തൊടുപുഴ: ഇടുക്കിക്ക് ഇനി അവധിദിനങ്ങളുടെ സന്തോഷം. മൂന്ന് പൊതു അവധിദിവസങ്ങൾ ഒരുമിച്ചെത്തിയതോടെ അടിപൊളി മൂഡിലാണ് വിനോദസഞ്ചാരമേഖല. മൂന്നാറും വാഗമണ്ണും തേക്കടിയുമെല്ലാം കാഴ്ച തേടിയെത്തിയവരെക്കൊണ്ട് നിറഞ്ഞു.

To advertise here,

വരുംദിവസങ്ങളിലും പ്രമുഖ കേന്ദ്രങ്ങളിൽ തിരക്കേറും. കുറച്ചുനാളായി മന്ദതയിലായ ടൂറിസം രംഗത്തിനും ഇത് വലിയ ആശ്വാസമാണ്. ചൊവ്വാഴ്ച ആരംഭിച്ച അവധി വ്യാഴാഴ്ചയാണ് അവസാനിക്കുക. പലരും രണ്ടുദിവസത്തെ അവധികൂടിയെടുത്ത് ഈ ഒരാഴ്ച യാത്രകളുടെ തിരക്കിലാണ്.

ഹോട്ടലുകളിൽ തിരക്ക്

ദസറ അവധി ദിവസങ്ങളെത്തിയതോടെ തദ്ദേശീയ സഞ്ചാരികൾക്കൊപ്പം ഉത്തരേന്ത്യയിൽനിന്നുള്ള ഒട്ടേറെപ്പേർ ഇടുക്കിയിലെത്തുന്നുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരും അതിർത്തി താണ്ടിയെത്തുന്നുണ്ട്. ഇതോടെ ഹോട്ടലുകളിലും റിസോർട്ടിലും മൂന്ന് ദിവസത്തേക്ക് മുറി കിട്ടാനില്ലാത്ത അവസ്ഥയാണ്. പലതും നേരത്തേതന്നെ ബുക്കുചെയ്തിരുന്നു.

ചെറുസങ്കേതങ്ങളും സജീവം

വലിയ വിനോദസഞ്ചാരകേന്ദ്രങ്ങൾക്കൊപ്പം ചെറുസങ്കേതങ്ങളും സജീവമാണ്. തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, പൊൻമുടി, സത്രം, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളിലും തിരക്കേറി. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ഒരാഴ്ച ഈ തിരക്ക് തുടർന്നേക്കും.

മറയൂരിലേക്കും ഒഴുക്ക്

പൂജ അവധി ദിനങ്ങൾ ആരംഭിച്ചതോടുകൂടി മറയൂർ കാന്തല്ലൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് വർധിച്ചു. കേരളത്തിലെ വിവിധ മേഖലകളിൽനിന്നും തമിഴ് നാട്ടിൽനിന്നുമാണ് സഞ്ചാരികൾ ഇവിടെ കൂടുതലായി എത്തുന്നത്. 50 പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് എത്തുന്നത്.

റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവയിലെ മുറികളെല്ലാം ഒക്ടോബർ അഞ്ചുവരെ ബുക്ക് ചെയ്തുകഴിഞ്ഞു. നല്ല കാലാവസ്ഥയും ഹരിതഭംഗിയും പുഴകളിലെ നിരൊഴുക്ക് വർധിച്ചതിനാൽ വെള്ളച്ചാട്ടങ്ങൾ സമൃദ്ധമായതിനാലും സഞ്ചാരികളുടെ പ്രിയതാവളമായി അഞ്ചുനാട് മാറിക്കഴിഞ്ഞു.