ചിലര്‍ക്കെങ്കിലും ബാലി വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല. അതിനുമപ്പുറം ജീവിതത്തിന്റെ ഭാഗമായ ഒരിടമാണ്. എത്ര തവണ പോയാലും വീണ്ടും മാടി വിളിക്കുന്ന ഒരു കാന്തിക ശക്തി ഈ ദ്വീപിനുണ്ട്. സാധാരണക്കാരും സെലിബ്രിറ്റികളും ഉള്‍പ്പടെ ബാലിയുടെ മായികവലയത്തില്‍ വീണുപോയവര്‍ നിരവധിയാണ്.
ബാലിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ അനുഭവമാണ് നടി അഞ്ജു കുര്യന്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ അഭിപ്രായത്തില്‍ ബാലിയിലെ കാഴ്ചാ വിസ്മയങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. ബാലിയില്‍ പോകുന്നവര്‍ക്ക് ഫോട്ടോ ഷൂട്ട് നടത്താനായി ഇന്‍സ്റ്റഗ്രാമബിളായ ചില ഡെസ്റ്റിനേഷനുകളും അഞ്ജു പരിചയപ്പെടുത്തുന്നുണ്ട്. ഉബുദ് എന്ന ബാലിനീസ് നഗരത്തിലൂടെയായിരുന്നു അഞ്ജുവിന്റെ യാത്ര. ഉബുദിലെ കെന്റാന്‍ റിസോര്‍ട്ടിലും തെക്കന്‍ ബാലിയിലെ സെമിന്യാകിലുള്ള ഗ്രാന്‍ഡ് സെമിന്യാകിലുമായിരുന്നു അഞ്ജുവിന്റെ താമസം.
ബാലിയുടെ ആത്മീയ-സാംസ്‌കാരിക നഗരിയെന്നറിയപ്പെടുന്ന സ്ഥലമാണ് ഉബുദ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ ഉബുദ് സന്ദര്‍ശിക്കാറുണ്ട്. നെല്‍പ്പാടങ്ങളും മലകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരമായ സ്ഥലമാണ് ഉബുദ്. ബാലിയുടെ സാംസ്‌കാരി വൈവിധ്യങ്ങളെ അറിയാന്‍ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണിത്. പുരാതനമായ നിരവധി ബാലിനീസ് ക്ഷേത്രങ്ങളും ഉബുദില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി റെസ്റ്റോറന്റുകളും യോഗ സ്റ്റുഡിയോകളും ആര്‍ട്ട് മ്യൂസിയങ്ങളും റിസോര്‍ട്ടുകളുമെല്ലാം ഇവിടെയുണ്ട്. മനോഹരമായ നെല്‍പ്പാടങ്ങളിലൂടെ കടന്നുപോകുന്ന ഉബുദ് ഗ്രാമീണ യാത്ര സഞ്ചാരികളുടെ മനംകവരും. ഉബുദിലെ ടെഗെനുംഗന്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര മറക്കാനാകാത്ത അനുഭവമായിരിക്കും.
ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യന്‍. അതിന് മുമ്പ് ഹിറ്റ് ചിത്രങ്ങളായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിലെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്റെ ജോഡിയായിട്ടാണ് അഞ്ജു അഭിനയിച്ചത്.അടുത്തിടെ പുറത്തിറങ്ങിയ അബ്രഹാം ഓസ്ലറിലും താരം വേഷമിട്ടു.
ബാലി- സഞ്ചാരികളുടെ സ്വര്‍ഗം
ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം.
ഇന്‍ഡൊനീഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെന്‍പസാര്‍' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകളും ഉള്‍പ്പടെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാണ് ബാലി.
Content Highlights: actress anju kurian bali travel ubud
Published: 15 Jun 2024, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented