കൊച്ചി ഡയലോഗ് സമാപിച്ചു

To advertise here,

കൊച്ചി : സമുദ്ര സുരക്ഷ, ഉന്നതവിദ്യാഭ്യാസം, സുസ്ഥിര വികസനം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ജി.സി.സി. രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കണമെന്ന ആഹ്വാനത്തോടെ 'കൊച്ചി ഡയലോഗ് 2026' സമാപിച്ചു.

പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് വിവരങ്ങൾ പങ്കുവയ്ക്കൽ, സംയുക്ത നാവികാഭ്യാസങ്ങൾ, ഏകോപിത സമുദ്ര നിരീക്ഷണം എന്നിവ വിപുലീകരിക്കേണ്ടതുണ്ടെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച ഇന്ത്യൻ നാവികസേന ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് അടക്കമുള്ള നിർണായക കപ്പൽ പാതകളിലുണ്ടാകുന്ന തടസ്സങ്ങൾ- ഊർജ വിതരണം, ആഗോള വ്യാപാരം, നാവികരുടെ സുരക്ഷ, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എം.പി. മുരളീധരൻ സമാപന സെഷനിൽ പങ്കെടുത്തു.

വിവിധ സെഷനുകളിൽ ബിസ്‌ലേരി ഇന്റർനാഷണൽ സി.ഇ.ഒ. ഡോ. ആഞ്ചലോ ജോർജ്, സെന്റർ ഫോർ പബ്ലിക് പോളിസി സീനിയർ റിസർച്ച് അസോസിയേറ്റ് ഡോ. ധൃതിശ്രീ ബോർദോലോയി, ഇൻസെപ്ഷൻ 42 സി.ഇ.ഒ ആശിഷ് ഐപ്പ് കോശി, എഫ് 9 ഇൻഫോടെക് സി.ഇ.ഒ. ജയകുമാർ മോഹനചന്ദ്രൻ, ഡിജിറ്റൽ അഡ്വൈസ് കൺസൾട്ടിങ് സി.ഇ.ഒ. ഷൈമ കുർസ് എന്നിവർ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിൽ ഓഫ് കാമ്പസ്

കൊച്ചി : സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഗൾഫ് രാജ്യങ്ങളിൽ ഓഫ് കാമ്പസ് ആരംഭിക്കാൻ സാധിക്കുംവിധം നിയമഭേദഗതി കൊണ്ടുവരാൻ നടപടി തുടങ്ങിയെന്ന് മന്ത്രി റോജി എം. ജോൺ.

‘കൊച്ചി ഡയലോഗ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള നാടുകളിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള നിയമതടസ്സം മറികടക്കുകയാണ് ലക്ഷ്യം.

വിദേശ സർവകലാശാലകൾക്ക് ബ്രാഞ്ച് കാമ്പസുകൾ അനുവദിക്കുന്നതിന് ചില ഗൾഫ് രാജ്യങ്ങൾ റാങ്കിങ്ങും മറ്റ് കർശന നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.