് റെഡി. അതും കുടിച്ച് നേരെ ഉണക്കപ്പഴങ്ങളുടെ വലിയ കടയിലേക്ക്. ആപ്രിക്കോട്ട്, ബദാം, കുങ്കുമം എന്നു വേണ്ട സകല ഡ്രൈ ഫ്രൂട്ട്സുകളും വാങ്ങിക്കാം. കുങ്കുമം ഒരു കുഞ്ഞുചെപ്പിന് പോലും വലിയ വിലയാണെന്നു മാത്രം. ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങികൊണ്ടിരിക്കെ ഷിബുവും സംഘവും എത്തി. വീണ്ടും യാത്ര തുടര്‍ന്നു. നല്ല റോഡായിരുന്നു. ഒരിടത്ത് കുറച്ചുകൂടി വീതിയിലാണ് റോഡ്. ഡ്രൈവര്‍ പറഞ്ഞപ്പോഴാണ് രഹസ്യം പിടികിട്ടിയത്. അടിയന്തര ഘട്ടങ്ങളില്‍ വിമാനം ലാൻഡ് ചെയ്യാനുള്ള റണ്‍വേ കൂടിയാണീ റോഡ്. കശ്മീര്‍ പോലെ തന്ത്രപ്രധാനവും ശത്രുക്കള്‍ എപ്പോഴും കണ്ണുനട്ടിരിക്കുന്ന സ്ഥലവുമായതിനാല്‍ ഇത്തരം റണ്‍വേകള്‍ അനിവാര്യം.
സ്വര്‍ണത്താഴ്‌വര
പിറ്റേ ദിവസം രാവിലെ സോനാമാര്‍ഗിലേക്കാണ് പോയത്. ഗാണ്ടര്‍ബാള്‍ ജില്ലയിലെ സോനാമാര്‍ഗ് പുരാതന സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്നു. ശ്രീനഗറില്‍നിന്നു 40 കിലോ മീറ്റര്‍. സിന്ധു നദി കൂടെയുണ്ട്. വഴിയോരത്തെ നെല്‍വയലുകള്‍ പൊന്നണിഞ്ഞ് തലയാട്ടി രസിക്കുന്നു. പശ്ചാത്തലഭംഗിയായി മലനിരകള്‍, ഇടയില്‍ ഭംഗിയുള്ള വീടുകള്‍ താമസിക്കാന്‍ ക്ഷണിക്കും പോലെ. സോനാമാര്‍ഗിന്റെ തലസ്ഥാനത്തെത്തി. സിന്ധു നദിക്കരയില്‍ വിശാലമായൊരു താഴ്വരയാണ് സോനാമാര്‍ഗിന്റെ തലസ്ഥാനം. അവിടെനിന്നു തുടര്‍യാത്രകള്‍ക്ക് ടാറ്റാ സുമോ വിളിക്കണം. സോനാമാര്‍ഗ് എന്നാല്‍ സുവര്‍ണത്താഴ്‌വര എന്നാണ് അര്‍ഥം. ഇന്ത്യന്‍ കരസേനയുടെ മര്‍മപ്രധാനമായ സ്ഥലങ്ങളിലൊന്നാണ്. 392 പേരാണ് ജനസംഖ്യ. അതും മഞ്ഞുകാലത്ത് വിജനമാവും. പട്ടാളം മാത്രമേ പിന്നെ കാണൂ. സോജിലാപാസിലേക്കുള്ള വഴിയാണിത്. വഴിക്ക് ആറര കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇസഡ് മോര്‍ത് ടണലിന്റെ പണി പുരോഗമിക്കുന്നുണ്ട്. ഗഗന്‍ഗെയര്‍ സോണാമാര്‍ഗ് ഇസഡ് ഷെയ്പ്പ് റോഡിനെ നേരെയാക്കുന്ന ടണല്‍ സൈനിക നീക്കങ്ങള്‍ക്കും മറ്റും പ്രയോജനകരമായിരിക്കും. സോനാമാര്‍ഗില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ള മലനിരകളില്‍ ഒരു ഭാഗത്ത് അല്‍പ്പം മഞ്ഞ് കാണാം. വെയില്‍ തട്ടി തിളങ്ങുന്ന ധവളഹിമബിന്ദുക്കള്‍ ഉരുകിയിറങ്ങി സിന്ധുവിലേക്കെത്തുന്നുണ്ട്. സിന്ധുവില്‍ ഇറങ്ങുമ്പോള്‍ കാല്‍ കോച്ചുന്ന തണുപ്പ്, ഉരുളന്‍കല്ലുകളെ തഴുകി ഒഴുകുന്ന നദിക്ക് വെള്ളയും പച്ചയും ചാലിച്ചൊരു പ്രത്യേക നിറം. അതിങ്ങനെ വളഞ്ഞ് പുളഞ്ഞ് ഒഴുകുകയാണ്. പാകിസ്താനിലേക്കാണ് ഒഴുക്ക്. വിഭജിക്കപ്പെട്ടിട്ടും മുറിവേല്‍ക്കാതെ ഒഴുകുന്നത് ഇത്തരം പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രം
സീറോ പോയിന്റില്‍
ടാക്‌സി ഡ്രൈവര്‍മാര്‍ പിന്നാലെ കൂടിയിട്ടുണ്ട്. സീറോ പോയിന്റില്‍ കൊണ്ടുപോവാം. മഞ്ഞ് കാണിച്ചുതരാം എന്നാണ് പറയുന്നത്. മഞ്ഞ് കാണാനുള്ള ഞങ്ങളുടെ കൊതി അവരെങ്ങനെയോ മനസിലാക്കിയിരിക്കുന്നു. കണ്ടില്ലെങ്കില്‍ പണം തരേണ്ട എന്നു വരെയായി അവരുടെ വര്‍ത്തമാനം. ഒടുക്കം സുമോ ഉറപ്പിച്ചു. അങ്ങിനെ സോനാമാര്‍ഗില്‍നിന്നു സീറോ പോയിന്റിലേക്ക്. സീറോ പോയിന്റ് കഴിഞ്ഞ് വീണ്ടും പോയാല്‍ കാര്‍ഗില്‍ കാണാം. ലഡാക്കിലെത്താം. കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ആലപ്പുഴ മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറാണ്. യുദ്ധഭൂമിയില്‍ മരിച്ച സൈനികരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഭവങ്ങള്‍ മനസിലെത്തി. കൂട്ടത്തില്‍ അമ്പലപ്പുഴയില്‍ ഏതോ ഒരു വീട്ടില്‍ കൈക്കുഞ്ഞിനെ കയ്യിലേന്തി ഭര്‍ത്താവിന്റെ മൃതശരീരം വരുന്നതും കാത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ കണ്ട നിസംഗമായൊരു നോട്ടമുണ്ടായിരുന്നു. വേദനയുടെ ആഴത്തില്‍ നിന്നുയരുന്ന നിസ്സംഗത അന്നാണ് മനസിലായത്.
വഴിക്ക് പട്ടാള യൂണിറ്റുകളും കടന്ന് വണ്ടി മുന്നോട്ട് പോവുമ്പോള്‍ ഞാന്‍ വീണ്ടും അമ്പലപ്പുഴയില്‍ നിന്നീ മലമ്പാതയിലെത്തി. വ്യൂപോയിന്റില്‍ വണ്ടി നിര്‍ത്തി. താഴെ വലിയൊരു തുരങ്കത്തിന്റെ പണി നടക്കുന്നു. യുദ്ധഭൂമികളിലൊന്നായതുകൊണ്ട് തന്നെ തന്ത്രപ്രധാനമാണ് ഇവിടുത്തെ ഓരോ നിര്‍മാണവും. പൂര്‍ത്തിയാവുന്നതോടെ സൈനികനീക്കമടക്കം പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന നിര്‍മാണങ്ങള്‍. റോഡ് ആണെങ്കില്‍ ഹിമാലയന്‍ മലനിരയില്‍ പറ്റിപിടിച്ചു കിടക്കുന്ന ഒരു നാടപോലെ. എളുപ്പം ഇടിയാവുന്ന രീതിയിലുള്ള മണ്ണാണ്. ചിലയിടത്ത് വീതി കുറവാണ്. ഡ്രൈവര്‍മാര്‍ പക്ഷെ അനായാസം വണ്ടിയോടിക്കുന്നു. ലോറികളും ടാറ്റാ സുമോകളും അനുസ്യൂതം പോയ് കൊണ്ടിരിക്കുകയാണ്. സോജിലാപാസ് എന്ന പാതയാണിത്. അത് സീറോ പോയിന്റിലെത്തി.
ഇഗ്ളുഗുഹയില്‍
അതാ ആ കാണുന്നതാണ് മഞ്ഞ്. ദൂരെ മലനിരകള്‍ക്കിടിയിലെ കറുത്തൊരിടം കാണിച്ച് ഡ്രൈവര്‍ പറഞ്ഞു. ഞങ്ങള്‍ മഞ്ഞിനെ ഒന്ന് തൊടാമെന്നു കരുതി മെല്ലെ അങ്ങോട്ട് നടന്നു. ഓള്‍ ടെറാന്‍ വെഹിക്കിള്‍സ് റൈഡിന് ക്ഷണിച്ചുകൊണ്ട് ചുറ്റി കറങ്ങുന്നുണ്ടായിരുന്നു. കുന്ന് കയറി മഞ്ഞുമല കണ്ടു. പൊടിയടിച്ച് കറുത്ത ഭാഗം നീക്കി ഇച്ചിരി കയ്യില്‍ വാരി തണുപ്പറിഞ്ഞു. കൊള്ളാം. മൊത്തം മഞ്ഞണിയുന്ന കാലത്ത് നമുക്ക് ഇങ്ങിനെ നഗ്നമായ കൈ കൊണ്ട് ഇത് വാരാന്‍ പറ്റിയെന്നു വരില്ല. ആ കാലത്ത് സീറോ പോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ പോലുമാവില്ല. മലനിരകള്‍ക്കിടയില്‍ ഉറഞ്ഞ മഞ്ഞുപാളികള്‍ ഉള്ളില്‍ നിന്നുരുകി ഒഴുകുകയാണ്. ദുഃഖം പുറത്ത് കാട്ടാതെ ചിരിക്കുന്ന മനുഷ്യനെ പോലെ...
മെല്ലെ നടന്നപ്പോള്‍ ഗുഹപോലെ ആയ ഒരിടം കണ്ടു. അകത്ത് നൂഴ്ന്ന് നടക്കാം. നല്ല തണുപ്പ്. ഉരുകിയൊഴുകുന്ന മഞ്ഞ് അരുവിയായി ഉരുളന്‍കല്ലുകളെ തഴുകി താഴ്‌വരയിലേക്ക് ഒഴുകുന്നു. മഞ്ഞടരുകള്‍ മുകളില്‍ റ ആകൃതിയില്‍ തീര്‍ത്ത ഡിസൈന്‍ കണ്ടാല്‍ മനസിലൊരു ഹായ് വിടരും. ഇഗ്‌ളുവില്‍ എക്‌സിമോകള്‍ ഇങ്ങിനെയായിരിക്കും താമസിക്കുക എന്നു തോന്നി. മഞ്ഞിന്‍ ഗുഹയ്ക്കകത്ത് നൂണ്ട് സഞ്ചരിക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ തെന്നുവണ്ടിയില്‍ ആളുകള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. വല്ലോം ഇടിഞ്ഞുവീണ് മഞ്ഞില്‍ പുതഞ്ഞുപോവുമോ എന്നൊരാശങ്കയുണ്ടായിരുന്നെങ്കിലും ഈ മഞ്ഞ് അത്ര നിസ്സാരനല്ലെന്ന് ഓര്‍ത്തു. ടൈറ്റാനിക്കിനെ തകര്‍ത്തത് ഇവനെപോലൊരു മഞ്ഞുമലയാണല്ലോ. മുകളില്‍ കയറി തെന്നുവണ്ടിയിലൊരു സഞ്ചാരവും കഴിഞ്ഞ് താഴോട്ടിറങ്ങി. അവിടെ മാഗിയും ഓംലറ്റും തയ്യാറാക്കുന്ന കടകള്‍ സജീവമാണ്. നല്ല ചൂടോടെ, എരിവോടെ മാഗി തട്ടിയപ്പോള്‍ ഒന്നു ഉഷാറായി. കശ്മീരി കാവയും കുടിച്ചു അവിടെ നിന്നിറങ്ങി. കശ്മീരിന്റെ അതിരിനെ തൊട്ടു. അവിടെനിന്ന് ലഡാക്ക് മേഖല തുടങ്ങുകയാണ്. സമുദ്രനിരപ്പില്‍നിന്ന് 11,464 അടി ഉയരെ. അത് രേഖപ്പെടുത്തിയ ബോര്‍ഡിനരികില്‍ നിന്നൊരു ഫോട്ടോയെടുത്തു. താഴ്വരയില് പറ്റിപ്പിടിച്ച പച്ചപ്പ് തിന്നുന്ന ചെമ്മരിയാടിന്‍ കൂട്ടം മറ്റൊരു പുല്‍മേട് പോലെ. ഇടയനായ അബ്ദുള്ളക്കൊപ്പം ഒരു ഫോട്ടോയെടുത്ത് വീണ്ടും ശ്രീനഗറിലേക്ക് യാത്ര.
പൂമൈതാനത്ത്
പിറ്റേ ദിവസം ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിലേക്കായിരുന്നു. 40 കിലോ മീറ്റര്‍. ആപ്പിള്‍തോട്ടങ്ങളും നെല്‍വയലുകളും വഴിയോരകാഴ്ചകള്‍. ചുരം കയറും മുമ്പുള്ള പട്ടണമാണ് ടാങ്മാര്‍ഗ്. അവിടെനിന്നാണ് കോട്ടും ബുട്ടും വാടകയ്ക്ക് എടുക്കേണ്ടത്. അത് മഞ്ഞുകാലത്തേക്ക് മാത്രം. ഇപ്പോ സാധാരണ വസ്ത്രം തന്നെ മതി. പൂമൈതാനം എന്നാണ് ഗുല്‍മാര്‍ഗിനര്‍ഥം. ജഹാംഗീര്‍ ഇവിടെനിന്നു 21 തരം വന്യപുഷ്പങ്ങള്‍ മുഗള്‍ പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയിരുന്നെന്നു കഥയുണ്ട്. കപ്പ് ഷേപ്പിലുള്ള താഴ്‌വരയാണിത്. ശൈത്യകാല കായിക വിനോദങ്ങളുടെയും കേന്ദ്രവും ഒപ്പം മഞ്ഞുറഞ്ഞ മേഖലകളിലെ യുദ്ധപരിശീലനക്കളരിയും ഇവിടെയുണ്ട്. മഹാറാണി ക്ഷേത്രവും സെന്റ് മേരീസ് പള്ളിയും കാണാം.
ഗൊണ്ടോള യാത്ര ആദ്യം കോങ്ദൂരിയിലാണ് എത്തുന്നത്. 2600 മീറ്റര്‍ ഉയരത്തില്‍. രണ്ടാം ഘട്ടം അപ്പര്‍വാത് കൊടുമുടിയിലേക്കാണ്. 3080 മീറ്റര്‍. ശൈത്യകാലത്ത് മുഴുവന്‍ മഞ്ഞുറഞ്ഞ് ധവളസമുദ്രം പോലെ കിടക്കുന്ന ഇവിടം മറ്റൊരു വിസ്മയലോകമാണ്. ഇപ്പോള്‍ ഒരു തുള്ളി മഞ്ഞ് പോലും കാണാനില്ല. കേബിള്‍കാറില്‍ കയറി. താഴവരകള്‍ കണ്ട് ആകാശത്ത് തൂങ്ങിയാടി പോവാം. ടിക്കറ്റ് കൗണ്ടറിലേക്കുള്ള ഒരു കിലോ മീറ്റര്‍ നടക്കാന്‍ വയ്യെങ്കില്‍ കുതിരയുണ്ട് വണ്ടികളുണ്ട്. അതിനായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നവരും. വിശാലമായ താഴ്‌വര തന്നെ ഒരു കാഴ്ചയാണ്. സ്തൂപിതാഗ്രിത ദേവാലയവും താഴ്‌വരയിലെ ഒറ്റപ്പെട്ടൊരു കോട്ടേജും, മഞ്ഞുരുകി ഒഴുകി തെളിഞ്ഞ മലനിരകളില്‍ കണ്ണീര്‍ചാലുപോലെ പാടുകളും. താഴെ നിറമേകി നില്‍ക്കുന്ന മഞ്ഞപ്പൂക്കളും മനസിന്റെ ചിത്രപടങ്ങളില്‍ കോറിയിട്ടു. ആകാശതൊട്ടിലില്‍ അമ്മാനമാടിക്കൊണ്ടൊള്ള യാത്ര. താഴെ വീടുകള്‍ കാണാം. മണ്ണിട്ട് പുല്ല് നിരത്തിയ മേല്‍ക്കൂരകള്‍. മഞ്ഞ് കാലത്ത് ഇവിടം മുഴുവന്‍ പാലാഴി പോലെ കിടക്കും. ഇപ്പോള്‍ മരങ്ങള്‍ കാണുന്നുണ്ടല്ലോ. അപ്പോള്‍ മരങ്ങള്‍ അടക്കം മഞ്ഞണിഞ്ഞാവും കിടക്കുക. നേരത്തെ വന്ന ഹംസക്ക പറഞ്ഞു.
കേബിള്‍ കാര്‍ ഗൊണ്ടോള സ്റ്റേഷനിലെത്തി. അവിടെയിറങ്ങി വിശാലമായ പ്രകൃതിയിലേക്ക് നടന്നു. രണ്ടാം ഘട്ട ഗൊണ്ടോള റൈഡ് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അറ്റകുറ്റപണികളാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം. ആള്‍ ടറൈന്‍ വെഹിക്കിള്‍ അവിടെയും ഉണ്ട്. വേണമെങ്കില്‍ അതിലൊരു യാത്രയാവാം. മഞ്ഞില്ലാത്ത ഗുല്‍മാര്‍ഗ് അത്ര രസം പകരില്ല. അടുത്ത മഞ്ഞുകാലത്ത് വീണ്ടും വരാമെന്ന് ഗുല്‍മാര്‍ഗിന്റെ കാതില്‍ സ്വകാര്യം പറഞ്ഞ് ഞങ്ങള്‍ ഗൊണ്ടോളയിറങ്ങി. ശ്രീനഗറിലേക്കുള്ള വഴിയില്‍ വീണ്ടും ഒരു ആപ്പിള്‍തോട്ടത്തില്‍ കയറി. അവിടെ കിലോയ്ക്ക് 2500 രൂപ വിലയുള്ള ആപ്പിളിനെ പരിചയപ്പെട്ടു. ബ്ളാക്ക് ആപ്പിള്‍, കയറ്റുമതിക്കാണത്രെ. വ്യത്യസ്തമായ ഒട്ടേറെ ആപ്പിള്‍ ഇനങ്ങള്‍ കണ്ട് തോട്ടത്തിന്റെ പിന്നാമ്പുറത്തെത്തിയപ്പോള്‍ കണ്ണെത്താ ദൂരം പടര്‍ന്നു കിടക്കുന്ന നെല്‍വയല്‍. സ്വര്‍ണകതിരണിഞ്ഞ് കാറ്റിലാടി ഉല്ലസിക്കുന്നു. വയല്‍വരമ്പിലൂടൊരു കശ്മീരി സുന്ദരിയും നടന്നു പോയി. അടുത്തത് കശ്മീരിന്റെ കരകൗശലലോകം ആയിരുന്നു. പശ്മിനി ഷാള്‍ അടക്കം അതില്‍ ബഹുവര്‍ണങ്ങള്‍ നെയ്യുന്ന കലാകാരന്മാര്‍. വിവിധ കരകൗശല ഉത്പന്നങ്ങള്‍. തീര്‍ച്ചയായും കണ്ട് അറിയേണ്ടൊരു ലോകം.
നൗകകള്‍ നീന്തും ദാല്‍ തടാകത്തില്‍
ശ്രീനഗറിലെത്തിയപ്പോഴേക്കും സായാഹ്നമായിരുന്നു. ദാല്‍ തടാകത്തിലെ വെള്ളിയോളങ്ങളില്‍ ബഹുവര്‍ണ ഷിക്കാരകള്‍ തുഴയെറിയുന്നു. സഞ്ചാരികള്‍ ഒഴുകുകയാണിവിടെ. കൂട്ടത്തിലേക്ക് ഞങ്ങളും ഒഴുകിയെത്തി. എല്ലാ ദേശവും കൂടിയായപ്പോള്‍ ദാല്‍ ഇന്ത്യയുടെ പരിഛേദമായി. അബു ഞങ്ങളേയും കൊണ്ട് തുഴയാന്‍ തുടങ്ങി. ചായയുമായി ഒരു വള്ളം അടുത്തെത്തി. കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന വള്ളം വന്നു. കശ്മീരി വേഷം കെട്ടി ഫോട്ടോ എടുക്കാനുള്ള ഫോട്ടോഷൂട്ട് ടീമും എത്തി. എല്ലാവരോടും കുശലം പറഞ്ഞും മരത്തില്‍ തീര്‍ത്തൊരു കൗതുകമുള്ള പഴക്കൂടവാങ്ങിയും മുന്നോട്ട്. മീനാ ബസാറില്‍ വള്ളം അടുപ്പിച്ചു. ബസാറിലെ കടകളില്‍ കയറി ചുമ്മാ നോക്കി. തിരിച്ചു വരുംവഴി പുല്‍ത്തുരുത്തുകളും അതിലെ പക്ഷികളേയും കണ്ടു. വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന കുടുംബത്തെ കണ്ടു. ഡിസംബറില്‍ ദാല്‍ ഉറയുമെന്നും അപ്പോള്‍ നടന്നുപോവാറുണ്ടെന്നും അബു പറഞ്ഞു. തടാകത്തിന്റെ കരകളിലായി 30,000 കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാവരും വിനോദസഞ്ചാരികളെ കൊണ്ടാണ് ജീവിക്കുന്നത്. ഹൗസ്ബോട്ടുകള്‍ ധാരാളമായി നിര്‍ത്തിയിട്ടുണ്ട്. അതിലേക്ക് ഷിക്കാരകളില്‍ താമസക്കാരെത്തുന്നതും കണ്ടു. ഹൗസ്ബോട്ടുകള്‍ സഞ്ചരിക്കുന്നവയല്ല. നങ്കൂരമിട്ടിടത്തു തന്നെയാണ് അവ എപ്പോഴും.
ഒഴുകുന്ന പോസ്റ്റോഫീസില്‍
കാഴ്ചകള്‍ കണ്ട് കരയിലിറങ്ങി നടന്നു. ഇന്ത്യയിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് ഇവിടെയുണ്ടെന്ന് കേട്ടിട്ടുണ്ടായിരുന്നു. അതൊന്നു കാണണമെന്ന് കരുതി ഗൂഗിളമ്മായിയോട് ചോദിച്ചു. 600 മീറ്റര്‍ നടന്നാല്‍ മതിയെന്നു കണ്ട് അങ്ങോട്ട് വെച്ചുപിടിച്ചു. വെള്ള പുരത്തോണി. മുകളില്‍ പോസ്റ്റോഫീസിന്റെ മുദ്ര. ഒഴുകുന്ന പോസ്റ്റോഫീസ് എന്നു പേരുമാത്രം. അതും കെട്ടിയിട്ടിടത്ത് ഉറച്ചു നില്‍ക്കുന്നതാണ്. അനങ്ങില്ല.
ശങ്കരാചാര്യവഴിയില്‍
തിരിച്ച് മുറിയിലെത്തി വിശ്രമം. പിറ്റേ ദിവസം രാവിലെ വീണ്ടും ദാല്‍ ലേക്കിനടുത്ത് കൂടി ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലേക്ക്. ചുരം കയറുന്നിടത്ത് ചെക്കിങ് ഉണ്ട്. മലയാളികളാണെന്നു കണ്ടതുകൊണ്ട് വലിയ ചെക്കിങ് ഉണ്ടായില്ല. ശങ്കരാചാര്യരുടെ നാട്ടുകാരായതിന്റെ ആനുകൂല്യമാണോ, വലിയ പ്രശ്നക്കാരല്ലെന്ന തോന്നലോ എന്തോ. ഏതായാലും മുകളില്‍ എത്തി. വണ്ടിയിറങ്ങി പടികള്‍ കയറണം. ഭാരമില്ലാത്തതിന്റെ സൗകര്യം അപ്പോഴാണ് അറിഞ്ഞത്. ഞങ്ങള്‍ നാലു പേരും കാറ്റുപോലെ മേലേക്ക് കയറി. കൂടെയുള്ള തടിയുള്ളവര്‍ പാടുപെട്ടും കിതച്ചും കയറിവരുമ്പോഴേക്കും കാഴ്ചകള്‍ കണ്ട് ഞങ്ങളിറങ്ങിയിരുന്നു. മുകളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ ദാല്‍ തടാകത്തിന്റെ വിവിധ ഭാവങ്ങള്‍ കാണാമായിരുന്നു. കാലങ്ങളായി നിര്‍ത്തിയിട്ട് ഉറഞ്ഞുപോയ പുരത്തോണികള്‍, ദ്വീപുകള്‍, ഉറുമ്പുകള്‍ ഇഴയും പോലെ ഷിക്കാരകളും. ഒട്ടും യാത്രാസൗകര്യമില്ലാത്ത കാലത്ത് കേരളത്തില്‍നിന്നും ഇവിടെയെത്തി ക്ഷേത്രം പണിത ശങ്കരാചാര്യരിലെ സഞ്ചാരിയെ കുറിച്ചായിരുന്നു മനസില്‍.
താഴെയെത്തി ചെറിയൊരു ഷോപ്പിംഗും നടത്തി ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക്. മൂന്നു മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തിലെത്തണമെന്നാണ് കണക്ക്. കാരണം മറ്റിടങ്ങളിലെ വിമാനത്താവളം പോലെയല്ല. ശ്രീനഗര്‍. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതലാണ്. ജാഗ്രതയാണ്. കിലോ മീറ്റര്‍ ഇപ്പുറം ആദ്യത്തെ ചെക്പോസ്റ്റ് വരും. അവിടെ സാധനങ്ങളെല്ലാം ഇറക്കി സ്‌കാന്‍ ചെയ്ത് നമ്മളേയും സ്‌കാന്‍ ചെയ്ത് വീണ്ടും വണ്ടിയില്‍ കയറ്റിവേണം പോകാന്‍. എല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറി. മെല്ലെ പൊങ്ങി പറക്കാന്‍ തുടങ്ങുമ്പോഴേക്കും ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. വെണ്‍മേഘങ്ങള്‍ മഞ്ഞുപോലെ പരന്നു കിടന്നയിടം കണ്ടപ്പോള്‍ വീണ്ടും മഞ്ഞുകാലത്ത് വരണമെന്ന മോഹമുണര്‍ന്നു. പൊങ്ങി പറന്നപ്പോള്‍ മുകളില്‍ കാര്‍മേഘങ്ങള്‍. മിന്നല്‍ പൊഴിച്ച് മേഘസ്തൂപങ്ങള്‍. സീറ്റ് ബെല്‍റ്റ് മുറുക്കിക്കൊള്ളാന്‍ നിര്‍ദ്ദേശം. കാഴ്ചകളുടെ ഉത്സവം തീര്‍ക്കുന്ന ആകാശത്ത് കണ്ണും നട്ടു, മനസിലൊരു മഞ്ഞുകാലം നോറ്റ് പതിയെ ഉറക്കത്തിലേക്ക്...
Content Highlights: kashmir travel travelogue
Published: 24 Feb 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented