തൃശ്ശൂർ : കോർപറേഷൻ സ്റ്റേഡിയം ഫുട്‌ബോളിനോ, അത്‌ലറ്റിക്‌സിനോ എന്ന ചർച്ചയ്ക്കു വീണ്ടും ചൂടുപിടിക്കുന്നു. നിലവിലുള്ള ഗ്രൗണ്ട് വെട്ടിച്ചുരുക്കരുത് എന്നാവശ്യപ്പെട്ട് ഫുട്‌ബോൾ താരങ്ങളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച 'കോർപറേഷൻ ഫുട്‌ബോൾ ഗ്രൗണ്ട് സംരക്ഷണസമിതി' വ്യാഴാഴ്ച മേയർക്ക് നിവേദനം നൽകി. ഗ്രൗണ്ട് സംരക്ഷണ സമിതി ഭാരവാഹികളായ ഡേവിഡ് ആന്റോ, കെ.എ. നവാസ്, ബാബു കെ. ആന്റോ, പോൾ മഞ്ഞില, സി.കെ. മനോജ്, പി.ടി. ഗിൾട്ടൻ, പിയൂസ് കോടങ്കണ്ടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
സ്‌റ്റേഡിയത്തിലെ ട്രാക്ക് നവീകരിക്കുന്നതിനായി കോർപറേഷൻ നടപടികളാരംഭിച്ച പശ്ചാത്തലത്തിലാണിത്. ഫുട്‌ബോൾഗ്രൗണ്ടും സിന്തറ്റിക്‌ട്രാക്കും ഒരുമിച്ചുവരുന്നതിൽ എതിർപ്പില്ലെന്നാണ് ഇരുവിഭാഗവും പറയുന്നത്. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ച് സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ ഗ്രൗണ്ടും ഒന്നിച്ചു പണിയുക പ്രായോഗികമല്ല എന്നതാണ് യാഥാർഥ്യം. സ്ഥലപരിമിതിയുള്ളതിനാൽ വിട്ടുവീഴ്ച ചെയ്‌തോ ബദൽസൗകര്യങ്ങൾ ഏർപ്പെടുത്തിയോ വേണം പ്രശ്‌നം പരിഹരിക്കാൻ. വിക്ടർ മഞ്ഞില, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോ പോൾ അഞ്ചേരി, കെ.എഫ്. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുള്ളത്. തർക്കം വീണ്ടും ഉയർന്ന സാഹചര്യത്തിൽ 24-ന് ചർച്ചയാകാമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചതായി സമിതി കൺവീനർ സോളി സേവ്യർ പറഞ്ഞു.
ദേശീയമത്സരങ്ങൾ നടക്കാതാകും
ഫിഫ മാനദണ്ഡമനുസരിച്ച അളവിലുള്ള ഗ്രൗണ്ട് നിലനിർത്തി മറ്റെന്തു സ്‌പോർട്സിനും സ്റ്റേഡിയം ഉപയോഗിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നാണ് ഗ്രൗണ്ട് സംരക്ഷണസമിതി നിവേദനത്തിൽ പറയുന്നത്.
ഫിഫ അംഗീകാരമുള്ള മത്സരങ്ങൾ നടക്കാൻ ഗ്രൗണ്ടിന് ചുരുങ്ങിയത് 115 മീറ്റർ നീളവും 72 മീറ്റർ വീതിയും വേണം. ഇത് നഷ്ടപ്പെടുത്തി ട്രാക്ക് നവീകരിച്ചാൽ സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള ദേശീയ മത്സരങ്ങളോ കെ.എഫ്.എ. അംഗീകൃത ക്ലബ്ബ് മത്സരങ്ങളോ നടക്കില്ല.
സൂപ്പർലീഗ് കേരളയുടെ സഹായത്തോടെ ഗ്രൗണ്ട് പുനർനിർമിച്ചശേഷം 19 മാസങ്ങൾക്കുള്ളിൽ മുന്നൂറോളം മത്സരങ്ങൾ സ്‌റ്റേഡിയത്തിൽ നടന്നു.
കോർപറേഷൻ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിനു ചുറ്റും ട്രാക്ക് പണിയുന്നതിനായി മുന്നോട്ടുവെച്ച മാതൃകപ്രകാരം ഗ്രൗണ്ടിന്റെ വലുപ്പം കുറച്ചാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അംഗീകൃതമത്സരങ്ങൾ ഇല്ലാതാകും. ട്രാക്ക് ആൻഡ് ഫീൽഡ് സൗകര്യം ഒരുക്കിയാൽ ട്രാക്കിന്റെ വശത്തുനിന്ന് ത്രോയിങ്മത്സരങ്ങൾ നടത്തുന്നത് ഗ്രൗണ്ടിലേക്കാകും. ഇതു ഗ്രൗണ്ടിനെ തകർക്കുമെന്നും ഗ്രൗണ്ട് സംരക്ഷണസമിതി നിവേദനത്തിൽ പറയുന്നു.
സമിതി മുന്നോട്ട്വെക്കുന്ന ബദലുകൾ
കോർപറേഷൻ സ്റ്റേഡിയത്തിൽ ട്രാക്ക് പണിയുന്നുവെങ്കിൽ സൗകര്യമുള്ള ഫുട്‌ബോൾസ്റ്റേഡിയം വേറെ നിർമിക്കണം.
എൻജിനീയറിങ് കോളേജിലോ വെറ്ററിനറി കോളേജിലോ എല്ലാ സൗകര്യങ്ങളോടെയും പുതിയ ട്രാക്ക് നിർമിക്കണം.
കോർപറേഷൻ സ്റ്റേഡിയത്തിലെ ഫുട്‌ബോൾ ഗ്രൗണ്ടിന്റെ സൗകര്യങ്ങൾ നിലനിർത്തി, അഞ്ചോ ആറോ ട്രാക്ക് നിർമിച്ച് പരിശീലനസംവിധാനം മാത്രമൊരുക്കുക. ത്രോയിങ് ഇനങ്ങൾ ഒഴിവാക്കുക.
പരിശീലനത്തിന് ട്രാക്കില്ലെന്ന് അത്‌ലറ്റിക് താരങ്ങൾ
ഫുട്ബോൾഗ്രൗണ്ടിന്റെ വികസനത്തിന്റെ പേരിൽ അത്‌ലറ്റിക് ട്രാക്ക് ഇല്ലാതാക്കരുത്. ദേശീയ-അന്തർദേശീയതലങ്ങളിൽ രാജ്യത്തിന് ഒട്ടേറെ മെഡലുകൾ സമ്മാനിച്ച പാരമ്പര്യമാണ് തൃശ്ശൂരിലെ അത്‌ലറ്റിക്സ് രംഗത്തിനുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം ഈ കായികപാരമ്പര്യം തകരാൻ അനുവദിക്കരുതെന്നും അത്‌ലറ്റിക് താരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു
വർഷങ്ങളായി തൃശ്ശൂരിലെ അത്‌ലറ്റിക് താരങ്ങൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ആശ്രയിച്ചിരുന്ന പ്രധാന വേദിയായിരുന്നു കോർപറേഷൻ സ്റ്റേഡിയം. മുൻകാലങ്ങളിൽ ട്രാക്കുണ്ടായിരുന്നുവെങ്കിലും ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അത് ചുരുക്കുകയും അത്‌ലറ്റിക് ട്രാക്ക് പൂർണമായും ഇല്ലാതാക്കുകയുമായിരുന്നു.
ജില്ലയിലെ കായികതാരങ്ങൾ കുന്നംകുളം, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെത്തിയാണ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം നടത്തുന്നത്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും ദിവസേന പരിശീലനം നടത്താൻ നഗരമധ്യത്തിൽ മറ്റ് സൗകര്യങ്ങളില്ല.
സംസ്ഥാന-ദേശീയ തലത്തിലുള്ള അത്‌ലറ്റിക് മീറ്റുകൾ തൃശ്ശൂരിൽ നടത്തണമെങ്കിൽ 400 മീറ്റർ എട്ടു ലൈൻ സിന്തറ്റിക് ട്രാക്കും ഫീൽഡ് ഇനങ്ങൾക്കുള്ള സൗകര്യങ്ങളും കൂടിയേ തീരൂ. ഔദ്യോഗിക മത്സരങ്ങൾ നടത്താൻ എട്ടു ലൈൻ ട്രാക്ക് നിർബന്ധമാണ്.
Published: 20 Nov 2026, 02:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented