എറിയാട്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി തണ്ണീർത്തടങ്ങളും പറമ്പുകളും നികത്തുന്നതിനായി രാസമാലിന്യം കലർന്ന മണ്ണ് കൊണ്ടുവന്ന രണ്ട് ടെമ്പോലോറികൾ പോലീസ് പിടിച്ചെടുത്തു. മറ്റ് വാഹനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നു. പതിമൂന്നിലധികം വാഹനങ്ങൾ മണ്ണ് കൊണ്ടുവരുന്നതിന് ഉപയോഗിച്ചതായുള്ള വിവരം പോലീസിന്റെ പക്കലുണ്ട്. പോലീസ് നടപടി ആരംഭിച്ചതോടെ മറ്റ് വാഹനങ്ങൾ ഉടമകൾ സ്ഥലത്തുനിന്ന് മാറ്റിയതായാണ് വിവരം. ആർ.ടി.ഒ.യുടെ സഹായത്തോടെ ഇവ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. 

To advertise here,

കൊടുങ്ങല്ലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കർശനനിർദേശത്തെത്തുടർന്നാണ് പോലീസ് നടപടികൾ തുടങ്ങിയത്. രാസമാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് നൽകിയ ഹർജിയിലാണ് കോടതിയുടെ കർശനനിർദേശമുണ്ടായത്. ഇടയാറിലെ പ്രവർത്തനം അവസാനിപ്പിച്ച ബിനാനി സിങ്ക് ഫാക്ടറിയിൽനിന്ന് ആറുവരിപ്പാതനിർമാണത്തിനെന്ന പേരിൽ രാസമാലിന്യം കലർന്ന നൂറുകണക്കിന് ലോഡ് മണ്ണാണ് എറിയാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്.

പരിസ്ഥിതിപ്രവർത്തകർ സംഭവത്തിൽ ഇടപെടുകയും നാട്ടുകാർ പ്രതിഷേധമുയർത്തുകയും ചെയ്തതിനെത്തുടർന്ന് മലിനീകരണനിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ സിങ്ക്, കാഡ്മിയം, മാംഗനീസ്, കോബോൾട്ട്, കോപ്പർ, ആഴ്‌സനിക്, മെർക്കുറി, ക്രോമിയം എന്നിവ അപകടകരമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മണ്ണ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സമരങ്ങളും കഴിഞ്ഞ ഒരുമാസത്തിലധികമായി സർക്കാർതലത്തിൽ ചർച്ചകളും നടന്നുവരുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടായില്ല.

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ആർ.ഡി.ഒ. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ മലിനീകരണനിയന്ത്രണബോർഡ് ഉദ്യോഗസ്ഥരുടെയും കമ്പനിപ്രതിനിധികളുടെയും യോഗം വിളിച്ചുവെങ്കിലും തീരുമാനമായില്ല. അടുത്ത വ്യാഴാഴ്‌ച ചേരുന്ന യോഗത്തിൽ അന്തിമതീരുമാനമെടുക്കുമെന്നറിയുന്നു.