
ഹിരോഷിമയിലെ പീസ് മെമ്മോറിയല്‍ പാര്‍ക്കിലുള്ള നാഴികമണിയില്‍ സമയം 8.15 ആയപ്പോള്‍ ഒരു മണിനാദം അവിടെങ്ങും പ്രതിധ്വനിച്ചു. മരത്തിന്റെ ചില്ലകളിലിരുന്നു ചിലച്ചിരുന്ന പക്ഷികള്‍ നിശ്ശബ്ദരായി. പാര്‍ക്കിലൂടെ ചലിച്ചിരുന്ന മനുഷ്യര്‍ നിശ്ചലരായി. അമ്പത്തിയേഴു വര്‍ഷമായി എല്ലാ ദിവസവും രാവിലെ ഇതേസമയം, അവിടെയുള്ള ക്ലോക്ക് ശബ്ദിക്കാറുണ്ട്. 1945-ല്‍ ആ സമയത്താണ് ഹിരോഷിമ നഗരത്തില്‍ ലോകത്തിലെ ആദ്യത്തെ അണുബോംബ് വിസ്‌ഫോടനമുണ്ടായത്. 1967-ലാണ് ഈ മണി ഇവിടെ സ്ഥാപിച്ചത്. ഒരു മിനിറ്റിനുശേഷം മണിനാദം നിലച്ചപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങലാണ് അനുഭവപ്പെട്ടത്. തലേന്ന് പീസ് വൊളന്റിയേഴ്‌സ് സംഘടനയില്‍ അംഗമായ മിച്ചിക്കോ കൊനോ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നു: ''ഇത്രയും വര്‍ഷത്തിനിടയില്‍ ഞാന്‍ ഒരിക്കലേ ഈ ശബ്ദം കേള്‍ക്കാന്‍ ധൈര്യപ്പെട്ടിട്ടുള്ളൂ.'' -അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചവരും അവരുടെ പിന്‍തലമുറകളും അനുഭവിക്കുന്ന യാതന മിച്ചിക്കോയുടെ സ്വരത്തില്‍ തളംകെട്ടിയിട്ടുണ്ടായിരുന്നു.
ക്യോട്ടോയില്‍നിന്ന് രാത്രി ബസിനാണ് ഞാന്‍ ഹിരോഷിമയിലേക്ക് പുറപ്പെട്ടത്. ആദ്യം പോയത് മ്യൂസിയം കാണാനായിരുന്നു. ഒന്നാംനിലയില്‍ അണുബോംബിന്റെ ഭീകരത വെളിപ്പെടുത്തുന്ന പ്രദര്‍ശനമായിരുന്നു. 1945 ഓഗസ്റ്റ് ആറു വരെ ഹിരോഷിമ ലോകയുദ്ധകാലത്ത് സൈനികത്താവളമായി പ്രവര്‍ത്തിച്ചുവന്ന വെറുമൊരു ജാപ്പനീസ് നഗരമായിരുന്നു. എന്നാല്‍, ആ കറുത്ത തിങ്കളാഴ്ചയ്ക്കു ശേഷം ലോകംകണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ പേരായി ഹിരോഷിമ. അണുബോംബുവീണ ശേഷമുള്ള നഗരത്തിന്റെ ദൃശ്യങ്ങളും ആളുകള്‍ അനുഭവിച്ച കഷ്ടപ്പാടുകളും അവിടത്തെ ചിത്രങ്ങളില്‍ നിറഞ്ഞു. ഒരു നിമിഷംകൊണ്ട് ഒന്നരലക്ഷത്തില്‍പ്പരം ആളുകളുടെ ജീവനാണ് 'ലിറ്റില്‍ ബോയ്' എന്ന് ഓമനപ്പേരിട്ടുവിളിച്ച അണുബോംബ് അപഹരിച്ചത്. ബോംബ് വികസിപ്പിച്ചതിന്റെ നാള്‍വഴികള്‍, വിക്ഷേപിക്കാനുണ്ടായ സാഹചര്യം, നാശനഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.

താഴത്തെ നിലയില്‍ 'മെമ്മറീസ് ഓഫ് ഫ്രണ്ട്സ്' എന്ന പ്രദര്‍ശനമായിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചുപോയ സ്‌കൂള്‍ കുട്ടികള്‍ ഉപേക്ഷിച്ച സാധനങ്ങളും അവരുടെ വിധി നിര്‍ണയിച്ച സാഹചര്യങ്ങളും അവരുടെ കൂട്ടുകാരുടെ സാക്ഷ്യപത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പതിന്നാലു വയസ്സുണ്ടായിരുന്ന ടാകാഹാഷി, തന്റെയും കൂട്ടുകാരനായ തത്സുയയുടെയും ക്രയോണ്‍കൊണ്ട് വരച്ച പടം കാഴ്ചയില്‍ത്തന്നെ നൊമ്പരമായി. രണ്ടുപേരുടെയും ദേഹത്തെ തൊലി മൊത്തം ഇളകിപ്പോയിട്ടുണ്ടായിരുന്നു. മസാക്കോ എന്ന പതിമ്മൂന്നു വയസ്സുകാരിയുടെ ഡയറിക്കുറിപ്പില്‍ അവളുടെ സുഹൃത്ത് മൊരിക്കവാ വേദനിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. 'എനിക്കവളെ സഹായിക്കാന്‍ സാധിച്ചില്ല. എന്റെ ശരീരം തണുപ്പിക്കാന്‍ ഞാന്‍ നദിയിലേക്കു ചാടി.' കുറ്റബോധത്തോടെയാണ് ആ കൊച്ചു പെണ്‍കുട്ടി ഡയറിയില്‍ കുറിച്ചത് . അണുബോംബ് സ്‌ഫോടനം നടന്നപ്പോള്‍ 3000-4000 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്തരീക്ഷത്തിലെ താപനില. യോഷികോയും ടോഷിയാക്കിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശരീരം പൊള്ളിയതിന്റെ വേദന സഹിക്കാന്‍ വയ്യാതെ രണ്ടുപേരും നദിയില്‍ ചാടി. രണ്ടു ദിവസത്തിനുശേഷം അവര്‍ മരണത്തിനു കീഴടങ്ങി. ടോഷിയാക്കിയുടെ ജാക്കറ്റ് അവിടെ ചില്ലുകൂട്ടില്‍ െവച്ചിട്ടുണ്ട്. ഫ്യൂമിഹാരയും കൂട്ടുകാരനും നടന്നുപോകുമ്പോഴാണ് ബോംബ് വീണത്. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. ഫ്യൂമിഹാരയെ കണ്ടെത്താനായില്ല. അവന്റെ ബാഗും വാട്ടര്‍ബോട്ടിലും അവിടെയുണ്ടായിരുന്നു.

പീസ് വൊളന്റിയേഴ്സ് സംഘടന നയിക്കുന്ന വാക്കിങ് ടൂറില്‍വെച്ചാണ് മിച്ചികോയെ പരിചയപ്പെട്ടത്. അവരായിരുന്നു ഞങ്ങളുടെ ഗൈഡ്. പീസ് വൊളന്റിയേഴ്സ് അവരുടെ സേവനങ്ങള്‍ക്ക് പണം ഈടാക്കാറില്ല. ഇരുപത്തിയൊമ്പത് ഏക്കറില്‍ പരന്നുകിടക്കുന്ന പീസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു ഹിരോഷിമയുടെ വാണിജ്യകേന്ദ്രമുണ്ടായിരുന്നത്. അതുകൊണ്ടാണ് ബോംബിടാന്‍ ഈ പ്രദേശം തിരഞ്ഞെടുത്തത്. ''നകാജിമ എന്ന ഈ പ്രദേശത്തുണ്ടായിരുന്ന റോഡരികിലെല്ലാം ധനികരായ വ്യാപാരികളുടെ, തടികൊണ്ടുണ്ടാക്കിയ രണ്ടുനിലകളുള്ള പരമ്പരാഗത വീടുകളായിരുന്നു. അതപ്പാടേ കത്തിനശിച്ചു.'' വളരെ നിസ്സംഗതയോടെയാണ് കൊനോ ദുരന്തകാലത്തെക്കുറിച്ചുള്ള വിവരണം നടത്തിയത്. പീസ് മെമ്മോറിയല്‍ ഹാളിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന സ്മാരകത്തില്‍ 8:15 എന്ന് രേഖപ്പെടുത്തിയിരുന്നു. അതിനുചുറ്റും ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളും കത്തിയമര്‍ന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലുണ്ടായിരുന്ന ഓടുകളും ടൈലുകളും കൂട്ടിയിട്ടിരുന്നു. ഭൂമിക്കടിയിലായിരുന്നു കെട്ടിടത്തിന്റെ രണ്ടുനിലകള്‍. റാമ്പ് വഴി അങ്ങോട്ടേക്ക് നടക്കുമ്പോള്‍ വെള്ളമൊഴുകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ''വെള്ളത്തിനുവേണ്ടി കേണുകൊണ്ടാണ് പലരും മരണത്തിലേക്ക് പോയത്. അവരുടെ ആത്മാവിന് ശാന്തി കിട്ടാനായിട്ടാണ് ഇവിടെ ചെറിയ ജലധാര നിര്‍മിച്ചത്'' -മിച്ചിക്കോ വിശദീകരിച്ചു.
ഹാളിന്റെ ഭിത്തിയില്‍ ഒരു ലക്ഷത്തി നാല്പതിനായിരം കൊച്ചുടൈലുകള്‍ പതിപ്പിച്ചിട്ടുണ്ട്. അത്രയും ആളുകള്‍ മരിച്ചതായിട്ടാണ് ഔദ്യോഗികകണക്ക്. മുകളിലത്തെ നിലയിലേക്കു ചെന്നപ്പോള്‍ ഡിസ്പ്ലേ ബോര്‍ഡ് കണ്ടു. അവിടെയുള്ള കീബോര്‍ഡില്‍ പേര് ടൈപ്പ് ചെയ്താല്‍ മരിച്ച ആളുടെ വിവരങ്ങളും ഫോട്ടോയും കാണാം. മിച്ചിക്കോ കീബോര്‍ഡില്‍ ഏതോ പേരടിച്ചപ്പോള്‍ ഒരു പുരുഷന്റെ ഫോട്ടോ തെളിഞ്ഞുവന്നു. അതോടെ അവരുടെ കണ്ണുനീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി. നിശ്ശബ്ദത പാലിക്കണം എന്നെഴുതി വെച്ചിരുന്നതുകൊണ്ട് അവരോട് ഒന്നും ചോദിച്ചില്ല. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചു. കെട്ടിടത്തില്‍നിന്നു പുറത്തിറങ്ങിയതും മിച്ചിക്കോ സംസാരിക്കാന്‍ പ്രയാസപ്പെടുന്നതായിത്തോന്നി. ചോദിച്ചപ്പോഴാണ് അവര്‍ ബോംബിങ്ങിനെ അതിജീവിച്ച വ്യക്തിയാണെന്ന് മനസ്സിലായത്. കരച്ചില്‍ അടക്കി മിച്ചിക്കോ തന്റെ കഥ പറഞ്ഞു:

''ബോംബിങ് സമയത്ത് എനിക്ക് നാലുമാസം പ്രായമായിരുന്നു. പ്രസവത്തിനുശേഷം അച്ഛന്‍ അമ്മയെയും എന്നെയും അമ്മയുടെ വീട്ടില്‍ കൊണ്ടാക്കാന്‍ ട്രെയിന്‍ കാത്തുനിന്നപ്പോഴാണ് സ്‌ഫോടനം നടന്നത്. ഞാന്‍ തെറിച്ചുവീണത് അവിടെയുണ്ടായിരുന്ന ഒരു പെട്ടിയിലേക്കായതുകൊണ്ട് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അമ്മയുടെ മുഖത്തും കഴുത്തിനും മുറിവുകള്‍ പറ്റി. അച്ഛന്‍ വേഗം വീട്ടിലേക്കോടി. വീട് നിലംപതിച്ചിരുന്നു. അവിടെനിന്ന് അപ്പൂപ്പന്റെ മൃതദേഹം കിട്ടി. അമ്മൂമ്മയെ കണ്ടെത്താനായില്ല. രണ്ടാഴ്ചയോളം മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം അമ്മയെ തിരഞ്ഞുകൊണ്ട് അച്ഛന്‍ അവിടെയെല്ലാം അലഞ്ഞു. അവസാനം ആരോ ഒരു ക്യാമ്പില്‍ അമ്മൂമ്മയെപ്പോലെ ഒരാളെ കണ്ടെന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ അവിടേക്കു പോയി. അമ്മൂമ്മയെ കണ്ടെത്തി. സ്‌ഫോടനത്തില്‍ പരിക്കേറ്റു കിടന്ന അമ്മൂമ്മയെ അകറ്റ്സുകി കോര്‍പസ് എന്ന സേന ഒരു ദ്വീപിലേക്കു കൊണ്ടു പോയി ശുശ്രൂഷിച്ചു. പരിക്കുഗുരുതരമല്ലാത്തതിനാല്‍ മറ്റൊരിടത്തേക്ക് മാറ്റി. എനിക്ക് ഓര്‍മ്മവെച്ചകാലംമുതല്‍ തന്റെ മരണംവരെ അച്ഛന്‍ ചിരിച്ചുഞാന്‍ കണ്ടിട്ടില്ല. അതിന്റെ കാര്യം അമ്മയോട് തിരക്കിയപ്പോഴാണ് ഈ കഥ എന്നോടു പറഞ്ഞത്. അന്ന് യുദ്ധമുഖത്തുകണ്ട ഭീതിദമായ കാഴ്ചകള്‍ അച്ഛനെ നിത്യവിഷാദത്തിലേക്കു തള്ളിവിട്ടു. ഞങ്ങളെ ട്രെയിന്‍ കയറ്റിവിടാന്‍ ഇറങ്ങിയില്ലെങ്കില്‍ ഓഫീസിലേക്കാകും അച്ഛന്‍ പോകുക. അച്ഛന്റെകൂടെ ജോലി ചെയ്തിരുന്നവരെല്ലാം അന്ന് മരണപ്പെട്ടു. അച്ഛന്‍മാത്രം രക്ഷപ്പെട്ടു എന്നത് അദ്ദേഹം ഒരു കുറ്റബോധമായിട്ടാണ് കൊണ്ടുനടന്നത്. അണുവികിരണത്തിന്റെ അനന്തരഫലമായി അമ്മയ്ക്ക്് എന്നും ചെറിയതോതില്‍ പനിക്കാറുണ്ടായിരുന്നു. മോണ നിരന്തരം പഴുക്കുന്നതിനാല്‍ ഭക്ഷണം ശരിക്ക് കഴിക്കാന്‍ സാധിക്കില്ലായിരുന്നു. കുട്ടിക്കാലത്ത് എന്റെ ചുറ്റുമുള്ളവരെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരായിരുന്നു. സന്തോഷം എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. കുറച്ചു മുന്‍പ് എന്റെ അപ്പൂപ്പന്റെ പടമാണ് തിരഞ്ഞത്. അത് കാണുമ്പോള്‍ അച്ഛന്‍ അനുഭവിച്ച വേദനയാണ് എനിക്കോര്‍മ്മ വരാറ്.''
കുറച്ചുനേരം അവര്‍ നിശ്ശബ്ദയായി. എന്തുപറഞ്ഞാണ് അവരെ ആശ്വസിപ്പിക്കാന്‍ പറ്റുക? സാമ്രാജ്യങ്ങളുടെ മോഹങ്ങള്‍ക്കു മുന്‍പില്‍ എരിഞ്ഞടങ്ങുന്നത് സാധാരണക്കാരന്റെ ജീവിതവും സ്വപ്നങ്ങളുമാണ്. അത് ഹിരോഷിമയിലായാലും ശരി ഗാസയായാലും ശരി, യുക്രൈനിലായാലും ശരി. ഞങ്ങള്‍ മറ്റിയസു ഗാവ നദിക്കരയിലെത്തി. സാധാരണ ശാന്തമായി ഒഴുകുന്ന നദി കാണുമ്പോള്‍ സന്തോഷമാണ് തോന്നാറ്. എന്നാല്‍, ആ നദിയില്‍ നോക്കിയപ്പോള്‍ പൊള്ളിയ ദേഹവുമായി വെള്ളത്തിലേക്കു ചാടിയ മനുഷ്യരെയാണ് ഓര്‍മ്മവന്നത്. അവിടെ നിന്നപ്പോള്‍ അവരുടെ നിലവിളി ചെവിയില്‍ അലയടിച്ചു. നദിക്കു കുറുകെയുള്ള പാലം കടന്ന് ഷിമ ആശുപത്രിയുടെ അരികിലെത്തി. നാലായിരത്തി നാനൂറുകിലോ ഭാരമുണ്ടായിരുന്ന 'ലിറ്റല്‍ ബോയ്' നിക്ഷേപിച്ചത് ആ കെട്ടിടത്തിന്റെ മുകളിലായിരുന്നു. അറ്റോമിക് ബോംബ് ഹൈപോസെന്റര്‍ എന്ന് അവിടെയുള്ള ഫലകത്തില്‍ രേഖപ്പെടുത്തിയിരുന്നു. കെട്ടിടങ്ങളെല്ലാം പുനര്‍നിര്‍മിച്ചിരുന്നതിനാല്‍ കേടുപാടുകള്‍ കാണാനില്ലായിരുന്നു. അവിടെനിന്ന് നൂറ്റിഎഴുപതു മീറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ 'എ ഡോം' (Atomic bomb Dome) കെട്ടിടത്തിലേക്ക്. ആ പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളെല്ലാം നശിച്ചപ്പോഴും പൂര്‍ണമായും തകരാതെ രക്ഷപ്പെട്ട ഒന്നായിരുന്നു അത്.

''കെട്ടിടത്തിന്റെ മുകളില്‍ ചെമ്പിന്റെ പടുകൂറ്റന്‍ താഴികക്കുടമുണ്ടായിരുന്നു. അത് പൂര്‍ണമായും ഉരുകിപ്പോയി. സ്‌ഫോടനത്തിന്റെ ലംബമായ താഴോട്ടുള്ള ശക്തിയെ ചെറുക്കാന്‍ കെട്ടിടത്തിന്റെ തൂണുകള്‍ക്ക് സാധിച്ചതുകൊണ്ട് അതിന്റെ അസ്ഥികൂടം അവശേഷിച്ചു. മനുഷ്യരാശി സൃഷ്ടിച്ച ഏറ്റവും വിനാശകരമായ ശക്തിയുടെ പ്രതീകമായതിനാലാണ് കെട്ടിടത്തിന് ലോകപൈതൃക പദവി ലഭിച്ചത്.'' -മിച്ചിക്കോ പറഞ്ഞുതന്നു. ''സത്യംപറഞ്ഞാല്‍ ഞങ്ങള്‍ക്ക് കെട്ടിടം നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലായിരുന്നു. എല്ലാം മറന്നു മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഞങ്ങളെ പിന്നോട്ടുവലിക്കുന്ന ഇരുണ്ടശക്തിയാണ് ഇപ്പോള്‍ ഈ കെട്ടിടം. പിന്നെ നിങ്ങളെപ്പോലുള്ള സന്ദര്‍ശകര്‍ക്ക് അണുബോംബിന്റെ നേര്‍ക്കാഴ്ച കാണിക്കാനായിട്ടാണ് ഭരണകൂടം ഇതിനെ നിലനിര്‍ത്തുന്നത്. ഒരു രീതിയില്‍ നോക്കിയാല്‍ അവരുടെ ചിന്താഗതിയും ശരിയാണ്. ഇതൊക്കെ കണ്ട് മനുഷ്യന് നല്ലബുദ്ധി തോന്നുകയാണെങ്കില്‍ തോന്നട്ടെ.''-അവര്‍ തുടര്‍ന്നു.
വഴിയില്‍ ചെറിയൊരു കുന്നു കണ്ടു. ''തിരിച്ചറിയപ്പെടാതെപോയ എഴുപതിനായിരം മൃതദേഹങ്ങള്‍ കത്തിച്ച ചാരം ആ കുന്നിന്റെ അടിയിലാണ് സൂക്ഷിക്കുന്നത്. കുടുംബത്തിലെ എല്ലാവരും മരിച്ചെങ്കില്‍ അന്വേഷിച്ചുവരാന്‍ ആരാണുണ്ടാവുക? അവരുടെ ദേഹത്തുനിന്ന് കിട്ടിയ രേഖകള്‍വെച്ച് പേരുകള്‍ സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ പേരുകള്‍ പ്രസിദ്ധീകരിക്കും. ആരെങ്കിലും അന്വേഷിച്ചു വന്നാലോ...'' യുദ്ധത്തില്‍ മരിച്ച കുട്ടികളുടെ സ്മരണാര്‍ഥം നിര്‍മിച്ച ഒരു സ്മാരകവും ഉണ്ടായിരുന്നു. ജപ്പാനിലെ മൂവായിരത്തി ഇരുനൂറു സ്‌കൂളിലെ കുട്ടികള്‍ പണം സമാഹരിച്ചാണ് ആ സ്മാരകം നിര്‍മിച്ചത്. സ്മാരകത്തിന്റെ ഏറ്റവും മുകളില്‍ ഒരു പെണ്‍കുട്ടി കൊറ്റിയെ പിടിച്ചുനില്‍ക്കുന്നത് കാണാം. ഇരുവശങ്ങളിലായി ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പ്രതിമയുമുണ്ടായിരുന്നു. അവിടെ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: 'ഇതാണ് ഞങ്ങളുടെ ശബ്ദം... ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന... ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടട്ടെ.' സ്മാരകത്തിനുപിന്നില്‍ നീളത്തിലുള്ള ചില്ലുകെട്ടിടത്തില്‍ നിറയെ സ്‌കൂള്‍കുട്ടികള്‍ പേപ്പര്‍ കൊണ്ടുണ്ടാക്കിയ കൊറ്റികളാണ്. കൊറ്റി ദീര്‍ഘായുസ്സിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമാണ് ഇവര്‍ക്ക്. 'പതിമ്മൂന്നു മില്യണ്‍ പേപ്പര്‍ കൊറ്റികളാണ് ഓരോ വര്‍ഷവും ഇവിടെ ലഭിക്കുന്നത്. ആ പേപ്പര്‍ റീസൈക്കിള്‍ ചെയ്താണ് ഹിരോഷിമയിലെ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.' മിച്ചിക്കോ തന്റെ വിസിറ്റിങ് കാര്‍ഡ് എനിക്കുതന്നു. അതും അത്തരം പേപ്പറില്‍ നിന്നുണ്ടാക്കിയതായിരുന്നു.

അവസാനമായി ഞങ്ങളെ അവര്‍ രണ്ടു പാരസോള്‍ മരത്തിനരികിലേക്കാണ് കൊണ്ടുപോയത്. ''ഈ മരങ്ങള്‍ ബോംബിങ്ങിനെ അതിജീവിച്ചവയാണ്. പകുതിയിലേറെ കരിഞ്ഞു പോയിരുന്നെങ്കിലും വസന്തം വന്നപ്പോള്‍ അവയില്‍ പുതിയ നാമ്പുകള്‍ മുളച്ചു. ഞങ്ങളുടെ അതിജീവനത്തിന്റെ പ്രതീകമാണിവ. ഈ പ്രദേശത്ത് ഇത്തരം നൂറ്റിഎഴുപതു മരങ്ങളുണ്ട്.'' ഹിരോഷിമയില്‍നിന്ന് മടങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു: മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഏത് മഹാദുരന്തത്തെയും അതിജീവിക്കാന്‍ സാധിക്കും.
Content Highlights: hiroshima travel japan atomic bombings
Published: 04 Aug 2024, 11:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented