മുല്ലശ്ശേരി : വടക്കേ കോഞ്ചിറയിൽ നെൽവിത്ത് വിതരണവുമായി ബന്ധപ്പെട്ട് കർഷകരെ അപമാനിച്ചെന്ന ആരോപണം ചർച്ച ചെയ്യണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം .ഇതേത്തുതുടർന്ന് വെള്ളിയാഴ്ച നടന്ന മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ബഹളത്തിൽ കലാശിച്ചു.

To advertise here,

വിത്തുവിതരണവുമായി ബന്ധപ്പെട്ട വിഷയം മുഖ്യ അജൻഡയായി ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന എൽ.ഡി.എഫ്. അംഗങ്ങളുടെ ആവശ്യം ഭരണപക്ഷം നിരാകരിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ 4,000 ഏക്കറോളം നെൽവയലുകളുണ്ടെന്നും വിത്തിനായി 45 ലക്ഷം മുതൽ 65 ലക്ഷം രൂപ വരെ ചെലവുവരുമ്പോൾ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം 35 ലക്ഷം രൂപ മാത്രമാണെന്നും ഇടത് അംഗം ടി.എൻ. ലെനിൻ ചൂണ്ടിക്കാട്ടി.

ഫണ്ട് അപര്യാപ്തത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല പാടശേഖരസമിതികൾക്കും കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനെത്തുടർന്ന് കർഷകരിൽനിന്ന് പണം ഈടാക്കേണ്ടിവന്നിട്ടുണ്ടെന്നും പിന്നീട് പണം തിരികെ നൽകിയിട്ടും ബന്ധപ്പെട്ട സമിതിക്കെതിരേ പ്രസിഡന്റ് ഏകപക്ഷീയമായി ആരോപണമുന്നയിച്ച് കർഷകരെ മൊത്തത്തിൽ അപമാനിച്ചെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷം കൈയിൽ കരുതിയിരുന്ന ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചതോടെ യോഗത്തിൽ ബഹളമായി. തുടർന്ന് പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു. ആഷിഖ് വലിയകത്ത്, ബിന്ദു സത്യൻ, വി.കെ. സുരേന്ദ്രൻ, എം.ജി. രതീഷ്, പി.എസ്. പ്രമീള, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പ്രതിഷേധത്തെത്തുടർന്നാണ് യോഗം പിരിച്ചുവിട്ടതെന്ന പ്രസ്താവന തെറ്റാണെന്നും 25 അജൻഡകൾ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ചതായും പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ്, വികസനകാര്യ ചെയർമാൻ അനിൽ ആതിര എന്നിവർ പറഞ്ഞു.