പോലീസുകാരന്‍ മുഷ്ടി ചുരുട്ടി യുവാവിന്റെ തോളില്‍ ഇടിച്ചുകൊണ്ട് ആക്രോശിച്ചു: 'നീ മണ്ടേലയുടെ പാര്‍ട്ടിക്കാരനല്ലേ? വാടാ, നീ ജയിലില്‍ കിടന്നാല്‍ മതി.'

To advertise here,

യുവാവായ ആന്റോ എംബോളെ നീണ്ട 20 വര്‍ഷങ്ങള്‍ അങ്ങനെ ജയിലില്‍ കിടന്നു. 1964 മുതല്‍ 1984 വരെ.
'ഞാന്‍ നിരപരാധിയായിരുന്നു. പക്ഷെ ചെയ്യാത്ത കുറ്റം ചുമത്തി പ്രതിയാക്കി.' ആന്റോ പറഞ്ഞു.

നെല്‍സണ്‍ മണ്ടേലയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും മലയാളിയായ ബില്ലി നായരും ജയിലില്‍ ഉണ്ടായിരുന്നു. 1994-ല്‍ ദക്ഷിണ ആഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ മണ്ടേലയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡന്റായി മണ്ടേല 1994-ല്‍ സ്ഥാനമേറ്റു.

അദ്ദേഹവും പാര്‍ട്ടി പ്രവര്‍ത്തകരും കിടന്ന റോബന്‍ ദ്വീപ് ജയില്‍ തുടര്‍ന്ന് മ്യൂസിയമാക്കി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പ്രദര്‍ശിപ്പിക്കുന്നതാണ് മ്യൂസിയം. 70 വയസ്സുകഴിഞ്ഞ ആന്റോ എംബോള ഇന്ന് മ്യൂസിയത്തില്‍ ടൂറിസ്റ്റ് ഗൈഡാണ്. മണ്ടേലയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. 2013-ല്‍ മണ്ടേല അന്തരിച്ചു.

അന്ന് തന്നോടൊപ്പം ജയില്‍ കിടന്ന നിരവധി പ്രവര്‍ത്തകര്‍ക്ക് മണ്ടേല സര്‍ക്കാര്‍ ജോലി നല്‍കി. അതിലൊരാളാണ് ഇന്ന് ടൂറിസ്റ്റ് ഗൈഡായ ആന്റോ. കേപ്പ് ടൗണ്‍ നഗരത്തില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക്ക് സമുദ്രത്തിലാണ് മ്യൂസിയം. ടൂറിസ്റ്റുകളെ ആന്റോ വരവേല്‍ക്കുന്നു.

അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രീയ ഗവേഷണത്തിനുള്ള ഇന്ത്യന്‍ ടീം അംഗമായ കൊച്ചി യൂണിവേഴ്സിറ്റി മറൈന്‍ ബയോളജി പ്രൊഫസറായ ഡോ. മുഹമ്മദ്  ഹത്ത കൊച്ചിയിലേക്കുള്ള മടക്കയാത്രയില്‍ കേപ്പ് ടൗണില്‍ നാല് ദിവസങ്ങള്‍ ചിലവഴിച്ചു.

robben island
റോബന്‍ ഐലന്റ് ജയില്‍ സ്മാരകത്തിലേക്കുള്ള പ്രവേശന കവാടം.

മ്യൂസിയം  സന്ദര്‍ശിക്കാന്‍ എത്തിയ അദ്ദേഹത്തെയും കൊച്ചിയിലെ ഗവേഷണ വിദ്യാര്‍ത്ഥി മനോജിനെയും സ്വീകരിച്ചത് ആന്റോയാണ്. സംസാരത്തിനിടയിലാണ് നെല്‍സണ്‍ മണ്ടേലയോടൊപ്പം 20 വര്‍ഷങ്ങള്‍ ജയിലില്‍ കിടന്ന കഥ ആന്റോ വിവരിച്ചതെന്ന് പ്രൊഫ. ഹത്ത പറഞ്ഞു.

ആന്റോ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. നേതാവായ നെല്‍സണ്‍ മണ്ടേലയെ പരിചയപ്പെട്ടിരുന്നു. അല്ലാതെ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമത്തിലും പങ്കെടുത്തിരുന്നില്ല. കാരണം താന്‍ അന്ന് വെറും പയ്യനായിരുന്നു. ആന്റോ പറഞ്ഞു. 'അക്രമത്തിന് എനിക്ക് എവിടെ ശേഷി?'

പക്ഷെ പോലീസ് വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ആന്റോയെയും പിടിച്ചു കൊണ്ടുപോയി. വെള്ളക്കാരായ പോലീസുകാര്‍ വേണ്ടത്ര മര്‍ദ്ദിച്ചു. കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 20 വര്‍ഷം ശിക്ഷ കിട്ടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്.

ജയിലില്‍ ഭീകരാനുഭവമായിരുന്നു. കഴിഞ്ഞ കാലത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ഞെട്ടല്‍ വിട്ടുമാറുന്നില്ല. ആന്റോ പറഞ്ഞു. വാര്‍ഡര്‍മാരുടെ മര്‍ദ്ദനം, മൃഗീയമായ പെരുമാറ്റം.

മ്യൂസിയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ടൂറിസ്റ്റുകള്‍ക്കു നല്‍കുന്ന ആന്റോ പല മുറികളിലും കിടന്ന തടവുകാരുടെ കഥയും സന്ദര്‍ശകര്‍ക്കു പറഞ്ഞു കൊടുക്കും. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേലയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസികമായ പോരാട്ടത്തെക്കുറിച്ചു പറയുമ്പോള്‍ ആന്റോ വികാരാധീനനാകും.

അതിനു ശേഷം പല ജയില്‍മുറികള്‍ കാണിക്കാന്‍ സന്ദര്‍ശകരെ ആന്റോ നയിക്കും. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായി. ജയിലില്‍ തടവുകാരനായി 20 വര്‍ഷങ്ങള്‍ കിടന്ന മലയാളിയായ ബില്ലി നായരുടെ മുറിയാണ് ആന്റോ തങ്ങളെ ആദ്യം കാണിച്ചതെന്ന് പ്രൊഫ ഹത്ത പറഞ്ഞു. യാദൃശ്ചികമായിരുന്നുവെങ്കിലും അതു തന്നെ അത്ഭുതപ്പെടുത്തിയെന്ന് (മാതൃഭൂമി ഫെബ്രുവരി 9, 2020 ലെ വാരാന്തപ്പതിപ്പില്‍ 'മണ്ടേലയുടെ മലയാളി സുഹൃത്ത്് ' എന്ന ലേഖനത്തില്‍ ബില്ലി നായരെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു) പ്രൊഫ. ഹത്ത പറഞ്ഞു.

പാലക്കാട് സ്വദേശിയായ കൃഷ്ണന്‍ നായര്‍ ജോലി തേടി 1920-ല്‍ നേറ്റാള്‍ നഗരത്തില്‍ എത്തി. പിന്നീട് ഡര്‍ബന്‍ നഗരത്തിലേക്ക് കുടിയേറി. 1920-ല്‍ ബില്ലി നായര്‍ ജനിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് മുദ്രപതിപ്പിച്ച അദ്ദേഹം നെല്‍സണ്‍ മണ്ടേലയുടെ വലംകയ്യായി പ്രവര്‍ത്തിച്ചു. 1994-ല്‍ പാര്‍ലമെന്റ് അംഗമായി.

മണ്ടേലക്ക് ആദ്യം ഏകാന്തതടവായിരുന്നു. എന്നാല്‍ താനും ബില്ലി നായരും മറ്റു നേതാക്കളും കിടന്നിരുന്നത് ഒരു വലിയ മുറിയിലായിരുന്നുവെന്ന് ആന്റോ പറഞ്ഞു. ഇപ്പോള്‍ മ്യൂസിയത്തില്‍ എത്തുന്ന സന്ദര്‍ശകരെ ആദ്യംം ഈ മുറിയില്‍ ഇരുത്തിയാണ് ആന്റോ കഥകള്‍ പറയുന്നത്.

robben island
പ്രൊഫ. മുഹമ്മദ് ഹത്തയും മനോജും ആന്റോയ്‌ക്കൊപ്പം.

ബില്ലി നായര്‍ മലയാളിയാണെന്നും തന്റെ സംസ്ഥാനമായ കേരളത്തില്‍ അദ്ദേഹത്തിന് വേരുകള്‍ ഉണ്ടെന്നും പ്രൊഫ. ഹത്ത പറഞ്ഞപ്പോള്‍ ആന്റോ സന്തോഷത്തോടെ പ്രതികരിച്ചു. 'ഞാന്‍ ബില്ലി നായരുടെ അടുത്ത സുഹൃത്തായിരുന്നു. ജയില്‍മോചിതനായപ്പോള്‍ കുറച്ചുകാലം അദ്ദേഹത്തോടൊപ്പം ട്രേഡ് യൂണിയന്‍ ഓഫീസിലും ജോലി നോക്കി. ജയിലില്‍ കഴിഞ്ഞ കാലത്ത് എന്റെ അച്ഛനും അമ്മയും പട്ടിണി കിടന്നവരാണ്. പിന്നീട് മണ്ടേല പ്രസിദ്ധനായപ്പോഴാണ് നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയത്.' ആന്റോ പറഞ്ഞു.

ബില്ലി നായരുടെ വിരലടയാളമുള്ള ജയില്‍രേഖകള്‍ സന്ദര്‍ശകരെ ആന്റോ കാണിച്ചു കൊടുക്കും. തുടര്‍ന്ന് ജയിലില്‍ മണ്ടേല കിടന്ന മുറി സന്ദര്‍ശകരെ കാണിച്ചുകൊടുത്തു. ഏതാണ്ട് രണ്ട് മണിക്കൂറിലധികം ജയില്‍ നടന്നു കാണാനുണ്ട്.

പാറകള്‍ നിറഞ്ഞു നില്‍ക്കുന്ന ദ്വീപാണ് റോബന്‍ ദ്വീപ്. അവിടെയാണ് ജയില്‍ കെട്ടിടം. മുമ്പു കുഷ്ഠരോഗികളെ പാര്‍പ്പിക്കാനുള്ള സ്ഥലമായിരുന്നു. പിന്നീടു രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ മ്യൂസിയമായി മാറിയ ജയില്‍ കാണാനെത്തുന്നു.

ഗവേഷണത്തിനായി കേപ്പ് ടൗണില്‍നിന്നാണ് പ്രൊഫ. ഹത്തയും മനോജും വിമാനത്തില്‍ അന്റാര്‍ട്ടിക്കയിലേക്ക് തിരിച്ചത്. ഫെബ്രുവരി ആറിന് രാത്രി അന്റാര്‍ട്ടിക്കയില്‍നിന്ന് കേപ്പ് ടൗണിലെത്തി. എട്ടിന് കൊച്ചിയില്‍ തിരിച്ചെത്തി.

നിരവധി ലോകനഗരങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള പ്രൊഫ. ഹത്ത പറഞ്ഞു. 'ഏതു നഗരത്തെയും കിടപിടിക്കുന്ന ഒന്നാണ് കേപ്പ് ടൗണ്‍. കെട്ടിടങ്ങള്‍ ശില്‍പസൗന്ദര്യത്തിന്റെ പ്രതീകമാണ്.'  ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന മുംബൈ കഫേ.യും ഈസ്റ്റ് ഫുഡ് ഇന്ത്യ ഹോട്ടലും മറ്റും നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.

Content Highlights: A visit to Robben island, the prison that held South African leader Nelson Mandela