തിരുവില്വാമല : ദേശീയപാതാവികസനത്തിന്റെ പേരിൽ തിരുവില്വാമല പാമ്പാടിയിലെ തച്ചോത്തുകുന്നിൽ നടക്കുന്ന വലിയതോതിലുള്ള മൺകൊള്ളയിൽ ആശങ്കയിലാണ് ഈ ഗ്രാമം. ജിയോളജി വിഭാഗത്തിന്റെ അനുമതിയുടെ മറവിൽ അഞ്ചേക്കർ വരുന്ന സ്വകാര്യ സ്ഥലത്താണ് മണ്ണെടുപ്പ്. പ്രാദേശിക പ്രതിഷേധങ്ങളിൽ തത്കാലികമായി മണ്ണെടുപ്പ് നിർത്തിയിട്ടുണ്ടെങ്കിലും മണ്ണെടുപ്പ് പൂർവാധികം ശക്തമായി തുടരുമെന്നതിന്റെ തെളിവാണ് ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്ന കുന്നിൻചെരുവിൽ വലിയ ആറ് ടോറസ്ലോറികൾ ഊഴം കാത്തുകിടക്കുന്നത്.
20 ഡിഗ്രി ചെരിവുള്ള സ്ഥലത്തുപോലും ഖനനത്തിന് അനുമതി ലഭിക്കില്ലെന്നിരിക്കെയാണ് ഇവിടെ മണ്ണെടുപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. 40 ഡിഗ്രിയോളം ചെരിവുള്ള കുന്നിൽ ഇളക്കിയിട്ട മണ്ണെടുത്തശേഷം ബാക്കിയായ, കൂട്ടിയിട്ടിരിക്കുന്ന ഉരുളൻ പാറക്കല്ലുകൾ, തൊട്ടപ്പുറത്ത് പാതിയായ കുന്ന്. പഞ്ചായത്തിൽ ജൈവവൈവിധ്യപരിപോഷണക്കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് ഇവർക്ക് അനുമതി ലഭിക്കാൻ ഒരു പ്രധാന കാരണമായതായി പറയുന്നു.
തിരുവില്വാമല പഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ ഭയപ്പെടുത്തുന്ന വലിയ മൺകൊള്ള. ഒന്നര ഏക്കറിലാണ് മണ്ണെടുപ്പ് നടക്കുന്നത്. 24,557 മെട്രിക് ടൺ മണ്ണെടുക്കാനാണു പദ്ധതി. ബാക്കിയുള്ള സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നതിനും ശ്രമമുണ്ട്.
മണ്ണെടുപ്പിന് അനുമതി കൊടുത്ത സർക്കാർസംവിധാനങ്ങൾ കാര്യമായ പാരിസ്ഥിതികപഠനം നടത്തിയില്ലെന്നതിനുദാഹരണമാണ് മണ്ണെടുക്കുന്നതിന്റെ 10 മീറ്റർ മാത്രം ദൂരത്തുള്ള കുടിവെള്ള പദ്ധതിയായ ജലനിധിയുടെ 10,000 ലിറ്റർ ജലം സംഭരണശേഷിയുള്ള വലിയ ജലസംഭരണിയും ആൾത്താമസമുള്ള വീടും. പാമ്പാടി 144-ാം നമ്പർ അങ്കണവാടിയിലേക്ക് 50 മീറ്ററിൽത്താഴെ മാത്രം. കൂടാതെ സമീപത്തുതന്നെയുള്ള വില്വാദ്രിനാഥക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന വില്വാദ്രിനാഥക്ഷേത്രവുമായി രാമൻചിറയും.
മണ്ണെടുപ്പിനു ശേഷമുണ്ടായ മഴയിൽ ഇവിടെനിന്നുള്ള മണ്ണും ചെളിയും നിറഞ്ഞ വെള്ളം ഒഴുകിയെത്തിയിരിക്കുന്നത് രാമൻചിറയിലേക്കാണ്. മണ്ണെടുത്ത് ലക്കിടി-പഴയന്നൂർ പ്രധാനപാതയിലെത്തുന്നതുവരെ ദേവസ്വംഭൂമിയിലെ റോഡും പഞ്ചായത്തുറോഡുമാണുള്ളത്. ഭാരവാഹനങ്ങളുടെ യാത്രയിൽ ഈ റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്.
വേനൽക്കാലത്ത് ടാങ്കർലോറികളിൽ ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ളം വിതരണംചെയ്യുന്ന മഴകുറഞ്ഞ-മഴനിഴൽപ്രദേശമായ തിരുവില്വാമലയിലെ മണ്ണെടുപ്പുപ്രദേശത്ത് വരൾച്ച രൂക്ഷമാകുമെന്ന് വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച വിദഗ്ധസംഘവും വിലയിരുത്തി.
Published: 08 Nov 2026, 03:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented