ചൊക്ലി : പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള ദേശീയ ഗുണനിലവാര പരിശോധനയിൽ സംസ്ഥാനത്ത് ഉയർന്ന മാർക്ക് നേടി നിടുമ്പ്രം ആയുഷ്മാൻ ആരോഗ്യമന്ദിർ.
ജൂലായ് 18-നാണ് കേന്ദ്ര ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. ഡോ. എം.എ. അനൂപ്, ഡോ. ഡി.ഐ. സുരേഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ച ഗുണനിലവാര അംഗീകാരത്തിൽ സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങൾ ഇടം പിടിച്ചപ്പോൾ കൂടുതൽ മാർക്ക് നേടിയാണ് (95.34 ശതമാനം) നിടുമ്പ്രം ഉപകേന്ദ്രം മുന്നിൽ എത്തിയത്.
ചൊക്ളി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ രജിസ്റ്ററാഫീസിന് സമീപത്താണ് പ്രവർത്തിക്കുന്നത്. എട്ട് മാസത്തിനുള്ളിൽ ഇരട്ട ദേശീയ അംഗീകാരപദവിയാണ് ഇതുവഴി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാവുന്നത്. ചൊക്ലി കുടുംബാരോഗ്യ കേന്ദത്തിന് 2026 മാർച്ചിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 91.02 ശതമാനം മാർക്ക് നേടി ദേശീയാംഗീകാര പദവി ലഭിച്ചിരുന്നു.
ദേശീയ ഗുണനിലവാര ഉറപ്പ്സർട്ടിഫിക്കേഷനായി (എൻ.ക്യു.എ.എസ്) സേവനങ്ങളും പാക്കേജുകളുമാണ് വിലയിരുത്തിയത്.
ഗർഭകാല പരിചരണവും പ്രസവവും, നവജാതശിശുക്കളുടെയും മറ്റ് കുട്ടികളുടെയും ആരോഗ്യ സേവനങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ സേവനങ്ങൾ, കുടുംബ ആസൂത്രണം, പകർച്ചവ്യാധികളുടെ നിയന്ത്രണം, പകർച്ചേതര രോഗങ്ങളുടെ നിയന്ത്രണം, വയോജന പരിചരണവും പാലിയേറ്റീവ് പരിചരണവും, അടിയന്തിര മെഡിക്കൽ പരിചരണം, മാനസികാരോഗ്യ പ്രശ്നങ്ങളുടെ പരിഹാരം തുടങ്ങിയ 12 കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്. ഇതിനായി രജിസ്റ്ററുകൾ, രോഗികളിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരശേഖരണം, ഒഫീഷ്യൽ പോർട്ടലുകളിലെ ഡാറ്റാ എൻട്രി ശേഖരം എന്നിവയുടെ പരിശോധനയാണ് നടന്നത്. ജീവനക്കാരുടെ ശാസ്ത്രീയമായ കാര്യങ്ങളിലുള്ള അറിവും ഉൾപ്പടെ പരിശോധിച്ചാണ് മാർക്കിട്ടത്.
Published: 06 Sept 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented