കുളിരുതേടി ഊട്ടിക്കുപോകുന്നവര്‍ ജാഗ്രതൈ. പകല്‍നേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയര്‍ന്ന താപനില. കൊടൈക്കനാലില്‍ തിങ്കളാഴ്ചത്തെ താപനില 26 കടന്നു.
സാധാരണ ഈ കാലയളവില്‍ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാലിക്കുറി കണക്കുകൂട്ടലാകെ പിഴച്ചു. എന്നാല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇത് സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാത്രി മൂടിപ്പുതച്ചുതന്നെ കിടക്കാം. ഊട്ടി പുഷ്പോത്സവം മേയ് 10 മുതല്‍ 20 വരെയാണ്. ഇതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികള്‍ കൂടും. മേയ് ഒന്നുമുതല്‍ തിരക്ക് നിയന്ത്രിക്കാനായി ഊട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൂട് കൂടിയെങ്കിലും വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഊട്ടി തടാകത്തിനടുത്തുള്ള ലോഡ്ജിലെ മാനേജര്‍ ഫക്രുദ്ദീന്‍ പറഞ്ഞു. നിലവില്‍ സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. പുഷ്പോത്സവം തുടങ്ങുന്നതോടെ ഇനിയും കൂടും. ലോഡ്ജുകള്‍ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്ക് ഈടാക്കുന്നത്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നതായി ഊട്ടിയില്‍ ഹോട്ടല്‍ നടത്തിവരുന്ന മലയാളിയായ സക്കീര്‍ പറഞ്ഞു. ടാങ്കര്‍ ലോറിയിലെത്തിക്കുന്ന വെള്ളത്തെയാണ് ഹോട്ടലുകളും മറ്റും ആശ്രയിക്കുന്നത്.
Content Highlights: ooty records its highest temperature
Published: 30 Apr 2024, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented