മാള : മാളയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിർമിച്ച തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം (എ.ബി.സി.) വേഗത്തിൽ പ്രവർത്തനം തുടങ്ങും.
മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാൽ വേഗത്തിൽ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് മാതൃഭൂമി വാർത്ത സഹിതം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
പദ്ധതിയുടെ ഭാഗമായി 41,91,146 രൂപ ചെലവിൽ മാള ബ്ലോക്ക് വെറ്ററിനറി പോളിക്ലിനിക്കിൽ എ.ബി.സി. കേന്ദ്രം ഒരുക്കി 2025 ഒക്ടോബർ 30-ന് ഉദ്‌ഘാടനം നടത്തിയ ശേഷം പൂട്ടിയിടുകയായിരുന്നു.
അന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ഉദ്‌ഘാടനം നടത്തിയതല്ലാതെ സൗകര്യങ്ങളൊരുക്കി അനുമതി നേടിയിരുന്നില്ല. ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ലെങ്കിലും പ്രവർത്തനത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മാള ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ എ.ബി.സി. സെന്ററിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റു സാമഗ്രികളും വാങ്ങുന്നതിന് ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത്, മാള, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകൾ, ആളൂർ, അന്നമനട, കുഴൂർ, മാള, പൊയ്യ, അതിരപ്പിള്ളി, കാടുകുറ്റി, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം പഞ്ചായത്തുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ എ.ബി.സി. കേന്ദ്രമാണ് മാളയിൽ നിർമിച്ചത്.
നായ്ക്കളെ പാർപ്പിക്കുന്നതിനായി 36 കൂടുകളാണ് നിർമിച്ചിട്ടുള്ളത്. കൂടാതെ നാല് ഐസൊലേറ്റഡ് കൂടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പത്ത് നായ്ക്കളെ വരെ ശസ്ത്രക്രിയ നടത്താവുന്ന സൗകര്യമാണ് ഇവിടെയുള്ളത്.
ശസ്ത്രക്രിയ കഴിഞ്ഞാൽ അഞ്ച് ദിവസം നിരീക്ഷണത്തോടെ കൂടുകളിൽ പാർപ്പിക്കും. എ.ബി.സി. കേന്ദ്രത്തിലേക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകളും ആവശ്യമാണ്.
ഉദ്‌ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും എ.ബി.സി. കേന്ദ്രം പ്രവർത്തനം തുടങ്ങാൻ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാള മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി നിരവധി പേർക്ക് കടിയേറ്റിട്ടും അധികൃതർ ഈ വിഷയത്തെ ലാഘവത്തോടെയാണ് കാണുന്നതെന്നാണ് ആക്ഷേപം.
Published: 07 Sept 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented