ടി.എസ്. പട്ടാഭിരാമന് നാളെ 75-ാം പിറന്നാൾ
തൃശ്ശൂർ : റൗണ്ടിലെ കൊച്ചുതുണിക്കടയിൽനിന്നു തുടങ്ങി, ഇന്ന് കേരളവും കടന്ന് തമിഴ്‌നാട്ടിലും കർണാടകത്തിലും വിദേശത്തുംവരെ പടർന്നുപന്തലിച്ച കല്യാൺ സിൽക്സ് എന്ന മഹാപ്രസ്ഥാനം. പാരമ്പര്യത്തിന്റെയും പുതുമയുടെയും വർണനൂലുകൾ ചേർത്തുവെച്ച് ബിസിനസ് സാമ്രാജ്യം നെയ്‌തെടുത്ത ടി.എസ്. പട്ടാഭിരാമൻ നവംബർ 14-ന് ജീവിതത്തിന്റെ എഴുപത്തഞ്ചാം പടവിലേക്ക് കടക്കുകയാണ്. വിജയത്തിന്റെ കൊടുമുടികൾ കീഴടക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരെക്കൂടി ചേർത്തുപിടിച്ച് വളരുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതദർശനം. ‘ദ സിൽക്ക് മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, അതൊരു ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയുടെ മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയുംകൂടി ആഘോഷമാണ്.
75-ാം പിറന്നാളാഘോഷവേളയെ മനോഹരമായൊരു തീരുമാനത്തിലൂടെ അർഥവത്താക്കുകയാണ് അദ്ദേഹം. സ്വന്തമായി വീടില്ലാത്ത ഏറ്റവും നിർധനരായ 75 കുടുംബങ്ങൾക്ക് ഈയവസരത്തിൽ തണലൊരുക്കും. ഒന്നരവർഷത്തിനകം ഈ കുടുംബങ്ങളുടെ സ്വപ്നം യാഥാർഥ്യമാകും. ‘‘നമ്മൾ ഈ ലോകത്തുനിന്ന് വിടവാങ്ങുമ്പോൾ ജനങ്ങൾ സ്നേഹത്തോടെ ഓർക്കണമെങ്കിൽ സമൂഹത്തിന് തിരികെയെന്തെങ്കിലും നൽകണം, പണമല്ല ജീവിതത്തിലെ എല്ലാം’’ എന്ന പട്ടാഭിരാമന്റെ വാക്കുകൾത്തന്നെയാണ് എഴുപത്തഞ്ചാംപിറന്നാളിന്റെ വലിയ സന്ദേശം.
ബിസിനസ് മന്ദഗതിയിലായ കാലത്തുപോലും നെയ്‌ത്തുകാരെ കൈവിടാതെ, അവർ നെയ്യുന്ന തുണിത്തരങ്ങൾ പൂർണമായും ഏറ്റെടുത്ത് ന്യായമായ കൂലി നൽകി ചേർത്തുപിടിക്കുക എന്നതായിരുന്നു പട്ടാഭിരാമന്റെ രീതി. അദ്ദേഹത്തിന്റെ കൈപിടിച്ചുവളർന്ന നൂറിലധികം നെയ്‌ത്തുകാർ ഇന്ന് ഈ സ്ഥാപനത്തിന്റെ കരുത്തായി ഒപ്പംനിൽക്കുന്നു. പ്രളയകാലത്തും കോവിഡ്പ്രതിസന്ധിയിലും ജീവനക്കാരിലൊരാളെപ്പോലും പിരിച്ചുവിടാതെ കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നൽകി കൂടെനിർത്തി.
സർക്കാർ സി.എസ്.ആർ. പ്രവർത്തനങ്ങൾ നിർബന്ധമാക്കുന്നതിന് എത്രയോമുൻപ് അദ്ദേഹം ജീവകാരുണ്യരംഗത്തിറങ്ങിയിരുന്നു. പലവിധ പ്രാരബ്‌ധങ്ങളുമായി എല്ലാ മാസവും ഓഫീസിലെത്തുന്ന നൂറുകണക്കിനുപേരെയാണ് സാമ്പത്തികസഹായവും മറ്റു പിന്തുണയും നൽകി ആശ്വസിപ്പിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമയ്ക്കായി പൂങ്കുന്നം അഗ്രഹാരത്തിൽ ക്ലിനിക്കോടുകൂടി 2010 മുതൽ പ്രവർത്തിക്കുന്ന ജാനകി പട്ടാഭിരാമൻ സ്‌മൃതി ട്രസ്റ്റിനു കീഴിലും വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഇഴമുറിയാതെ കൈമാറുന്ന പാരമ്പര്യത്തിന്റെ തുടക്കം 1909-ൽ മുത്തച്ഛൻ ടി.എസ്. കല്യാണരാമ അയ്യർ തൃശ്ശൂരിലാരംഭിച്ച കുടുംബവ്യാപാരത്തിൽനിന്നായിരുന്നു. ബിരുദപഠനത്തിനുശേഷം, 21-ാം വയസ്സിൽ പിതാവിന്റെ ആഗ്രഹപ്രകാരമാണ് പട്ടാഭിരാമൻ ബിസിനസിന്റെ ഭാഗമാകുന്നത്. ദീർഘവീക്ഷണവും ഉപഭോക്താക്കളുമായുള്ള ആത്മബന്ധവും പാരമ്പര്യമായി ലഭിച്ച തുണിയറിവുകളും കൈകോർത്തപ്പോൾ വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. പിന്നീട്, നഗരഹൃദയം വിട്ട് പാലസ് റോഡിലേക്കു മാറാനും കേരളത്തിലെത്തന്നെ ഏറ്റവും മികച്ച പാർക്കിങ് സൗകര്യങ്ങളോടുകൂടിയ അതിവിപുല ഷോറൂം തുടങ്ങാനും അദ്ദേഹം കാണിച്ച ധൈര്യം കേരളത്തിലെ വസ്ത്രവിപണിയുടെ മുഖച്ഛായതന്നെ മാറ്റി. ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ബ്രൈഡൽ സാരി അവതരിപ്പിച്ചും സ്വന്തമായി നെയ്‌ത്തുകേന്ദ്രങ്ങളും ഡിസൈൻ സ്റ്റുഡിയോകളും സ്ഥാപിച്ചും അദ്ദേഹം കല്യാൺ സിൽക്‌സിനെ വേറിട്ടൊരു ബ്രാൻഡാക്കി വളർത്തി.
കേരളത്തിലും വിദേശങ്ങളിലുമുള്ള ഷോറൂമുകൾക്കു പുറമേ, ഓൺലൈൻ വ്യാപാരരംഗത്തേക്കു കടന്നും ഇന്ന് കല്യാൺ സിൽക്സ് ലോകമലയാളികളുടെ പ്രിയബ്രാൻഡായി വളർന്നു. മക്കളായ പ്രകാശും മഹേഷും മരുമക്കളായ വർധിനിയും മധുമതിയും കൊച്ചുമകനുമെല്ലാം ഇന്ന് ആ ബിസിനസ്‌യാത്രയിൽ ഒപ്പമുണ്ട്. പുതിയകാലത്തിനൊത്തുള്ള ഫാഷൻ ട്രെൻഡുകൾക്കൊപ്പവും കല്യാൺ സിൽക്സുണ്ട്. ജെൻസികളുടെ അഭിരുചികൾക്കനുസരിച്ചു തുടക്കമിട്ട ഫാസിയോ ഷോറൂമുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൈപ്പർ മാർക്കറ്റ് രംഗത്തും കേരളത്തിലുടനീളം വലിയ സാന്നിധ്യമായി മാറി.
ആഘോഷത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
: ശനിയാഴ്‌ച തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായ പിറന്നാൾ ആഘോഷച്ചടങ്ങിനു മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യതിരി തെളിക്കും.
പട്ടാഭിരാമന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനംചെയ്യും. 75 കുടുംബങ്ങൾക്കുള്ള ഭവനനിർമാണപദ്ധതിയുടെ പ്രഖ്യാപനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
Published: 13 Nov 2026, 02:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented