ചാലക്കുടി നഗരസഭയുടെ വടക്കേ ബസ്‌സ്റ്റാൻഡിന് ശാപമോക്ഷം

To advertise here,

ചാലക്കുടി : പട്ടണത്തിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണാൻ നഗരസഭ വർഷങ്ങൾക്കുമുൻപ് പണി തീർത്ത വടക്കേ ബസ്‌സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാൻ ഇനിയും കടമ്പകളേറെ. ജില്ലാതല ട്രാഫിക് ഉപദേശകസമിതി കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ ആവശ്യപ്പെട്ട നിർമാണങ്ങൾക്കുവേണ്ട തുകയായ 10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോഴാണ്.

ടെൻഡർനടപടികൾ പൂർത്തിയാക്കി നിർമാണം ഉടൻ തുടങ്ങുമെന്ന് നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു പറഞ്ഞു. ജില്ലാ കളക്ടറുടെ പ്രതിനിധി, പോലീസ്, മോട്ടാർ വാഹനവകുപ്പ് എന്നിവയുടെ ജില്ലാ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു സംഘമാണ് ട്രാഫിക് ഉപദേശകസമതിയുടെ ഭാഗമായി ഒരു വർഷംമുൻപ് ബസ്‌സ്റ്റാൻഡ് സന്ദർശിച്ച് മാറ്റങ്ങൾ നിർദേശിച്ചത്.

യാത്രക്കാർക്ക് ഇരിപ്പിടമൊരുക്കുക, ശൗചാലയസൗകര്യങ്ങൾ വർധിപ്പിക്കുക, ബസ്‌സ്റ്റാൻഡ് യാർഡും കച്ചവടസ്റ്റാളുകളും തമ്മിൽ വേർതിരിവുണ്ടാക്കുക, ബസുകൾ വരുന്നതിനും പോകുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ബസ്‌സ്റ്റാൻഡിന് സ്ഥിരാനുമതി ലഭിക്കുന്നതിനുള്ള നിർദേശങ്ങൾ. ഇതു പ്രകാരമുള്ള നിർമാണങ്ങൾ നടത്തുമെന്ന് ചെയർപേഴ്സൺ ആലീസ് ഷിബു പറഞ്ഞു.

നിർമാണം ഇപ്പോഴുള്ള സ്ഥിതിയിലെത്താൻതന്നെ വർഷങ്ങളെടുത്തു. ഭരണസമിതികൾ മാറിമാറി വന്നപ്പോൾ മൂന്നു വട്ടമാണ് പ്രവർത്തനോദ്ഘാടനം നടത്തിയത്. അന്നൊക്കെ താത്കാലികാനുമതിയോടെയാണ് പ്രവർത്തനമാരംഭിച്ചത്. അധിക ദിവസങ്ങൾ കഴിയുന്നതിനു മുൻപ് പ്രവർത്തനം നിലക്കുകയും ചെയ്തു. പട്ടണം കൂടുതൽ വളർന്നതോടെ ഇപ്പോൾ വടക്കേ ബസ്‌സ്റ്റാൻഡ് വളരെ അനിവാര്യമാണ്.

വലിയ തുക ഘട്ടംഘട്ടമായി ചെലവഴിച്ചാണ് ഇന്നത്തെ നിലയിലുള്ള സൗകര്യങ്ങളെങ്കിലുമാക്കിയത്. എന്നാൽ, ഇതിന് വേണ്ടത്ര ഗൗരവം അധികൃതർ നൽകുന്നില്ല. ഉദ്ഘാടനം പലവട്ടം കഴിഞ്ഞിട്ടും യാത്രക്കാരെ ഇറക്കാനും കയറ്റാനും ബസുകൾ വരുന്നില്ല. നഗരത്തിൽ 100-ലധികം സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ പകുതിയോളം ബസുകൾ വടക്കേ ബസ്‌സ്റ്റാൻഡിൽ എത്തേണ്ടവയാണ്.

ഇപ്പോൾ ബസുകൾ എത്താത്തതിനാൽ യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. ബസ്‌സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയാൽ പട്ടണത്തിന് വടക്കുഭാഗത്തെ തിരക്ക് കുറയ്ക്കാനാകും. വടക്കെ ബസ്‌സ്റ്റാൻഡ് പരിസരത്തുള്ള ആനമല ജങ്ഷൻ, ട്രാംവേ റോഡുഭാഗങ്ങൾ തുടങ്ങിയവ പ്രധാന വാണിജ്യകേന്ദ്രങ്ങളായി വളർന്നുവരുകയാണ്.

ഈ ഭാഗത്തേക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചു. വടക്കേ ബസ്‌സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ബസുകളുടെ വരവു നിലച്ച സ്റ്റാൻഡിൽ ഇപ്പോൾ മറ്റു വാഹനങ്ങളുടെ പാർക്കിങ്സ്ഥലവും കേടുവന്ന പഴയ വാഹനങ്ങൾ തള്ളുന്ന ഇടവുമായി മാറിയിരിക്കുകയാണ്.