ആധാര് കാര്ഡും താമസിക്കുന്ന ഹോട്ടലിന്റെ വിവരവും ഫോട്ടോയുമെല്ലാം അപ് ലോഡ് ചെയ്ത് നല്കി പണവുമടച്ചാല് ഐഎല്പി കിട്ടും

ഒരു വർഷം മുൻപ് മാത്രം പ്രവർത്തനം തുടങ്ങിയ റെയിൽവേ സ്റ്റേഷനാണ് സൈറാങ്ങ്. മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലേയ്ക്ക് തീവണ്ടി മാർഗം എത്താൻ സൈറാങ്ങ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഗുവാഹത്തിയിൽനിന്ന് രാത്രി കയറിയാൽ രാവിലെ സൈറാങ്ങിലെത്താം.
ഷില്ലോങ്ങിൽനിന്ന് മലയിറങ്ങി ഗുവാഹത്തിയിലെത്തി തീവണ്ടി കയറി. ഉറങ്ങിയെണീക്കുമ്പഴേയ്ക്ക് മിസോറാമിലെത്താമെന്നാണ് കരുതിയതെങ്കിലും തീവണ്ടി വൈകി. രാവിലെ എട്ടര മണിയ്ക്ക് സൈറാങ്ങിൽ എത്തേണ്ട വണ്ടി ഒന്നരമണിക്കൂറോളം വൈകിയോടിക്കോണ്ടിരിക്കുകയാണ്. പക്ഷേ, വൈകിയത് നന്നായി.
കുഞ്ഞുനാളിൽ വെളുത്ത പേപ്പറിൽ നമ്മൾ കുന്നുകളെ വരയ്ക്കാറുണ്ടായിരുന്നില്ലേ? രണ്ട് മലനിരകൾക്കിടയിലൂടെ ഉദിച്ച് വരുന്ന സൂര്യനെ വരച്ചുവെച്ച ആ ഭാവന യഥാർത്ഥത്തിൽ ഈ യാത്രയിൽ കാണാം. സൂര്യനെ കാണാൻ പറ്റിയില്ല, പക്ഷേ, കുന്നുകളുടെ കാഴ്ച മനോഹരം. മേഘങ്ങൾക്കിടയിൽ നിന്ന് പച്ചക്കുന്നുകൾ ചെങ്കുത്തായി താഴേയ്ക്കിറങ്ങി വരുന്നു. മിക്കതും മുളങ്കാടുകളാണ്. നമ്മുടെ നാട്ടിൽ കാണുന്ന മുളയല്ല. കുറേക്കൂടി മനോഹരമായ ഇലകളുള്ള മുളകൾ. കാടിനെ ഇന്നാട്ടുകാർ കാര്യമായി ഇല്ലാതാക്കിയിട്ടില്ല. അതുകൊണ്ട് കുന്നുകളെല്ലാം പച്ചനിറം പുതച്ചുറങ്ങുന്നു.
ഇടയ്ക്ക് മാത്രം മുളങ്കാടിനുള്ളിൽ നീളൻ വാഴകണ്ടു. മേഘാലയയിൽനിന്ന് തന്നെ ശ്രദ്ധിക്കുന്നുണ്ട്, ഇന്നാട്ടിൽ വാഴയ്ക്ക് നീളം അൽപ്പം കൂടുതലാണെന്ന് തോന്നുന്നു. മിസോറാമിലെ ചെങ്കുത്തായ മലഞ്ചെരുവുകളിൽ തിങ്ങി നിറയും പോലെ വാഴ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ചിലയിടത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ തേയിലത്തോട്ടങ്ങളുണ്ട്. കുന്നുതുരന്നുള്ള ചെറു തുരങ്കങ്ങളും കുന്നുകളെ പരസ്പരം ചേർത്ത് പിടിക്കാൻ കെട്ടിയ പാലങ്ങളും കടന്ന് തീവണ്ടി മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്നു. ഗുവാഹത്തിയിൽ നിന്ന് രാത്രി തുടങ്ങിയ യാത്ര പുലർച്ചെ അവസാനിച്ചിരുന്നുവെങ്കിൽ സത്യത്തിൽ നഷ്ടമായിപ്പോയേനെ. മുളങ്കാടുകളൊളിപ്പിച്ച കാറ്റും പേറി കൂർത്ത് കൂർത്ത് മുകളിലേയ്ക്ക് കയറിപ്പോകുന്ന ഓരോ കുന്നും മേഘക്കൂട്ടങ്ങളെ കെട്ടിപ്പിടിക്കുന്നു. ഈ കാഴ്ചയ്ക്ക് വേണ്ടി മാത്രം ഓരോ സഞ്ചാരിയ്ക്കും ഇതുവഴി വരാം. നഷ്ടമാകില്ല, ഉറപ്പ്.
ഇന്നലെ രാത്രി ഏഴിന് തുടങ്ങിയ യാത്ര ന്യൂ ഹാഫ്ലോങ്ങും ബദർപൂർ ജംഗ്ഷനും ബൈറാബിയും പിന്നിട്ട് സൈറാങ്ങിലേയ്ക്ക് കടക്കുന്നു. തിരക്കുകളൊന്നുമില്ലാത്ത സ്റ്റേഷനിലേയ്ക്ക് വണ്ടി പതിയെ കയറിത്തുടങ്ങിയപ്പോൾ വന്ന തീവണ്ടിപ്പാതയെക്കുറിച്ച് തന്നെയാണ് ചിന്തിച്ചത്. കഠിനമായ ഈ ഭൂപ്രകൃതിയിലൂടെ എങ്ങനെയാവും തൊഴിലാളികൾ ഈ പാത നിർമ്മിച്ച് തീർത്തിട്ടുണ്ടാവുക?
1998-ലാണ് സൈറാങ്ങിലെ റെയിൽവേ സ്റ്റേഷനേക്കുറിച്ചും ഇവിടം വരെയുള്ള പാതയേക്കുറിച്ചും ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചത്. പിന്നീട് 2009-ൽ പദ്ധതി പ്രഖ്യാപിച്ചു. 2016-ൽ പണി തുടങ്ങി 2025 സപ്തംബർ 13-ന് രാജ്യത്തിന് സമർപ്പിച്ചു. ബൈറാബിയിൽനിന്ന് സൈറാങ്ങിലേക്കുള്ള 52 കിലോമീറ്റർ ദൂരം പാതയുണ്ടാക്കൽ അതീവ ദുഷ്‌കരമായിരുന്നു. ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം എതിരായിരുന്നു. അതിനോടെല്ലാം പടപൊരുതി തൊഴിലെടുത്തവർക്ക് ദുരന്തം സമ്മാനിച്ച് 2023 ആഗസ്തിൽ ഒരു പാലം തകർന്ന് വീണു. 26 പേരാണ് അന്ന് മരിച്ചത്. അതിന് ശേഷവും പണി തുടർന്നു, ഒടുവിൽ പാത സാധ്യമായി.
സൈറാങ്ങിലിറങ്ങിയതോടെ മിസോറാമിൽ കാലുകുത്തി. എന്നാൽ എല്ലായിടത്തെയും പോലെ ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വെറുതേയങ്ങ് പുറത്തിറങ്ങിപ്പോകാൻ കഴിയില്ല. ഇന്നർ ലൈൻ പെർമിറ്റ്, അഥവ ഐഎൽപി ഉള്ളവർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ പറ്റു. മിസോറാമിൽ സ്ഥിര താമസമാക്കിയവർക്ക് ഐഎൽപി വേണ്ട. എന്നാൽ പുറത്തു നിന്ന് വരുന്ന എല്ലാവരും ഐഎൽപി എടുക്കണം. പുറത്തേയ്ക്കിറങ്ങുന്ന കവാടത്തിൽ പോലീസുകാർ കാവൽ നിൽക്കുന്നുണ്ട്. അവരുടെ പരിശോധനയ്ക്ക് ശേഷമേ നമുക്ക് പുറത്ത് കടക്കാൻ പറ്റു.
ഐഎൽപി എടുക്കാൻ രണ്ട് മാർഗ്ഗമാണുള്ളത്. ഒന്നുകിൽ ഓൺലൈനായി എടുക്കാം. അതിന് ആധാർ കാർഡും താമസിക്കുന്ന ഹോട്ടലിന്റെ വിവരവും ഫോട്ടോയുമെല്ലാം അപ് ലോഡ് ചെയ്ത് നൽകി പണവുമടച്ചാൽ ഐഎൽപി കിട്ടും. പക്ഷേ ഇന്റർനെറ്റ് പതുക്കെയായാൽ ഇത്തിരി പണിയാണ്. അതുകൊണ്ട് ഞങ്ങള് കൗണ്ടറിൽ നിന്ന് എടുക്കാമെന്ന് കരുതി.
ഐഎൽപി കൗണ്ടറിൽ വരിനിന്നു. മുന്നിലെ മൂന്ന് പേർ ഫോം വാങ്ങിപ്പോയതിന് ശേഷം എന്റെ ഊഴമെത്തി. ആധാർ കാർഡും ഒപ്പം 350 രൂപയും നൽകിയപ്പോൾ ഫോം കിട്ടി. അത് വാങ്ങി തിരിഞ്ഞു നിൽക്കുമ്പോഴേയ്ക്ക് 'ഫോം ഫില്ല് ചെയ്യണോ' എന്ന് ചോദിച്ച് രണ്ട് മൂന്ന് പേർ പിറകേക്കൂടി. ചെയ്തോളു എന്ന് പറഞ്ഞ് ഫോം കൊടുത്തപ്പോൾ അവരത് വാങ്ങി തൊട്ടപ്പുറത്തെ മേശപ്പുറത്ത് വെച്ചു. രണ്ട് പേർ അവിടെ ഇരുന്ന് ഫോമുകൾ പൂരിപ്പിച്ച് കൊടുക്കുന്നുണ്ട്. ഒരു ഫോം പൂരിപ്പിക്കാൻ 50 രൂപയാണ് അവർക്ക് കൊടുക്കേണ്ടത്.
കേരളത്തിൽ നിന്നാണോ?
ഞാൻ അഡ്രസ് പറഞ്ഞ് കൊടുത്തത് ശ്രദ്ധയോടെ കേട്ട ഒരാൾ വിളിച്ചു ചോദിച്ചു.
അതെ.
''ഞാൻ വയനാട്ടിൽ പണിയെടുത്തിട്ടുണ്ട്.'' - ആ ചെറുപ്പക്കാരൻ പറഞ്ഞു.
വയനാട്ടിൽ എവിടെയാ?
''വൈത്തിരിയിലെ ഹോട്ടലിൽ.''
എങ്ങനെയുണ്ട് കേരളം?
''അടിപൊളിയാ.''
അവന്റെ ചിരിയിലുണ്ട് കേരളം നൽകിയ സ്നേഹം.
നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇരുന്നൂറും മുന്നൂറും രൂപയാണ് ദിവസക്കൂലി. ആ കൂലിയ്ക്ക് തന്നെ മിക്ക ദിവസവും പണിയുമുണ്ടാവില്ല. അങ്ങനെ പ്രയാസപ്പെടുന്ന മനുഷ്യരാണ് തീവണ്ടി കയറി കേരളത്തിലേയ്ക്ക് വരുന്നത്. ആയിരം രൂപയ്ക്കടുത്ത് ദിവസക്കൂലിയും ആശുപത്രിയും നല്ല സ്‌കൂളുകളും ഉൾപ്പെടെ സൗകര്യങ്ങളുമുള്ള കേരളം ഈ തൊഴിലാളികൾക്ക് സ്നേഹം സമ്മാനിക്കുന്നു. നമ്മുടെ നാട്ടുകാരെ പുറത്തെവിടെയെങ്കിലും കാണുമ്പോൾ ആ തൊഴിലാളികൾ ഇതുപോലെ സ്നേഹം പ്രകടിപ്പിക്കുന്നു.
സന്തോഷം.
ഫോറം പൂരിപ്പിച്ച ശേഷം അവർക്ക് 50 രൂപയും നൽകി വീണ്ടും കൗണ്ടറിനടുത്തേയ്ക്ക് നടന്നു. കൗണ്ടറിലിരുന്നയാൾ ഫോറം വാങ്ങി സീലൊക്കെ വെച്ച് ഒരു പേപ്പർ കയ്യിൽ തന്നു. ഇതാണ് ഐഎൽപി. അടുത്ത മൂന്ന് ദിവസം മിസോറാമിൽ തുടരാനുള്ള ഔദ്യോഗിക രേഖ.
മിസോറാമിന് പുറമെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് ഐഎൽ പി സംവിധാനം നിലവിലുള്ളത്. ഈ സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുമ്പോൾ ഐഎൽപി വേണം എന്ന് എല്ലാവരും ഓർക്കണം. ഐഎൽപിയില്ലാതെ പിടിക്കപ്പെട്ടാൽ പ്രയാസമാണ്. ഈ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഐഎൽപിയുടെ പ്രധാന ഉദ്ദേശ്യം. ആദിവാസികളുടെ ഭൂമി, സംസ്‌കാരം, വിഭവങ്ങൾ എന്നിവ സംരക്ഷിക്കാൻ പുറത്തു നിന്നുള്ള ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം എന്ന് ഭരണകൂടം നിശ്ചയിക്കുകയായിരുന്നു.
എന്തായാലും നമ്മൾ നിയമം പാലിച്ച് ഐഎൽപിയുമായി റെയിൽവേ സ്റ്റേഷന് പുറത്തേയ്ക്കിറങ്ങുന്നു. മണിപ്പൂരിലേയ്ക്കുള്ള യാത്ര മധ്യേയുള്ള കേന്ദ്രം മാത്രമാണ് നമുക്ക് മിസോറാം.
Content Highlights: Scenic train journey from Guwahati to Sairang through breathtaking mountain landscapes and bamboo forests., Details about the challenging construction of the Bairabi-Sairang railway line completed in September 2025., Step-by-step guide on obtaining the Inner Line Permit (ILP) required to enter Mizoram.
Published: 25 Sept 2026, 05:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented