ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ച ലേഖകന്റെ ഓർമകൾ

വിറയലോടെ ഹിരോഷിമ പീസ് പാർക്കിൽ നിന്നു. കുഞ്ഞുഓർമ്മകമാനത്തിനു അരികിലായി രണ്ടുചെറിയ നീളൻ ചാലുകൾ. ചുട്ടുപൊള്ളി വിണ്ടടർന്നുപോയവരുടെ തീരാവേദന തണുപ്പിക്കാനെന്നോണം അതിൽ തെളിവെള്ളം കെട്ടിനിർത്തിയിരിക്കുന്നു. കനൽപഴുത്ത ദേഹി മുഴുക്കെ തണുക്കുവോളം വെള്ളം പാരുക..അതായിരിക്കാം പ്രതീകാത്മകമായ ലക്ഷ്യം. ചാലുകളിൽ അരിപ്രാവുകൾ ഇടയ്ക്കിടെ പറന്നിറങ്ങി നീർകുടിക്കുന്നു. ദാഹമകറ്റിയശേഷം വീണ്ടും ദുരന്തസ്മാരകത്തിന്റെ ഓരത്ത് പറന്നിരിക്കുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകളും ഫോട്ടോകളുമടങ്ങിയ വിശാലമായ പീസ് മെമ്മോറിയൽ മ്യൂസിയത്തിൽ നിന്നിറങ്ങുമ്പോൾ മനുഷ്യനെങ്കിൽ ചെറുകണ്ണീർ പൊടിഞ്ഞിരിക്കും.
ചെവിയോർക്കുമ്പോൾ വെന്തുരുകിയ തൊലിയുമായി അനേകായിരങ്ങൾ കെട്ടിപ്പിടിച്ച് കരയുന്നു .ദുരന്തശേഷിപ്പുകളായി മുച്ചക്രകളിവണ്ടിയുടെയും കുഞ്ഞുടുപ്പുകളുടെയും ചേർത്തുവെച്ച കരിഞ്ഞ തുണ്ടുകൾ,രാവിലെ എട്ട് പതിനഞ്ചിലെ ആഘാതത്തിൽ സ്തംഭിച്ച് പൊള്ളിയൊലിച്ച വാച്ചുകൾ, ചരിത്രം അൽപ്പം നേരം നമ്മെ സ്തബ്ധരാക്കും.'
'ലിറ്റിൽബോയ് ' പതിച്ച നിമിഷം പലവിധത്തിൽ ഇവിടെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. കനംവെച്ച കാലടികളോടെ പുറത്തിറങ്ങി.അൽപ്പം നടന്നപ്പോൾ പീസ് പാർക്കിലെ പ്രധാനസ്മാരകത്തിന് മുന്നിലെത്തി.വേദന ഉള്ളിലേറ്റി രക്തനിറമാർന്ന പൂക്കൾ കമാനത്തിനുമുന്നിൽ അർപ്പിച്ച് നിൽക്കുന്ന സന്ദർശകർ.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും സന്ദർശകരുടെ മുഖത്തെ വേദന മാഞ്ഞിട്ടില്ല. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ ഹിരോഷിമയിൽ ആറ്റംബോംബ് വീണിടത്തെ അവശേഷിച്ച കെട്ടിടത്തിനുമുന്നിലെത്തി ആറ്റമിക് ബോംബ് ഡോം. ഒരിക്കൽ എക്സിബിഷൻ ഹാൾ ആയിരുന്നു. ആറ്റംബോംബിന്റെ പൊട്ടിച്ചിതറിൽ മാംസമടർന്ന് എല്ലുകൾ പലതും പുറത്തുകാണുംവിധം ആ കെട്ടിടവും. മരങ്ങളുടെ നിഴൽവീണ പുൽത്തകിടിയിലൂടെ നടക്കുമ്പോൾ കോളേജ് അധ്യാപകനായ നകാമുറയെ പരിചയപ്പെട്ടു. അമേരിക്കയോട് ഇപ്പോഴെങ്ങനെ? വെറുപ്പ്? ഞാൻ ചോദിച്ചു.റോസ് നിറമാർന്ന വലിയ കൺപോളകളിറുക്കി അയാൾ ചിരിച്ചു. ചുട്ടുകരിച്ചവരോട് കലികൊണ്ടുനടന്നിരുന്നെങ്കിൽ ഞങ്ങൾ പീസ് പാർക്ക് എന്നെങ്ങനെ പേര് കൊടുക്കും? അയാൾ ഒറ്റ ഉത്തരത്തിൽ ചോദ്യത്തിന്റെ മുനയൊടിച്ചു.
പാർക്കിലൊരിടത്ത് നീളൻലോഹമണി കണ്ടു. സമാധാനത്തിന്റെ മണിയെന്നാണ് പേര്. അതിന്റെ അരികിൽ ബുദ്ധസൂക്തങ്ങൾ കൊത്തിയ സംസ്‌കൃതം ലിപികളും!ചെറിയചങ്ങലകളിൽ വലിപ്പമേറിയ മുളങ്കുറ്റിപോലൊന്ന് തൂക്കിയിട്ടിരിക്കുന്നു. വന്നുപോകുന്നവരെല്ലാം സമാധാനസൂചകമായി മണിയിൽ മുട്ടുന്നു. മണിനാദം ഉയരുന്നു. അലയൊലിയിൽ ഞാൻ കേട്ടു; മുറിവുകളുണങ്ങട്ടെ, തണുക്കട്ടെ, ലോകത്തിന് മുഴുവൻ സുഖമുണ്ടാകട്ടെ.
പാർക്കിനരികിലെ മൊട്ടോയാസു നദിയിലൂടെ മഞ്ഞബോട്ട് നീങ്ങി. അതിന്റെ വാലിൽ ഇളകിയ വെള്ളത്തിന്റെ നൂലലകൾ മെല്ലെ അടങ്ങിവരുന്നു.നിശ്ശബ്ദമായി ട്രാം കടന്നുപോയി.പാർക്കിലെ വലിയ മരങ്ങളുടെ ചില്ലകളെ ഇളക്കി ശക്തമായ കാറ്റൂതി. ഇവിടെ, മുക്കാൽനൂറ്റാണ്ടിനും മുമ്പ് കരിഞ്ഞുപൊടിഞ്ഞുപോയ ആത്മാക്കൾ അലിഞ്ഞുചേർന്ന കാറ്റായിരിക്കുമോ?അവിടം വിട്ടുപോകാതെ വട്ടമിട്ടുപറക്കുകയാണോ? ആലോചനയിൽ ഞാനൊന്നുലഞ്ഞു.
Content Highlights: Reflective visit to the Hiroshima Peace Memorial Park and Museum., Insight into the 'Little Boy' atomic bombing impact on human lives., The significance of the Atomic Bomb Dome as a historical relic., The message of peace and reconciliation from local survivors., Symbolism of the Peace Bell and the enduring legacy of the tragedy.
Published: 06 Aug 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented