കഴിഞ്ഞ മാസമാണ് നടി താപ്‌സി പന്നുവും ബാഡ്മിന്റണ്‍ താരം മാതിയസ് ബോയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വിദേശ യാത്രയിലാണ് നടി. സഹോദരിയോടൊപ്പമാണ് താപ്‌സിയുടെ വിദേശയാത്ര. യാത്രയിൽ നിന്നുള്ള ചിത്രങ്ങള്‍ താപ്‌സി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 'കനാല്‍, സൈക്ലിങ്, സഹോദരി, ഇതാണ് എന്റെ ആംസ്റ്റര്‍ഡാം' ചിത്രങ്ങള്‍ക്കൊപ്പം താപ്‌സി കുറിച്ചു. പ്രശസ്തമായ ക്യൂകെന്‍ഹോഫ് ഉദ്യാനത്തില്‍ നിന്നുള്ള ചിത്രങ്ങളും തപ്‌സി പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

ആംസ്റ്റര്‍ഡാം

നെതര്‍ലന്റ്‌സിന്റെ തലസ്ഥാന നഗരമാണ് ആംസ്റ്റര്‍ഡാം. ട്യൂലിപ് പുഷ്പങ്ങളുടെ നാട്. യൂറോപ്യന്‍ നഗരമെന്നു കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിലെത്തുന്ന സ്ഥലം. യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു നോര്‍ത്ത് സീ യോട് ചേര്‍ന്നാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മൂന്ന് പ്രധാന കനാലുകളെ ചുറ്റിപ്പറ്റിയാണ് ആംസ്റ്റര്‍ഡാമിലെ ജീവിതം മുന്നോട്ടുപോകുന്നത്. ഹെറെന്‍ഗ്രാട്ട്, കീസേഴ്‌സ്ഗ്രാട്ട്, പ്രിന്‍സെന്‍ഗ്രാട്ട് എന്നിവയാണ് ഈ കനാലുകള്‍. സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന സ്ഥലമാണിത്. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ നഗരം ചുറ്റിക്കാണാനായി സൈക്കിളുകളെയും ആശ്രയിക്കാം. ആംസ്റ്റര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷന് ചുറ്റും തന്നെ സൈക്കിളുകളും ബോട്ടുകളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. ഇടയ്ക്ക് ക്ഷീണിക്കുമ്പോള്‍ ഹോപ്പ് ഓണ്‍ ഹോപ് ഓഫ് കനാല്‍ ബസുകളെ ആശ്രയിക്കാം. റൈസ് മ്യൂസിയം, വാന്‍ഗോഗ് മ്യൂസിയം, ഡയമണ്ട് മ്യൂസിയം എന്നിവയെല്ലാം ഒറ്റനടത്തത്തില്‍ കാണാം. 

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ആംസ്റ്റര്‍ഡാം കാര്‍ഡ് വാങ്ങിയാല്‍ യഥേഷ്ടം ട്രാമിലും ബസിലും സഞ്ചരിക്കാം. മെട്രോ ട്രെയിനുകളും കനാല്‍ ബസുകളുമായി നഗരം നന്നായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇടയ്ക്കിടെ ട്രാവല്‍ മോഡ് മാറ്റി മാറ്റി സെറ്റ് ചെയ്യാം. ഡാം സ്‌ക്വയര്‍ നിറയെ കനാലുകളും പാലങ്ങളുമാണ്. റോയല്‍ പാലസും ഗോഥിക് ചര്‍ച്ചുകളും നാഷണല്‍ മോണമെന്റും കണ്ട് ഡാംറാക്കില്‍ എത്താം.

അമിതടൂറിസം കാരണമുള്ള പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന നഗരം കൂടിയാണ് ആംസ്റ്റര്‍ഡാം. ഇത് നേരിടാനായി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. നേരത്തെ ക്രൂസ് ഷിപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആംസ്റ്റര്‍ഡാം സമീപകാലത്ത് പുതിയ ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തിരുന്നു. യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൂയിസ് ഷിപ്പുകള്‍ നങ്കൂരമിടുന്ന തീരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം.ഒരു വര്‍ഷം ഏകദേശം ഏഴ് ലക്ഷത്തോളം സഞ്ചാരികളാണ് ക്രൂയിസുകളില്‍ വന്നിറങ്ങുന്നത്. ലഹരിക്കും ലൈംഗികതയ്ക്കും പ്രശസ്തമായ തെരുവുകള്‍ തേടി ഓരോ മാസവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ്‌ലൈറ്റ് ഡിസ്ട്രിക്ടില്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ടൂറിസം ടാക്സും നിലവിലുള്ള നഗരമാണ് ആംസ്റ്റര്‍ഡാം. സമീപകാലത്ത് ഇതില്‍ വലിയ വര്‍ധനവും ഏര്‍പ്പെടുത്തിയിരുന്നു. 

യൂറോപ്പിന്റെ പൂന്തോട്ടം

യൂറോപ്പിലെ ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ക്യൂകെന്‍ഹോഫ് ഉദ്യാനം ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നാണ്. 79 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിലവില്‍ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെന്‍ഹോഫില്‍ ഉള്ളത്. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസണ്‍. ടുലിപിന് പുറമേ ഡാഫോഡില്‍, ഓര്‍ക്കിഡ്, റോസ, കാര്‍നേഷന്‍, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം. 
1950ല്‍ തുറന്ന നാള്‍ മുതല്‍ ക്യൂകെന്‍ഹോഫില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇക്കഴിഞ്ഞ കൊറോണക്കാലത്ത് മാത്രമാണ്. അടുക്കളത്തോട്ടം എന്നാണ് ക്യൂകെന്‍ഹോഫ് എന്ന വാക്കിന്റെ അര്‍ഥം. സൗത്ത് ഹോളണ്ട് പ്രവിശ്യയില്‍ ഹാര്‍ലെമിന് തെക്കും ആംസ്റ്റര്‍ഡാമിനു തെക്കുപടിഞ്ഞാറുമായാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷണക്കണക്കിന് സഞ്ചാരികളാണ് ഈ വര്‍ണവിസ്മയം കാണാനെത്തുന്നത്.