സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ വേനല്‍ച്ചൂടില്‍നിന്ന് ആശ്വാസം തേടിയെത്തുന്നവരുടെ തിരക്ക്. ചൂടേറിയ കാലാവസ്ഥയില്‍നിന്ന് കാടിന്റെ കുളിരും കാഴ്ചകളും ആസ്വദിക്കുന്നതിനാണ് സന്ദര്‍ശകരേറെയും എത്തുന്നത്. വിദേശസഞ്ചാരികളുടെ വരവും കൂടിയിട്ടുണ്ട്. 2023 മാര്‍ച്ച് മുതല്‍ ഡിസംബര്‍ 2024 ഏപ്രില്‍ വരെ 36,730 സന്ദര്‍ശകരാണ് എത്തിയിട്ടുള്ളത്. ഇതില്‍ 1055 വിദ്യാര്‍ഥികളും 86 വിദേശികളും ഉള്‍പ്പെടും.

To advertise here,

കഴിഞ്ഞവര്‍ഷംമാത്രം 29,730 പേര്‍ ദേശീയോദ്യാനം സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ 3000, ഫെബ്രുവരിയില്‍ 2300, മാര്‍ച്ചില്‍ 1700 എന്നിങ്ങനെ സന്ദര്‍ശകരുമെത്തി. പ്രതിദിനം നൂറിലധികം പേരെത്തുന്നതായി അധികൃതര്‍ പറഞ്ഞു. 2018-19 ലെ പ്രളയകാലത്ത് റോഡ് തകര്‍ന്നതുമൂലം സന്ദര്‍ശകരുടെ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോവിഡ് കാലത്തും റോഡ് നവീകരണസമയത്തും സൈലന്റ് വാലി അടച്ചിട്ടിരുന്നു. ഇതിനിടെ 11.58 കോടി രൂപയുടെ നവീകരണം നടത്തി. തൂക്കുപാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയാകാനുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി പുതുമോടിയില്‍ തുറന്നത്.

ജീപ്പും സഫാരി ബസും

ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ 20 ജീപ്പുകളിലും ഒരു സഫാരി ബസിലുമാണ് ഗൈഡിനൊപ്പം സഞ്ചാരികളെ ബഫര്‍സോണിലൂടെ 24 കിലോമീറ്റര്‍ ദൂരം കൊണ്ടുപോകുന്നത്. ഇവിടത്തെ പ്രധാന ആകര്‍ഷണീയതയും ഇതാണ്. യാത്രയില്‍ ചിലപ്പോള്‍ വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും. കടുവ, പുള്ളിപ്പുലി, ആന, പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയെയെല്ലാം ഇവിടെ കാണാം.

പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറുപ്രാണികളുടെയും പുഷ്പിതസസ്യങ്ങളുടേയും വൈവിധ്യമാര്‍ന്ന നിരയും ഇവിടെയുണ്ട്. 600 രൂപയാണ് ബസ് യാത്രക്കുള്ള ഫീസ്. ആറുപേര്‍ക്ക് ഇരിക്കാവുന്ന ജീപ്പിന് 3500 രൂപയാണ് നല്‍കേണ്ടത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

താമസിക്കാനും സൗകര്യം

ഭവാനിപ്പുഴയോരത്ത് രണ്ടുപേര്‍ക്ക് താമസിക്കാവുന്ന റിവര്‍ ഹട്ടുണ്ട്. ഒരുദിവസത്തേക്ക് 2500 രൂപയാണ് ഇതിന്റെ ചാര്‍ജ്. അതീവപരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം.

സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16-പേര്‍ക്ക് കിടക്കാനുള്ള ഡോര്‍മെറ്ററിയും സന്ദര്‍ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുമുണ്ട്. പ്രവേശനത്തിനും താമസിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്യണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിപഠനക്യാമ്പിനുള്ള സൗകര്യങ്ങളുമുണ്ട്. ബുക്കിങ്ങിന്: 8589895652. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.