ആവശ്യത്തിന് മരുന്നില്ലാതെ ഇരിങ്ങാലക്കുട ഇ.എസ്.ഐ. ആശുപത്രി

To advertise here,

ഇരിങ്ങാലക്കുട : ആവശ്യത്തിന് മരുന്നില്ലാതെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾ വലയുന്നു. ഇരിങ്ങാലക്കുട ബ്രദർ മിഷൻ റോഡിലുള്ള ഇരിങ്ങാലക്കുട ഇ.എസ്.ഐ. ആശുപത്രിയിലാണ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി മരുന്നില്ലാതെ രോഗികൾ വലയുന്നത്.

പാരസറ്റാമോൾ അടക്കമുള്ള ചില മരുന്നുകൾ മാത്രമാണ് ആശുപത്രിയിൽ ശേഷിക്കുന്നത്. ഷുഗർ, കൊളസ്ട്രോൾ, ബി.പി., ഇൻസുലിൻ അടക്കമുള്ള ഒരു മരുന്നും ആശുപത്രിയിൽ ലഭ്യമല്ല. ഇരിങ്ങാലക്കുട ആശുപത്രിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിനായി സൂക്ഷിച്ചിരുന്ന ഗോഡൗൺ ഷോട്സർക്കിറ്റുമൂലം കത്തിയതാണ് കാരണമെന്ന് പറയുന്നു. പിന്നീട് പലതവണ മരുന്നുകൾ ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ രേഖാമൂലവും നേരിട്ടും അറിയിച്ചിട്ടും അധികാരികൾ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചെന്ത്രാപ്പിന്നി, എടവിലങ്ങ്, എറിയാട് തുടങ്ങിയ മേഖലകളിൽനിന്നായി പ്രതിദിനം 70-നും 80-നും മധ്യേ രോഗികൾ വിവിധ ആവശ്യങ്ങൾക്കായി ആശുപത്രിയിലെത്തുന്നുണ്ട്. ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പുറത്തേക്ക് എഴുതുകയാണ് പതിവ്. പുറത്തുനിന്നും മരുന്ന് വാങ്ങിയാൽ ചീട്ടും ബില്ലുമടക്കം ആശുപത്രിയിൽ സമർപ്പിച്ചാൽ മരുന്നു വാങ്ങിയ തുക നൽകുമെന്നാണ് പറയുന്നത്. എന്നാൽ അതിനും പലതവണ ആശുപത്രി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. മരുന്നു വാങ്ങിയ ചീട്ടുകൾ ആശുപത്രിക്ക് കൈമാറുന്നുണ്ടെങ്കിലും ബില്ല് പാസായി വരാൻ മാസങ്ങൾ എടുക്കുന്നുണ്ടെന്നും പരാതിയുണ്ട്. മാത്രമല്ല, ജില്ലയിൽ ദയ ആശുപത്രി മാത്രമാണ് ഇ.എസ്.ഐ. രോഗികൾക്ക് ആശ്രയം.