മുല്ലശ്ശേരി : മുണ്ടകൻ കൃഷിക്കായി മതുക്കര വടക്കേപ്പുറം പടവിൽ നിലമൊരുക്കം ആരംഭിച്ചതോടെ കോൾപ്പാടങ്ങളിൽ ദേശാടനപ്പക്ഷികളെത്തി. കൃഷിയൊരുക്കുന്നതിനായി ട്രാക്ടർ ഉപയോഗിച്ച് നിലം പൂട്ടുന്ന ജോലികൾ പുരോഗമിക്കുമ്പോഴാണ് വിവിധയിനം ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ പടവുകളിലെത്തിയത്.

To advertise here,

കഷണ്ടിക്കൊക്ക്, കരിക്കൊക്ക്, വർണക്കൊക്ക്, കുളക്കൊക്ക് തുടങ്ങിയ പക്ഷികളെയാണ് നിലവിൽ കോൾപ്പാടങ്ങളിൽ കൂടുതലായി കാണുന്നത്. ഞണ്ട്, ഞൗണി, ചെറുമീനുകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. കൃഷിയിടം ഒരുക്കുന്നതിനിടെ മണ്ണിൽനിന്ന് പുറത്തുവരുന്ന ചെറുജീവികളും മത്സ്യങ്ങളും പക്ഷികൾക്ക് ആഹാരമാകുന്നുണ്ട്.

 

പക്ഷിനിരീക്ഷകരും കോൾപ്പാടങ്ങളിലേക്ക് എത്തുന്നുണ്ട്. വിവിധയിനം ദേശാടനപ്പക്ഷികളെ അടുത്തുനിന്ന് നിരീക്ഷിക്കാനും ചിത്രങ്ങൾ പകർത്താനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. കൃഷിയും ജൈവവൈവിധ്യവും ഒരുമിച്ചു നിലനിൽക്കുന്ന കോൾപ്പാടങ്ങളുടെ പ്രാധാന്യമാണ് പക്ഷികളുടെ വരവ് വീണ്ടും ഓർമിപ്പിക്കുന്നത്.

അതേസമയം, 240 ഏക്കർ വിസ്തൃതിയിലാണ് ഇത്തവണ മുണ്ടകൻകൃഷിയിറക്കുന്നത്. എൻ.എസ്.സി.യുടെ ഉമ വിത്താണ് ഉപയോഗിക്കുന്നത്. ഈ വർഷം നടീൽ കൃഷിയാണ് നടത്തുന്നത്. ശനിയാഴ്ച മുതൽ 10 വരെ ഞാറിടും. ഏക്കറിന് 25 കിലോ വിത്താണ് ആവശ്യമായി വരുന്നത്. 120 ദിവസമാണ് ഉമ വിത്തിന്റെ മൂപ്പ്.