കൊങ്കണ്‍ പാതയിലേക്ക് ചൂളം വിളിച്ചുപോകുന്ന തീവണ്ടി മലയാള ഭാഷയുടെ അതിരുകടക്കുന്ന സ്ഥലം അല്ലെങ്കില്‍ പന്‍വേല്‍ മലകയറി ഉത്തേരന്ത്യന്‍ തീക്കാറ്റുമായി ഓടിയെത്തുന്ന വണ്ടി മലയാള സുഗന്ധം ആവാഹിക്കുന്ന ഇടം. ഇതായിരിക്കാം ഈ യക്ഷഗാന ഭൂമിക ചിലര്‍ക്കെല്ലാം. പച്ചപരപ്പുകളെയും കടലിനെയും കാഴ്ചകളില്‍ നിന്നും മായതെ നിര്‍ത്തി കാലത്തെ തോല്‍പ്പിക്കുന്ന അനേകം ചരിത്ര സ്മാരകങ്ങളുടെയും പ്രകൃതി രമണീയതയുടെയും സ്വന്തം നാടുകൂടിയാണിത്. തെയ്യങ്ങള്‍ പുറപ്പെടുന്ന ചെറിയ ഗ്രാമങ്ങള്‍ കൊണ്ടും മാലിക് ദിനാര്‍ ഉല്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായൊരു ഭൂമേഖല. ഭാഷ സംസ്‌കൃതികള്‍ ഇഴപിരിയുന്ന നാട്ടില്‍ ചന്ദ്രഗിരിപ്പുഴ ഇടമുറിയാതെ ഒഴുകുകയാണ്... ദേശാന്തരങ്ങളിലേക്ക് പുറപ്പെടുന്ന ഈ ഒഴുക്കിന് ചരിത്രം സാക്ഷി നില്‍ക്കുന്നു.
ചന്ദ്രഗിരി പുഴയുടെ തീരത്ത് കന്നഡ നാടിന്റെ സാമിപ്യവുമായി മലയാളത്തിന്റെ സ്വന്തം കാസര്‍കോട്. സപ്തഭാഷ സംഗമഭൂമി എന്ന് പുകള്‍പെറ്റ കാസര്‍കോട് സഞ്ചാരികളെ വരവേല്‍ക്കുകയാണ്. കടലിന്റെ കാറ്റുമായി തീരം പച്ചപ്പണിഞ്ഞ് നില്‍ക്കുമ്പോള്‍ വടക്കന്‍ നാടിന്റെ താളവുമായി ഭാഷകള്‍ ഇവിടെ സംഗമിക്കുന്നു. ഓരോ സഞ്ചാരിയും കാണാന്‍ മനസ്സില്‍കുറിച്ചിടുന്ന വടക്കേമലബാറിലെ പ്രമുഖ വിനോദ കേന്ദ്രങ്ങള്‍ കാസര്‍കോടിന്റെ സംഭാവനയാണ്. തെയ്യങ്ങള്‍ ഉറഞ്ഞുതുള്ളുന്ന നാട്ടുവഴികളും അമ്പലങ്ങളും ഈ നാടിന് പേരു നല്‍കിയിരിക്കുന്നു.. ദൈവത്തിന്റെ സ്വന്തം നാട്. ഒമ്പതാം നൂറ്റാണ്ടിനും പതിനാലും നൂറ്റാണ്ടിനുമിടയില്‍ ഒട്ടേറെ അറബ് സഞ്ചാരികള്‍ ഈ തീരത്ത് കപ്പലിറങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും തുടങ്ങിയ വ്യാപാര വിനിമയങ്ങള്‍ കാസര്‍കോടിന്റെ സമൃദ്ധിയുടെ അടയാളങ്ങളാണ്. ലോര്‍ഡ് വെല്ലസ്‌ളിയുടെ ഭിഷഗ്വരനായ ഫ്രാന്‍സിസ് ബുക്കാനന്‍ അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കാസര്‍ഗോഡിനെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അറുപത്തിനാലോളം തുളു മലയാളം ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കുമ്പള രാജവംശത്തിന്റെ ഈ നാട്. 12 നദികളും കടല്‍ത്തീരങ്ങളും വനവും പാടങ്ങളുമായി കേരളത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ കാസര്‍കോട് ഏവരെയും സ്വാഗതം ചെയ്യുന്നു.
കേരള വിനോദ സഞ്ചാര വകുപ്പ് ഈ വര്‍ഷം വിസിറ്റ് കേരള പദ്ധതി ടൂറിസ്റ്റുകള്‍ക്കായി തയ്യാറാക്കിയതോടെ എല്ലാ സീസണിലും വിദേശ അഭ്യന്തര ടൂറിസ്റ്റുകള്‍ ഇവിടേക്ക് കൂടുതലായി വിരുന്നെത്തുകയാണ്. വിനോദ കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമെല്ലാം കൈകോര്‍ത്താണ് വിസിറ്റ് കേരള പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കുന്നത്. കോട്ടകളുടെ നാട് എന്നാണ് വിശേഷണം. കടലിന്റെ കാണാക്കയങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന ബേക്കല്‍ കോട്ട കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം തേടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചരിത്രം കുളമ്പടികള്‍ നല്‍കിയ കോട്ടകൊത്തളങ്ങളില്‍ ഇപ്പോള്‍ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല. 1992 ലാണ് ബേക്കലിനെ സ്‌പെഷ്യല്‍ ടൂറിസം ഏരിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 1995 ല്‍ ബേക്കലിനെ അന്താരാഷ്ട്ര വിനോദ കേന്ദ്രമാക്കിമാറ്റാനുള്ള നടപടികള്‍ പുരോഗമിച്ചു. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിതമായതോടെ സഞ്ചാരികളുടെ വരവില്‍ വന്‍ വർധനവാണ് ഇപ്പോഴുള്ളത്. നാലര ലക്ഷത്തോളം സഞ്ചാരികളാണ് ഇവിടെ വര്‍ഷത്തില്‍ എത്തുന്നത്. അടിസ്ഥാന സൗകര്യ വികസനമാണ് ബേക്കലിന്റെ മുഖം മാറ്റിയത്.
കഥപറയുന്ന കോട്ടകള്‍
എ.ഡി.1650 ല്‍ ശിവപ്പനായ്ക്കയാണ് ബേക്കല്‍ കോട്ട നിര്‍മ്മിച്ചത്. പെരുമാള്‍ കാലഘട്ടത്തില്‍ ബേക്കല്‍ മഹോദയ പുരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് മൂഷിക രാജവംശത്തിന്റെ കീഴിലായി. തുളുനാടിന്റെ ഭാഗമായിരുന്നു ബേക്കല്‍ കോട്ടയുടെ നാവികപരമായ പ്രാധാന്യം തിരിച്ചറിഞ്ഞത് കോലത്തിരി രാജവംശമായിരുന്നു. രാജ്യത്തെ തന്നെ പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കോട്ടകളില്‍ പ്രധാനപ്പെട്ടതാണ് ബേക്കല്‍ കോട്ടയെന്നും ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തുന്നു. കടല്‍ വഴി എത്തുന്ന ശത്രുക്കളെ ചെറുക്കാന്‍ പീരങ്കികളും നിരീക്ഷണ ടവറുകളുമൊരുക്കി അഴിമുഖത്ത് നിലയുറപ്പിക്കുകയായിരുന്നു ഈ കോട്ട. മലബാര്‍ പിടിച്ചെടുക്കാനുള്ള ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ കോട്ടയെ ലക്ഷ്യമാക്കിയാണ് ആദ്യമെത്തിയത്. 1799ല്‍ ടിപ്പുവിന്റെ പതനത്തിനു ശേഷം ഈ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ബോംബൈ പ്രസിഡന്‍സിയുടെ ഭാഗമായുള്ള സൗത്ത് കാനറയുടെ ആസ്ഥാനമായി ബേക്കല്‍ താലുക്ക് രൂപവത്കരിച്ചതും ബ്രിട്ടീഷുകാരാണ്. പിന്നീട് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി. അതിനും ശേഷം 1956 ല്‍ കാസര്‍ഗോഡ് കേരളത്തിന്റെ ഭാഗമാവുകയായിരുന്നു. ഇത്തരത്തില്‍ ചരിത്രം അകമ്പടി നല്‍കിയ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യമായിട്ടുണ്ട് ഈ കോട്ടകൊത്തളങ്ങള്‍.

തുളുനാടിന്റെ ഭാഷ സംസ്‌കൃതിയും മലയാളവും ഇഴപിരിയുന്ന നാടിന് ബേക്കലിന്റെ തീരങ്ങള്‍ സ്വാഗതമരുളി. പുകഴ് പെറ്റ സംസ്‌കാരത്തിന് ഇടം നല്‍കിയ അഴിമുഖമാണ് ബേക്കലെന്ന് ചരിത്രകാരന്‍മാരും വിലയിരുത്തുന്നു. ഒട്ടനവധി സിനിമകളുടെ പ്രിയ ലൊക്കേഷനായ ബേക്കലിന് ബീച്ച് മനോഹാരിത നല്‍കുന്നു. പച്ചവിരിച്ച നടപ്പാതകളും പൂന്തോപ്പുമായി ഉല്ലാസ കേന്ദ്രം ഉണര്‍ന്നതോടെ ഇവിടെ നിന്നുമുള്ള ചെഞ്ചായങ്ങള്‍ വിതറുന്ന സായാഹ്ന കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കും. കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളും അമ്യൂസ്‌മെന്റുകളും ഒരുക്കിയതിനാല്‍ ചില്‍ഡ്രന്‍സ് ഏരിയ ആഹ്ലാദത്തിലാണ്.

ബേക്കലില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയാണ് ചന്ദ്രഗിരി പുഴയുടെ തീരത്തുള്ള ചന്ദ്രഗിരിക്കോട്ട. സംസ്ഥാന പുരാവസ്തു വകുപ്പാണ് ഈ കോട്ടയുടെ സംരക്ഷകര്‍. പൗരാണികമായ പ്രൗഢിയാണ് ഈ കോട്ടയെ വ്യതസ്ഥമാക്കുന്നത്. വിദൂരത്തേക്ക് നീണ്ടുപോകുന്ന ചന്ദ്രഗിരി പുഴ ഇവിടെ നിന്നുമുള്ള മനോഹരമായ കാഴ്ചയാണ്. തെങ്ങിന്‍ തോപ്പുകളുടെ സമൃദ്ധിയില്‍ തീരങ്ങളെ തഴുകി ഇഴഞ്ഞുപോകുന്ന പുഴ നീലിമയാര്‍ന്ന ദൃശ്യമാണ്. സൂര്യോദയവും അസ്തമയവുമെല്ലാം ഒരുപോലെ ഹൃദ്യമാകുന്ന ഇവിടെ സഞ്ചാരികളുടെ വിരുന്നാണ്. പ്രാദേശിക ഭൂപടത്തില്‍ മാത്രം ഒതുങ്ങി നിന്ന കനവുകള്‍ ദേശത്തിന്റെ അതിരുകടന്ന് പറക്കുകയാണ്. ഇന്നിപ്പോള്‍ ചന്ദ്രഗിരിയുടെ മകളില്‍നിന്നും താഴ്‌വാരത്തിലേക്ക് കണ്ണുപായിക്കാന്‍ മാത്രം ദൂരെ നിന്നും വിരുന്നെത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. പതിനേഴാം നൂറ്റാണ്ടിലാണ് ചന്ദ്രഗിര കോട്ടയുടെയും നിര്‍മ്മിതി.
യക്ഷഗാന ഭൂമിക

ബേക്കലില്‍ നിന്നും മുപ്പത് കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിച്ചാല്‍ മറ്റൊരു വിനോദ കേന്ദ്രമായ വലിയ പറമ്പ് ദ്വീപ് സമൂഹം കാണാം. നിത്യഹരിതമായ പച്ചത്തുരുത്താണിത്. ഗ്രാമീണ ടൂറിസത്തിന്റെ ഉത്തമ മാതൃകയാണ് ഈ ദ്വീപൂകള്‍ പങ്ക് വെക്കുന്നത്. ജൈവവൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇടയിലക്കാട്. പരമ്പരാഗതമായ കല്ലുമ്മക്കായ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമവാസികളുടെ സങ്കേതം കൂടിയാണിത്. ഉത്തരവാദിത്ത ടൂറിസത്തിനും ഈ പ്രദേശത്തിന് അനന്തസാധ്യതകളാണുള്ളത്.
നീലേശ്വരം കോട്ടപ്പുറത്ത് നിന്നും തുടങ്ങി കവ്വായ് വരെ നീളുന്ന ജലപാതയാണ് കാസര്‍ഗോഡിന്റെ മറ്റൊരു ആകര്‍ഷണം. വിശാലമായ കായല്‍പ്പരപ്പിലൂടെയുള്ള ബോട്ടുയാത്ര ആഭ്യന്തര സഞ്ചാരികള്‍ക്ക് പോലും പ്രിയപ്പെട്ടതാണ്. കോട്ടപ്പുറം ടെര്‍മിനലില്‍ ബി.ആര്‍.ഡി.സി രണ്ട് ഹൗസ് ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ പന്ത്രണ്ടോളം ഹൗസ് ബോട്ടുകള്‍ ഇവിടെയുണ്ട്. മലബാറിലെ പ്രധാനപ്പെട്ട ബോട്ടുസവാരിയായി ഇത് അറിയപ്പെടുന്നു. ഉഷ്ണക്കാറ്റ് വീശുന്ന കര്‍ണ്ണാടകയില്‍ നിന്നും തിരക്കുകള്‍ക്കെല്ലാം അവധി പറഞ്ഞ് എത്തുന്ന സഞ്ചാരികള്‍ക്ക് ഇതെല്ലാം അവിസ്മരണീയമായ അനുഭവമാണ്.

വിനോദ സഞ്ചാരവികസനത്തിന്റെ ഭാഗമായി ബേക്കലില്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരുങ്ങുകയാണ്. 90സെന്റ് സ്ഥലമാണ് ഇതിനായി ടൂറിസം വകുപ്പ് ഏറ്റെടുത്തത്. സാംസ്‌കാരിക സമുച്ചയമാണ് ഇവിടെ ഉയര്‍ന്നു വരിക. കേരളത്തിന്റെ തനത് കലകളെ പരിചയപ്പെടുത്തുന്നതിനായി ഈ കേന്ദ്രത്തെ മാറ്റും. കാസര്‍ഗോഡിന്റെ കലാരൂപമായ യക്ഷഗാനവും തെയ്യവും ആമലക്കളിയും ദഫ്മുട്ടും മംഗലംകളിയുമെല്ലാം പുതുതലമുറക്ക് ഇവിടെ നിന്നും പരിചയപ്പെടാം. കലാകാരന്‍മാരുമായുള്ള മുഖാമുഖത്തിനുള്ള ആഫി തീയ്യേറ്റര്‍ ഓഡിറ്റോറിയം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉയരും. തെയ്യമാണ് കാസര്‍കോഡിന്റെ വിശേഷമായ കലാരൂപം. വിദേശികള്‍ ഉള്‍പ്പെടയുള്ളവര്‍ ഈ കലാരൂപത്തെക്കുറിച്ച് പഠിക്കാന്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് കൂടി സൗകര്യപ്പെടുന്ന വിധത്തില്‍ കള്‍ച്ചറല്‍ സന്റെര്‍ രൂപകല്പ്പന ചെയ്തിരിക്കുന്നത്.
യക്ഷഗാനത്തിന് ബയലാട്ടം എന്നൊരു പേര് കൂടിയിട്ടുണ്ട്. കലയും ആചാരങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് യക്ഷഗാനത്തിന്റെ ദൗത്യം. നാനൂറോളം വര്‍ഷങ്ങളുടെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. വൈഷ്ണവ ഭക്തിയാണ് ഇതില്‍ മുഖ്യപ്രചോദനം. നിറപ്പകിട്ടാര്‍ന്ന വേഷങ്ങള്‍ അണിഞ്ഞ് കലാകാരന്‍മാരന്‍മാര്‍ നൃത്തരൂപത്തില്‍ യക്ഷഗാനം അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ കലാരൂപത്തിന്റെ അകമ്പടി വാദ്യങ്ങള്‍ ഇലത്താളം, ചെണ്ട, തൊപ്പി, മദ്ദളം, ചേങ്ങില എന്നിവയാണ്.

മാനം മുട്ടെ വളര്‍ന്ന മാടത്തുമല സാഹിസികരായ സഞ്ചാരികളെ മാടിവിളിക്കുകയാണ്. കടലും കായലും നല്‍കാത്തത് ഈ ഗിരിനിരകളും സഞ്ചാരികള്‍ക്ക് നല്‍കും. ചെര്‍ക്കള ബോവിക്കാനം റൂട്ടില്‍ റാണിപുരത്തുമെത്താം. സദാസമയം കാറ്റുവീശുന്ന ഈ പ്രകൃതിയുടെ മടിത്തട്ടില്‍ സഞ്ചാരികള്‍ക്ക് മനം കുളിര്‍പ്പിക്കാം. ഹോസ്ദുര്‍ഗ് ഫോര്‍ട്ട് മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ്. ഇതിനു സമീപമുള്ള കര്‍പ്പൂരേശ്വര അമ്പലം അറിയപ്പെടുന്ന തീര്‍ത്ഥാടക കേന്ദ്രമാണ്. കമ്മാട്ടം കാവ്, മധൂര്‍ ശിവക്ഷേത്രം എന്നിവയും കാസര്‍കോഡിന്റെ ആത്മീയ ചൈതന്യമാണ്. പടിഞ്ഞാറിന്റെ തീരത്ത് ഇസ്ലാം മതവിശ്വാസികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് മാലിക് ദിനാര്‍ പള്ളി. തളങ്ങരയിലാണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാലിക ഇബ്‌നു ദിനാറാണ് ഈ പള്ളി പണികഴിപ്പിച്ചെതെന്ന് വിശ്വസിക്കുന്നു. തെരുവത്ത് മോസ്‌കും ജില്ലയില്‍ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്. 1939ല്‍ സ്ഥാപിതമായ നാരമ്പാടി ചര്‍ച്ചും ജില്ലയിലെ പ്രമുഖ കൃസ്ത്യന്‍ ആരാധനാലായമാണ്.

കാസര്‍കോഡിന് കിഴക്ക് മാറി എട്ടുകിലോമീറ്ററോളം സഞ്ചിച്ചാല്‍ മധൂര്‍ ശ്രീമദ് അനന്തേശ്വര വിനായക ക്ഷേത്രമായി. വൃത്താകൃതിയിലുള്ള ചെമ്പടിച്ച മേല്‍ക്കൂരയുള്ള ക്ഷേത്രം കേരളത്തിലെ അറിയപ്പെടുന്ന ആരാധനാലയമാണ്. മധുവഹിനിയെന്ന പുഴയുടെ അരികില്‍ പച്ചവിരിച്ച പാടത്തിന്റെ കാഴ്ചകളുമായാണ് മധുര്‍ ക്ഷേത്രമുള്ളത്. ഇവിടുത്തെ ഉത്സവമായ മൂടപ്പസേവ പ്രസിദ്ധമാണ്. ഗണപതി വിഗ്രഹം അപ്പം കൊണ്ട് മൂടുന്നതാണ് ചടങ്ങ്. വളരെയധികം ചെലവേറിയ ഉത്സവം അവസാനമായി നടന്നത് 1992 ലാണ്. കുമ്പള, അനന്തപുരം തടാക ക്ഷേത്രം, ശിവക്ഷേത്രം, ബേള ചര്‍ച്ച്, റാണിപുരം പടന്നപുഴ എന്നിവയെല്ലാം ഈ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളാണ്. കുമ്പളനാട്ടിലെ പാര്‍ത്ഥിശുഭയാണ് യക്ഷഗാനത്തിന്റെ പിതാവായി കരുതപ്പെടുന്നത്.
മഞ്ചേശ്വരത്തിനും നീലേശ്വരത്തിനുമെല്ലാം ഉപ്പളയ്ക്കുമെല്ലാം പങ്കുവെക്കാന്‍ ഒട്ടേറെ ചരിത്ര കഥകളുണ്ട്. ജില്ലയുടെ സാംസ്‌കാരികഭൂമികയാണിത്. കാലം പുതുമകള്‍ തേടി പായുമ്പോള്‍ ഇവയെല്ലാം പുകഴ്‌പെറ്റ സപ്തഭാഷ സാംസ്‌കാരികതയെ വരും തലമുറയ്ക്കായി കാത്തുവെക്കുകയാണ്.
Content Highlights: kasaragod tourism destinations summer escape
Published: 09 May 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented