തെക്ക് ചാഴൂർ പഞ്ചായത്തിലെ കുഞ്ഞാലുക്കലിൽനിന്നു തുടങ്ങി അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിലൂടെ ഏനാമാക്കൽ ഫെയ്‌സ് കനാലിൽ അവസാനിക്കുന്ന എട്ട് കിലോമീറ്ററും വടക്ക് മുല്ലശ്ശേരി പഞ്ചായത്തിലെ മാടക്കാക്കലിൽനിന്നു തുടങ്ങി വെങ്കിടങ്ങ് പഞ്ചായത്തിലൂടെ ഏനാമാക്കൽ ഫെയ്‌സ് കനാലിൽ അവസാനിക്കുന്ന എട്ട് കിലോമീറ്ററും ഉൾപ്പെടുന്നതാണ് ഹൈലെവൽ കനാൽ.
ഇടപെടലുണ്ടാകണം ഇൗ കർഷകർക്കുവേണ്ടി
സാങ്കേതിക തടസ്സങ്ങൾ നീക്കാതിരുന്നതും അവശേഷിക്കുന്ന ജോലികൾക്ക് ഫണ്ട് നൽകാതിരുന്നതുമാണ് പദ്ധതി പാതിവഴിയിലാവാൻ കാരണം. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വിഷയത്തിൽ കാര്യമായ ഇടപെടലുകളൊന്നും നടത്തിയില്ലെന്നും ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകളും ഉണ്ടായില്ലെന്നും കർഷകർ പറയുന്നു. നാലു റീച്ചുകളിലായി 16.44 കോടിയുടെ എസ്റ്റിമേറ്റാണ് അവസാനമായി തയ്യാറാക്കിയിരുന്നത്. അവശേഷിക്കുന്ന ജോലികൾക്ക് എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കെഎൽഡിസിക്ക് തുക അനുവദിച്ചിട്ടില്ല. പുതിയ പദ്ധതികളോ പുതുക്കിയ എസ്റ്റിമേറ്റോ തയ്യാറാക്കിയിട്ടുമില്ല.
ഇനി പൂർത്തിയാക്കേണ്ടത്
മുല്ലശ്ശേരി മാടക്കാക്കൽ മുതലുള്ള വടക്കുഭാഗത്തെ എട്ട് കിലോമീറ്ററിൽ തെക്കേ കോഞ്ചിറ കോൾപ്പടവിലൂടെ കടന്നുപോകുന്ന 600 മീറ്റർ ഭാഗത്ത് ആവശ്യമായ ബണ്ട് കനാലിനില്ല. ചെറുപാലങ്ങൾ, കലുങ്കുകൾ, റാമ്പുകൾ എന്നിവകൂടി നിർമിച്ചാൽ മാത്രമേ പദ്ധതി പൂർത്തിയാകൂ. തെക്ക് പദ്ധതി ആരംഭിച്ച സ്ഥലത്തു നിന്ന് 8.08 കിലോമീറ്റർ കനാൽ ആഴംകൂട്ടൽ, 9.31 കിലോമീറ്ററിൽ ബണ്ട് നിർമാണം എന്നിവയാണ് പൂർത്തിയായത്. മറ്റു പണികൾ എങ്ങുമെത്തിയിട്ടില്ല.
കാത്തിരിക്കുന്നത് 1000-ലധികം കർഷകർ
തെക്കുഭാഗത്തെ മണലൂർ,അന്തിക്കാട്, ചാഴൂർ പഞ്ചായത്തുകളിലെ അന്തിക്കാട് പാടശേഖരം, കാഞ്ഞാൻകോൾ, മണലൂർത്താഴം, വടക്കുഭാഗത്തെ വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, ഏലമുത, മണപ്പുഴ കണ്ണോത്ത് പടവ് പാടശേഖരങ്ങളിലെ 1000- ലധികം വരുന്ന കർഷകർക്ക് പദ്ധതി ഗുണമായേനെ. കരവെള്ളം പാടശേഖത്തിലേക്ക് ഇറങ്ങാതെ ഹൈലെവൽ കനാൽ വഴി ഏനാമാവ് ഫെയ്സ് കനാലിൽ എത്തുമായിരുന്നു. എന്നാൽ, മതിയായ കലുങ്കുകൾ ഇല്ലാത്തതു കാരണം വെള്ളം ഒഴുകിപ്പാകാതെ കരയിൽ വെള്ളക്കെട്ട് ഉണ്ടാകുകയാണ്.
കരവെള്ളം കൃഷിക്ക് തടസ്സം
മുണ്ടകൻ കൃഷി ആരംഭിക്കുന്നത് തുലാംമാസത്തിലാണ്. ഇതുമൂലം കരവെള്ളം പാടശേഖരത്തിലേക്ക് ഒഴുകി കൃഷി നശിക്കുന്നത് പതിവാണ്. കനാൽ യാഥാർഥ്യമായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടാതെ കലുങ്കുകളും റാമ്പുകളും അത്യാവശ്യമാണ്. പ്രധാനമായും കണ്ണോത്ത് - പുല്ല റോഡ് തുടങ്ങുന്ന കണ്ണോത്ത് കടവിലാണ് കലുങ്ക് വേണ്ടത്.
-സദാശിവൻ മതുക്കര, കർഷകൻ
കിഴക്കുഭാഗത്ത് ബണ്ട് റോഡ് സജ്ജീകരിക്കണം
ഹൈലെവൽ കനാലിന്റെ അവശേഷിക്കുന്ന തെക്കേ കോഞ്ചിറ ഭാഗത്തെ 600 മീറ്റർ ഭാഗം പൂർത്തിയാക്കി കോഞ്ചിറ പള്ളിയുടെ ഭാഗത്ത് പാലം നിർമിച്ചാൽ പദ്ധതി ഏറെ പ്രയോജനമാകും. കർഷകർക്ക് വിത്തും വളവും കൊണ്ടു പോകാൻ കിഴക്കേ ഭാഗത്തുകൂടി ബണ്ട് റോഡ് സജ്ജീകരിച്ചാൽ എലവത്തൂർ വരെയുള്ള യാത്ര ഏറെ സൗകര്യപ്രദമാകും.
- ജോർജ് പണ്ടൻ, ജോ. സെക്രട്ടറി, പടിഞ്ഞാറേ കരിമ്പാടം കോൾപ്പടവ്
പുതിയ പാക്കേജ്
ഹൈലെവൽ കനാലിന്റെ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ തൃശ്ശൂർ മേഖല കോൾ പാക്കേജ് പദ്ധതി തയ്യാറാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാകും.
-എ.ജി. ബോബൻ, കൺസ്ട്രക്ഷൻ എൻജിനീയർ, കെഎൽഡിസി
Published: 29 Sept 2025, 04:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented