വ്യാപാരികൾ തടഞ്ഞു, താക്കീതുമായി പോലീസ്
കയ്പമംഗലം : ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെന്റർ സ്റ്റോപ്പ് ഒഴിവാക്കി വീണ്ടും ബസ് ജീവനക്കാരുടെ അനധികൃത സർവീസ്. വ്യാപാരികൾ ഇടപെട്ട് ബസ് തടഞ്ഞതോടെ പോലീസെത്തി താക്കീത് നൽകി. പനമ്പിക്കുന്നിൽനിന്നും സർവീസ് റോഡിലൂടെ വന്ന് കാളമുറി സ്റ്റോപ്പിൽനിന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട ജീവനക്കാർ ഇതൊഴിവാക്കി മേൽപ്പാലം വഴി പോകുകയാണ് ചെയ്യുന്നത്.
കിലോമീറ്ററോളം നടന്ന് യാത്രക്കാർ ദുരിതത്തിലായതോടെ സെന്ററിലെ വ്യാപാരികൾ ഇടപെട്ട് ബസ് തടഞ്ഞിടുകയായിരുന്നു. മേൽപ്പാലത്തിലേക്ക് കയറുന്ന പനമ്പിക്കുന്നിലാണ് ബസ് തടഞ്ഞിട്ടത്. സംഭവമറിഞ്ഞെത്തിയ കയ്പമംഗലം പോലീസ് ബസ് ജീവനക്കാർക്ക് കർശന താക്കീത് നൽകി, പിഴ ചുമത്തി.
ഇനിയൊരു ബസും കാളമുറി ഒഴിവാക്കി പോകരുതെന്നും ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.ഐ. രഞ്ജിത്ത് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയപാതയിലെ കാളമുറി മേൽപ്പാലം തുറന്നതോടെയാണ് സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകളിലെ ജീവനക്കാർ റൂട്ട് തെറ്റിച്ച് പോകാൻ തുടങ്ങിയത്.
വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തും ഇടപെട്ടതോടെ പോലീസ് നടപടി സ്വീകരിച്ചതിനെത്തുടർന്ന് ബസുകൾ സർവീസ് റോഡ് വഴി വന്നിരുന്നു. ജനശ്രദ്ധ തിരിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം മുതൽ ബസ് ജീവനക്കാർ വീണ്ടും മേൽപ്പാലം വഴി പോകാൻ തുടങ്ങിയത്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കയ്പമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് വി.ആർ. ഉല്ലാസ്, കെ.പി. രെജി, കെ.എൻ. സജീവൻ, കെ. അനന്ദകൃഷ്ണൻ, ദാസൻ, സിദ്ദിഖ്, സിദ്ദഖി പൊന്നാത്ത്, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 04 Nov 2026, 02:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented