ആര്യനാട് : ആര്യനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോ പരാധീനതകളുടെ നടുവിലായിട്ട് വർഷങ്ങൾ. ഡിപ്പോക്കുള്ളിൽ കുണ്ടും കുഴിയുമായി. വൻ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായിട്ടും നവീകരണത്തിന് നടപടിയില്ല. കുഴികളിൽപ്പെട്ട് ലോ-ഫ്ളോർ ഉൾപ്പെടെയുള്ള ബസുകൾ ദിവസവും തകരാറിലാകുന്നുണ്ട്.
മഴക്കാലമായാൽ ഡിപ്പോക്കുള്ളിൽ വലിയ വെള്ളക്കെട്ടാകും. ഇതുമൂലം യാത്രക്കാർ ഡിപ്പോയിൽ പ്രവേശിക്കാതെ റോഡിൽനിന്നാണ് ബസിൽ കയറുന്നത്.
വർക്ഷോപ്പ് പൊളിഞ്ഞനിലയിൽ
ഡിപ്പോയിലെ വർക് ഷോപ്പ് ഡിപ്പോ തുടങ്ങിയസമയത്തെനിലയിൽ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. മേൽക്കൂരമുഴുവൻ പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. മഴപെയ്താൽ കുടചൂടിവേണം ജീവനക്കാർ ബസുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു.
തെരുവുനായശല്യം രൂക്ഷം
ഡിപ്പോയിൽ തെരുവുനായ്ക്കളുടെ ശല്യമാണ് യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം. സ്കൂൾക്കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ എത്തുന്ന ഡിപ്പോയിൽ തെരുവുനായ്ക്കളെ കാരണം ഡിപ്പോക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തസ്ഥിതിയാണ്.
ഇവ തമ്മിൽ കടിപിടികൂടുന്നതുകാരണം യാത്രക്കാർ ഭീതിയോടെയാണ് ഡിപ്പോയിൽ നിൽക്കുന്നത്. കാത്തിരിപ്പുകേന്ദ്രത്തിൽ എത്തുന്ന വിദ്യാർഥികളും മറ്റ് ചില ജീവനക്കാരും ആവശ്യമായ ബിസ്കറ്റും മിഠായികളും എറിഞ്ഞുകൊടുക്കുന്നതു കാരണം അവ ഡിപ്പോയിൽത്തന്നെ തമ്പടിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ള തെരുവുനായ്ക്കളാണ് ഡിപ്പോയിലേക്ക് പ്രവേശിക്കുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ യൂണിഫോം അല്ലാത്ത ആര് ഡിപ്പോയ്ക്കുള്ളിൽ പ്രവേശിച്ചാലും ഇവ കുരച്ചുകൊണ്ട് അവരെ ആക്രമിക്കാൻ ശ്രമിക്കും. പലപ്പോഴും തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്.
സ്ഥലപരിമിതി പ്രശ്നം
ഡിപ്പോയിലെ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നമായി യാത്രക്കാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്. രാത്രിയിൽ ഡിപ്പോയിലെ ബസുകൾ ഒതുക്കുന്നതിന് സ്ഥലമില്ലാത്തതിനാൽ റോഡിന് ഇരുവശവുമായാണ് ബസുകൾ ഒതുക്കുന്നത്. ഇതിന് യാതൊരു സുരക്ഷയും ഇല്ലാത്ത സ്ഥിതിയാണ്.
കുടിവെള്ളത്തിന് സൗകര്യമില്ല
മറ്റ് ഡിപ്പോകളിൽ കുടിവെള്ളത്തിന് സൗകര്യം ഉണ്ടെങ്കിലും ആര്യനാട് ഡിപ്പോയിൽ കുടിവെള്ളത്തിനും മുട്ടാണ്. സ്കൂൾക്കുട്ടികൾ ഉൾപ്പെടെ ജീവനക്കാരുടെ കൈവശമുള്ള വെള്ളമാണ് ദാഹജലത്തിനായി ആശ്രയിക്കുന്നത്.
Published: 24 Nov 2026, 01:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented