ബാലരാമപുരം : കരമന-കളിയിക്കാവിള പാതയുടെ മൂന്നാംഘട്ട വികസനത്തിനായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായ കൊടിനട-വഴിമുക്ക് റോഡിലെ കെട്ടിടം പൊളിച്ചുമാറ്റൽ ഇഴഞ്ഞുനീങ്ങുന്നതായി പരാതി. നിർമാണോദ്ഘാടനം അടുത്തമാസം നടത്താനാണ് തീരുമാനം. എന്നാൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വൈകുന്നത് നിർമാണോദ്ഘാടനത്തിനു തടസ്സമാകുമെന്നാണ് നാട്ടുകാരുടെ പരാതി.
കൊടിനടമുതൽ വഴിമുക്കുവരെയുള്ള ഒന്നരക്കിലോമീറ്റർ ദൂരത്തെ പാതവികസനമാണ് നടക്കാനുള്ളത്. 23.5 കോടിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (യു.എൽ.സി.സി.) ലഭിച്ചത്. പാതവികസനം തുടങ്ങിയ കരമനമുതൽ പ്രാവച്ചമ്പലംവരെയുള്ള കരാറെടുത്ത് പണി പൂർത്തിയാക്കിയത് ശ്രീധന്യ കൺസ്ട്രക്ഷൻസാണ്. പ്രാവച്ചമ്പലംമുതൽ കൊടിനടവരെയുള്ള രണ്ടാംഘട്ട വികസനത്തിന്റെ കരാറെടുത്ത് പണി പൂർത്തിയാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും. നിശ്ചിത കാലയളവിൽത്തന്നെ പണി പൂർത്തിയാക്കിയതോടെയാണ് കൊടിനട-വഴിമുക്ക് പാതവികസനവും ഊരാളുങ്കലിനു ലഭിച്ചത്.
കൊടിനടമുതൽ വഴിമുക്കുവരെയള്ള ഒന്നരക്കിലോമീറ്റർ ദൂരത്തിലുള്ള പാതവികസനം യാഥാർഥ്യമാകുമ്പോൾ ബാലരാമപുരം കവല വികസനവും ബാലരാമപുരം-വിഴിഞ്ഞം-കാട്ടാക്കട റോഡുകളിലെ വികസനപ്രവർത്തനങ്ങളും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
പാതവികസനവുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചതുമുതൽ പഞ്ചായത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ബാലരാമപുരം- നെയ്യാറ്റിൻകര റോഡിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു സമീപത്തായാണ് നെയ്യാറ്റിൻകരയിലേക്ക് ബസ് കയറുന്നതിന് യാത്രക്കാർ നിന്നിരുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതോടെ ബസ് സ്റ്റോപ്പ് കെട്ടിടം പൂർണമായി പൊളിച്ച് നെയ്യാറ്റിൻകര റോഡിലെ മറ്റൊരിടത്തേക്കു മാറ്റിയിരുന്നു. എന്നാൽ, കവലയോടു ചേർന്ന് ഇപ്പോൾ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും ഒരു മണ്ണുമാന്തിയന്ത്രവും വിരലിലെണ്ണാവുന്ന തൊഴിലാളികളുമാണുള്ളത്.
പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കു സമീപത്തായി സുരക്ഷാവേലികൾ തുടക്കത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരിടത്തുമില്ല. ഇത് കാൽനടയാത്രക്കാർക്കും നെയ്യാറ്റിൻകര ഭാഗത്തേക്കു പോകുന്ന വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്.
പ്രദേശത്ത് പോലീസിനെ നിയോഗിച്ചെങ്കിലും അവരുടെ സാന്നിധ്യം വല്ലപ്പോഴും മാത്രമായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റിയാൽ മാത്രമേ ബാലരാമപുരത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകൂയെന്ന് നാട്ടുകാർ പറയുന്നു.
Published: 24 Nov 2026, 01:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented