എക്കാട്ടി ചാൽ, വൻതോട്, വെണ്ണൂർത്തുറ, കരിക്കാട്ടി ചാൽ എന്നിവ നാശത്തിന്റെ വക്കിൽ
അന്നമനട : എക്കാട്ടി ചാൽ, വൻതോട്, വെണ്ണൂർത്തുറ, കരിക്കാട്ടി ചാലുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. നാല് പഞ്ചായത്തുകളുടെ ജലസമൃദ്ധിക്കും വെള്ളപ്പൊക്കനിവാരണത്തിനുമായി നബാർഡ് പ്രഖ്യാപിച്ച 56 കോടിയുടെ പദ്ധതി വഴിമാറിയതോടെയാണ് ഇവയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായത്. നിലവിൽ കൈയേറ്റങ്ങളും മണ്ണിടിച്ചിലുംമൂലം ഇവയുടെ സ്വാഭാവിക ഒഴുക്കുതന്നെ നിലച്ചനിലയിലാണ്. പലയിടത്തും കാടുപിടിച്ചപോലെ ചെടികളും വളർന്നിട്ടുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ കണിച്ചാംതുറ മുതൽ കുഴൂർ-അന്നമനട പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കരിക്കാട്ടിച്ചാൽവരെയുള്ള ചാലുകളുടെയും തോടുകളുടെയും ചിറകളുടെയും കുളങ്ങളുടെയും നവീകരണത്തിനാണ് നബാർഡ് 56 കോടി വകയിരുത്തിയത്. ചാലക്കുടിപ്പുഴയിലെ ഓക്സ്ബോ തടാകത്തിന്റെ വീണ്ടെടുക്കൽ, തോടുകളുടെയും ചാലുകളുടെയും നവീകരണം, ഗ്രാമീണ ടൂറിസം, ലിഫ്റ്റ് ഇറിഗേഷനുകൾ ശക്തിപ്പെടുത്തൽ, വെണ്ണൂർത്തുറ കെട്ടിസംരക്ഷണം ഉൾപ്പെടെ ഒട്ടേറേ പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്.
അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ഡേവിസിന്റെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. വിനോദിന്റെയും ശ്രമഫലമായാണ് പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ നടന്നിരുന്നത്. ഏതാണ്ട് നൂറ് കോടിയോളം വരുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് 56 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാൽ, പിന്നീട് കേന്ദ്രസർക്കാർ നബാർഡ് പദ്ധതിയിൽ വരുത്തിയ മാറ്റത്തെത്തുടർന്ന് ഇത് ഒഴിവാക്കുകയായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഡേവിസ് വിഷയത്തിൽ ഇടപെടുകയും ജില്ലാ ആസൂത്രണസമിതി വെണ്ണൂർത്തുറ നവീകരണത്തിന് 2 കോടി തുക അനുവദിക്കുകയും ചെയ്തു. ഇതിൽ വെണ്ണൂർത്തുറയ്ക്ക് ഒന്നേകാൽ കോടിയും കുഴൂർ പഞ്ചായത്തിലെ നെന്മേനിച്ചിറയ്ക്ക് 75 ലക്ഷവുമാണ് വകയിരുത്തിയത്. എന്നാൽ, ഇതുപയോഗിച്ച് കെട്ടിസംരക്ഷണമുൾപ്പെടെ ചില പണികളാരംഭിച്ചെങ്കിലും നാലിലൊന്നുപോലും പൂർത്തിയാക്കാൻ തുക തികഞ്ഞില്ല. നശിച്ച് വെണ്ണൂർത്തുറയും എക്കാട്ടി വൻ തോടും
അടിത്തട്ടിലെ ജലസാന്നിധ്യംതന്നെ മറയ്ക്കുന്ന നിലയിൽ വെണ്ണൂർത്തുറയിലും എക്കാട്ടി തോട്ടിലും കാടു വളർന്ന് പന്തലിച്ച നിലയിലാണ്്.
പുല്ലും ചണ്ടിയും മാലിന്യവുംമൂലം വെള്ളത്തിന് ദുഗന്ധവും നിറവ്യത്യാസവുമുണ്ട്. എക്കാട്ടി വൻതോട് വഴി വരുന്ന വെള്ളത്തിനാണ് നിറവ്യത്യാസവും ദുർഗന്ധവുമുള്ളത്. ഈ വെള്ളമാണ് പുറക്കുളം വഴി കരിക്കാട്ടിച്ചാലിലേക്കും വീണ്ടും പുഴയിലേക്കും എത്തുന്നത്. ഇതിനടിയിലെ കൃഷിയിടങ്ങളിലേക്കും നിരുറവകളിലേക്കും മലിനജലമെത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 30 വർഷമായി ഈ തോടിന്റെ നവീകരണത്തിന് വലിയ പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മുൻ പഞ്ചായത്തംഗം പ്ലാക്കൽ പൗലോസ് ആരോപിച്ചു.
നവീകരണത്തിന് പദ്ധതി തയ്യാറാക്കും
: കാർഷികഗ്രാമമെന്നനിലയിലും വെള്ളപ്പൊക്ക പ്രളയസാധ്യത ഏറെയുള്ള ഭാഗമെന്ന നിലയിലും വെണ്ണൂർത്തറ അടക്കമുള്ള തോടുകളുടെയും ചാലുകളുടെയും നവീകരണത്തിന് പ്രത്യേക പദ്ധതിയൊരുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ സജീവനും വൈസ് പ്രസിഡന്റ് പി.ഡി. ജോസും പറഞ്ഞു. കർഷകരെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയുള്ള കൂടിയാലോചനകളടക്കം നടത്തിയശേഷം കേന്ദ്ര സംസ്ഥാന പദ്ധതികളിലൂടെ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനുള്ള കർമപദ്ധതി തയ്യാറാക്കുമെന്ന് ഇരുവരും അറിയിച്ചു.
Published: 04 Nov 2026, 02:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented