ഫുട്ഓവർ ബ്രിഡ്ജിന് അനുമതിയായെങ്കിലും നിർമാണം ആരംഭിച്ചില്ല

To advertise here,

തൃപ്രയാർ : ദേശീയപാത 66 നാട്ടിക ജങ്ഷനിൽ അടിപ്പാതയോ മേൽപ്പാലമോ ഇല്ലാത്തതിനാൽ യാത്ര അവതാളത്തിലായി. ദേശീയപാത നിർമാണം പൂർത്തിയായതോടെ നാട്ടിക സെന്റർ കിഴക്കും പടിഞ്ഞാറുമായി രണ്ടായി വെട്ടിമുറിക്കപ്പെട്ടു. നാട്ടിക ശ്രീനാരായണ കോളേജ്, എസ്.എൻ. ട്രസ്റ്റ് സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളും അധ്യാപകരുമാണ് കൂടുതൽ ദുരിതത്തിലായത്. ദിവസവും ഇവർ ബസിറങ്ങിയ ശേഷം ഉയരത്തിലുള്ള ഡിവൈഡറിനു മുകളിലൂടെ ചാടിക്കടന്നാണ് മറുവശത്ത് എത്തുന്നത്. ചാടിക്കടക്കുമ്പോൾ തടഞ്ഞ് വീഴുകയോ മറ്റോ സംഭവിച്ചാൽ അതിവേഗതയിൽ വരുന്ന വാഹനങ്ങൾ തട്ടി അപകടത്തിന് സാധ്യതയേറെയാണ്. ടോൾപ്ലാസ നാട്ടിക ജങ്ഷനു അല്പം വടക്കുമാറിയാണ്. അതിനാൽ ടോൾ നൽകാതെ പോകുന്നതിന് നാട്ടിക ബീച്ച് റോഡ്, ബാവു മാസ്റ്റർ റോഡ്, എസ്.എൻ. കോളേജ് റോഡ്, ഈസ്റ്റ്-വെസ്റ്റ് ടിപ്പു സുൽത്താൻ റോഡുകൾ എന്നിവ വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഭാരമേറിയ വാഹനങ്ങൾ നിരന്തരം പോകുന്നതിനാൽ ഈ റോഡുകളെല്ലാം താറുമാറായി. വീതി കുറഞ്ഞ റോഡുകളായതിനാൽ രണ്ടു ഭാഗത്തുനിന്നും വാഹനങ്ങൾ വന്ന് മിക്ക സമയത്തും ഗതാഗതസ്തംഭനമുണ്ടാകുന്നുണ്ട്.

പരിസരവാസികളായ ജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതോടെ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ പുത്തൻതോട് പാലം അപകടാവസ്ഥയിലായിട്ടുണ്ട്. നാട്ടിക സെന്ററിൽ ഫുട്ഓവർ ബ്രിഡ്ജിന് അനുമതിയായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. എവിടെ സ്ഥാപിക്കണമെന്നതിലെ ആശയക്കുഴപ്പമാണ് നിർമാണം നീണ്ടുപോകുന്നതിന് ഇടയാക്കുന്നതെന്ന് പറയുന്നു.