ഋതുഭേദങ്ങളില്ലാതെ രാപകലുകള്‍ ആഘോഷമാക്കുന്ന നഗരമാണ് ദുബായ്. ആഡംബരത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട നഗരം. സഞ്ചാരികളുടെ പറുദീസ. സുരക്ഷിത വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ നഗരം. ലോകമെമ്പാടുനിന്നും ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ദുബായ് സന്ദര്‍ശിക്കാനൊരുങ്ങുന്ന സമയമാണിത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എമിറേറ്റിലേക്കെത്തുന്നത്. എണ്ണിയാലൊതുങ്ങാത്ത അത്രയും വിസ്മയങ്ങളാണ് ഈ മണ്ണില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അവധി ആഘോഷിക്കാനും ഒഴിവു സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്ന  നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ദുബായ്. ശൈത്യാരംഭത്തോടെ എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷണങ്ങളും ഓരോന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. 

To advertise here,

ഗ്ലോബല്‍ വില്ലേജ് 

ലോക സംസ്‌കാരങ്ങളുടെ സംഗമവേദിയാണ് ദുബായ് ഗ്ലോബല്‍ വില്ലേജ്. യു.എ.ഇ. യിലെ പ്രധാനപ്പെട്ട ശൈത്യകാല ആകര്‍ഷണമാണിത്. കാഴ്ചകളുടെ സമൃദ്ധിയിലേക്കാണ് ഓരോ വര്‍ഷവും ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാനും രുചിക്കൂട്ടുകളും വിനോദ പരിപാടികളും ആസ്വദിക്കാനുള്ള അവസരമാണ് ആഗോളഗ്രാമത്തിലൂടെ ഒരുക്കുന്നത്. 28-ാം പതിപ്പിന്റെ പ്രവേശന ടിക്കറ്റ് നിരക്ക് 22.5 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. പുതിയ പതിപ്പിന് വാല്യൂ, എനി ഡേ എന്നിങ്ങനെ രണ്ടു തരം ടിക്കറ്റുകള്‍ ഉണ്ടാകും.

ഞായര്‍ മുതല്‍ വ്യാഴം വരെ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 'വാല്യൂ' ടിക്കറ്റ് അവതരിപ്പിച്ചിട്ടുള്ളത്. വാരാന്ത്യങ്ങള്‍, പൊതുഅവധികള്‍ ഉള്‍പ്പടെ ആഴ്ചയില്‍ എല്ലാദിവസവും ആഗോള ഗ്രാമം സന്ദര്‍ശിക്കാന്‍ 'എനി ഡേ' ടിക്കറ്റ് ഉപയോഗിക്കാം. ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി പ്രവേശന ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ലോകമെമ്പാടുമുള്ള 400 കലാകാരന്മാര്‍ അണിനിരക്കുന്ന 40,000-ത്തിലേറെ പരിപാടികള്‍ പുതിയ പതിപ്പിലുണ്ടാകും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒന്‍പത് മണിക്ക് ഗംഭീര കരിമരുന്ന് പ്രയോഗവും കാണാം. എല്ലാ പവിലിയനുകളിലും സാംസ്‌കാരിക പ്രകടനങ്ങളും തത്സമയ വിനോദ പരിപാടികളുമുണ്ടാകും. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് നാലു മുതല്‍ 12 വരെയും വെള്ളി മുതല്‍  ഞായര്‍ വരെ വൈകീട്ട് നാലു മുതല്‍ ഒരു മണി വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം.  

മിറാക്കിള്‍ ഗാര്‍ഡന്‍ 

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത പൂന്തോട്ടമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍. പുഷ്പങ്ങളിലും അലങ്കാര ചെടികളിലും നിര്‍മിച്ച എമിറേറ്റ്‌സ് വിമാനം, പക്ഷിമൃഗാദികളുടെ രൂപങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഗോപുരങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വിസ്മയകാഴ്ചകള്‍ ഗാര്‍ഡനില്‍ ആസ്വദിക്കാം. പ്രവൃത്തിദിനങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിനങ്ങളിലും രാത്രി 11 വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. മൂന്ന് മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 80 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 95 ദിര്‍ഹവുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് പൂക്കളുടെ കൊട്ടാരത്തില്‍ സൗജന്യമായി പ്രവേശിക്കാം. ടിക്കറ്റുകള്‍ നേരിട്ടും വെബ്‌സൈറ്റിലൂടെയും വാങ്ങാവുന്നതാണ്. 

സഫാരി പാര്‍ക്ക് 

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാര്‍ക്ക്. 119 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് സഫാരി പാര്‍ക്കില്‍ 3000-ല്‍ പരം മൃഗങ്ങളുണ്ട്. പാര്‍ക്കിലെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ പക്ഷിവൈവിധ്യം. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ലക്ഷ്യസ്ഥാനവുമാണിത്. അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, എക്‌സ്‌പ്ലോറര്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ചില്‍ഡ്രന്‍സ് ഫാം, ബേഡ് കിങ്ഡം ഷോ എന്നിവയുള്‍പ്പടെ സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന കാഴ്ച്ചാനുഭവമാണ് സഫാരി പാര്‍ക്ക് സമ്മാനിക്കുന്നത്. പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിവിധ നിരക്കുകളിലുള്ള പാക്കേജുകളും ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് ജിറാഫുകള്‍, കാണ്ടാമൃഗങ്ങള്‍ തുടങ്ങിയ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യവുമുണ്ട്. പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെ പാര്‍ക്ക് തുറന്നിരിക്കും.

ഗാര്‍ഡന്‍ ഗ്ലോ 

വിസ്മയകാഴ്ചകളുടെ വര്‍ണ്ണ കൊട്ടാരമാണ് സബീല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ദുബായ് ഗാര്‍ഡന്‍ ഗ്ലോ. നിറങ്ങളും ലൈറ്റുകളും ഉപയോഗിച്ച് സമാനതകളില്ലാത്ത അലങ്കാരങ്ങളാണ് കാഴ്ചക്കാര്‍ക്ക് ഈ കേന്ദ്രം സമ്മാനിക്കുന്നത്. ലൈറ്റുകളില്‍ തീര്‍ത്ത മൃഗങ്ങള്‍, പൂക്കള്‍ എന്നിവയുടെ രൂപങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കിലും പ്രവേശിക്കാം. 65 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ശനി മുതല്‍ വ്യാഴം വരെ വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിവരെയും ഇവിടേക്ക് പ്രവേശിക്കാം. 

ദുബായ് ഡെസേര്‍ട്ട് സഫാരി 

മരുഭൂമിയിലെ സാഹസിക വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡെസേര്‍ട്ട് സഫാരി. മണല്‍കൂനകള്‍ക്ക് മുകളിലൂടെ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പൊതുവേ വൈകുന്നേരങ്ങളിലാണ് മരുഭൂമിയില്‍ ആളുകള്‍ കൂടുന്നത്. ഡ്യൂണ്‍സ് ബാഷിങ്, ക്യാമല്‍ ട്രക്കിങ്, സാന്‍ഡ് ബോര്‍ഡിങ്, ഫയര്‍ ഡാന്‍സ്, ബെല്ലി ഡാന്‍സ്, ഫാല്‍ക്കണ്‍ ഷോ എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷണങ്ങളാണ് ഡെസേര്‍ട്ട് സഫാരിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മരുഭൂമിയില്‍ രാപ്പാര്‍ക്കാക്കാനും അവസരമുണ്ട്. ശൈത്യകാല രാവുകളില്‍ മരുഭൂമിയില്‍  തങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ശൈത്യകാല ക്യാമ്പിങ് സീസണായതോടെ അല്‍ അവീര്‍ മരുഭൂമിയില്‍ മുനിസിപ്പാലിറ്റി ക്യാമ്പിങ്ങിനായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ടെന്റ് അടിക്കുന്നതിന് മുമ്പായി മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങണം. ക്യാമ്പ്സെറ്റ് ബുക്കിങ്ങിനായി വെബ്സൈറ്റിലൂടെ (https://wintercamp.dm.gov.ae/)  അപേക്ഷിക്കാം.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 29-ാം പതിപ്പ് ഡിസംബര്‍ എട്ടു മുതല്‍ അടുത്ത വര്‍ഷം ജനുവരി 14 വരെ നടക്കും. വിനോദവും വ്യാപാരവും സമന്വയിക്കുന്ന എമിറേറ്റിന്റെ വാര്‍ഷിക ഉത്സവമാണ് ഡി.എസ്.എഫ്.  പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയുമെന്നതാണ് ഉത്സവത്തിന്റെ സവിശേഷത. 38 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാര മഹോത്സവത്തില്‍ ലോകപ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ പരിപാടികളുണ്ടാകും. വമ്പിച്ച വിലക്കുറവും സമ്മാന പദ്ധതികളുമെല്ലാമാണ് ഡി.എസ്.എഫിലേക്ക് ലോകത്തെ ആകര്‍ഷിക്കുന്നത്. വ്യാപാര മഹോത്സവത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ദുബായിലേക്ക് എത്താറുണ്ട്. ചുരുങ്ങിയ പണം ചിലവാക്കി വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഡി.എസ്.എഫ്. ഒരുക്കുന്നുണ്ട്. വൈകുന്നേരങ്ങളിലെ വിനോദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും വെടിക്കെട്ട് പോലുള്ള വിസ്മയ കാഴ്ചകള്‍ ആസ്വദിക്കാനുമായി ആയിരക്കണക്കിനാളുകളാണ് ഓരോ മാളുകളിലും എത്താറുള്ളത്. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട്, കൊക്കക്കോള അരീന, ദുബായ് ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഇത്തവണയും കാണാം.