നവീകരണം നിലച്ചിട്ട് വർഷങ്ങൾ

To advertise here,

പുല്ലൂർ: വേനലെത്തുമ്പോൾ, കിണറുകളിൽ വെള്ളം കുറയുമ്പോൾ മുരിയാട് പഞ്ചായത്തിലെ 13, 14, 15 വാർഡുകളായ മുല്ലക്കാട്, തുറവൻകാട്, അമ്പലനട എന്നീ വാർഡുകളിലെ കുടുംബങ്ങൾ മുടിച്ചിറയെ കുറിച്ചോർക്കും. വർഷങ്ങളായി നിലച്ച നവീകരണപ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ കുടിവെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു അവർക്ക്.

മുരിയാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ മൂന്നുവാർഡുകളും സ്ഥിതി ചെയ്യുന്നത്. തുറവൻകാട് വാർഡിൽ മുടിച്ചിറ പാടശേഖരത്തോടുചേർന്നാണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്. ഒന്നരയേക്കറോളം വരുന്ന ചിറയിൽ മഴക്കാലത്ത് വെള്ളം സംഭരിച്ചാൽ വേനലിൽ ഈ മൂന്നു വാർഡുകളിലെ കിണറുകൾ വറ്റാതെ ഉണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എന്നാൽ പദ്ധതി യാഥാർഥ്യമാകാത്തതിനാൽ ഈ വാർഡുകളിൽ കുടിവെള്ളത്തിനായി ജനങ്ങൾക്ക് വാട്ടർ അതോററ്റിയെയും ചെറുകിട കുടിവെള്ളപദ്ധതിയെയുമാണ് ആശ്രയിക്കുന്നത്.

നേരത്തേ ചിറയിൽനിന്നു മുടിച്ചിറ പാടശേഖരത്തിൽ കൃഷി ചെയ്യാനായി ചിറയുടെ വടക്കേ അതിരിൽ റോഡിനോടുചേർന്ന് സ്ഥാപിച്ചിരുന്ന മോട്ടോർ ഷെഡ്ഡ് ഇപ്പോൾ ഉപയോഗശൂന്യമായ നിലയിലാണ്.

കുറച്ച് കർഷകർമാത്രമാണ് ഇപ്പോൾ കൃഷിയിറക്കുന്നത്.

മുടിച്ചിറയുടെ ചുറ്റും കെട്ടി അത് വൃത്തിയാക്കി മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം സംഭരിച്ചാൽ കൃഷിക്കുള്ള വെള്ളത്തിനും മൂന്നുവാർഡുകളിലെ ആയിരത്തിയ‍ഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഈ വാർഡുകളിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് മുടിച്ചിറയിലെ ചണ്ടിയും കാടും മാറ്റി ചിറയ്ക്കകത്തെ ചെളി കോരിയെടുത്ത് ആഴംകൂട്ടി ജലം സംഭരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. ജലസേചനവകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷവും മുൻ എം.എൽ.എ. കെ.യു. അരുണന്റെ പ്രാദേശികവികസന ഫണ്ടിൽനിന്നുള്ള 35 ലക്ഷവും ഉപയോഗിച്ചാണ് ചിറ വീണ്ടെടുക്കുന്നതിനും ജലം സംഭരിക്കുന്നതിനുമുള്ള നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നഗരസഞ്ചയികപദ്ധതിപ്രകാരം 39 ലക്ഷം ഉപയോഗിച്ച് ഒരേക്കറിലേറെ വിസ്തൃതിയുള്ള മുടിച്ചിറയുടെ വടക്കുഭാഗത്ത് കരിങ്കൽഭിത്തി നിർമാണം പഞ്ചായത്ത് പൂർത്തിയാക്കിയിരുന്നു.

പിന്നീട് എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്താണ് തെക്കുഭാഗത്തെ കോൺക്രീറ്റ് മതിലിന്റെ നിർമാണ നിർവഹണം നടത്തിയത്. 2021-ൽ ആരംഭിച്ച നവീകരണം 2022-ൽ പൂർത്തിയായി.

അതേവർഷം തന്നെ 132 മീറ്റർ നീളത്തിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തി കാലവർഷത്തിൽ തകർന്നുവീണതോടെ സാധാരണക്കാരായ ജനങ്ങളുടെ കുടിവെള്ളമോഹമാണ് തകർന്നുപോയത്.

(തുടരും)