മേലാറ്റൂർ : വാഹനങ്ങളുടെ ഇടിയേറ്റ് തകരുകയാണ് ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയും കൈവരികളും.

To advertise here,

പാലക്കാട്-കോഴിക്കോട് ഷോർട്ട് ഹൈവേയും നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയും കടന്നുപോകുന്ന ഈ പാലത്തിന് വേണ്ടത്ര വീതിയില്ലാത്തതാണ് വാഹനങ്ങൾ വന്നിടിക്കാനുള്ള പ്രധാന കാരണം.

ഇടതടവില്ലാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്.

എന്നാൽ വീതി കുറവായതിനാൽ ഒരേ സമയം രണ്ടു വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ ഒരുമിച്ചുപോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ തിരക്കുള്ള സമയങ്ങളിൽ പാലത്തിനിരുവശങ്ങളിലും വാഹനങ്ങൾ നർത്തിയിട്ട് ഓരോ വാഹനങ്ങളാണ് കടന്നുപോകാറുള്ളത്.

രാത്രിയിൽ ഭാരം കയറ്റിവരുന്ന വാഹനങ്ങളാണ് പലപ്പോഴും വില്ലൻമാരാകുന്നത്. മേലാറ്റൂരിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുമ്പോൾ വളവ് തിരിഞ്ഞ് നിവരുന്ന ഭാഗത്താണ് പാലമുള്ളത്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവിടെ നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങൾ പാലത്തിന്റെ പാർശ്വഭിത്തിയിലും കൈവരികളിലുമെല്ലാം വന്നിടിക്കാറാണ് പതിവ്.

അമതിവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകാറുള്ളത്. ഒരാഴ്ചമുൻപ് പുലർച്ചെ ഈ രീതിയിൽ വിലിയൊരപകടം ഉണ്ടായി. ഭാരം കയറ്റി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ പാർശ്വഭിത്തിയിടിച്ച്‌ തകർത്തു. ഭാഗ്യംകൊണ്ടുമാത്രമാണ് ലോറി പുഴയിലേക്ക് വീഴാതിരുന്നത്. ഇത്തരം അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്.

കഴിഞ്ഞ വർഷമാണ് പാലത്തിന്റെ പാർശ്വഭിത്തിയും കൈവരികളുമെല്ലാം ബലപ്പെടുത്തിയത്. അതാണിപ്പോൾ വീണ്ടും വാഹനങ്ങളുടെ ഇടിയേറ്റ് തകരുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഈ പാലം ഇപ്പോഴും അതേ വീതിയിൽത്തന്നെയാണുള്ളത്. വാഹനങ്ങളുടെ എണ്ണത്തിലും വേഗതയിലും വലിയ വർധനയുണ്ടായിട്ടും പാലത്തിന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സംസ്ഥാനപാത നവീകരിക്കുമ്പോൾ ഒലിപ്പുഴയിലെ ഈ പാലവും വീതി കൂട്ടി പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.