ചാലോട് : ചാലോടിനെ ശുചിത്വസുന്ദരവും മാതൃകാപരവുമായ ടൗണാക്കി മാറ്റുന്നതിനായി കീഴല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെ ‘ബീക്കൺ ടൗൺ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ചാലോട് കൃഷിഭവൻ ഹാളിൽ സംഘാടകസമിതിയോഗം ചേർന്നു. തുടർന്ന് ടൗണിലും പരിസരപ്രദേശങ്ങളിലും ബേസ്‌ലൈൻ സർവേ ആരംഭിച്ചു.
ചാലോട് ബസ്‌സ്റ്റാൻഡും പ്രധാന റോഡുകളുടെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ശുചിത്വനിലവാരം വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്രശ്നങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമപദ്ധതികൾ തയ്യാറാക്കും. ഒക്ടോബർ രണ്ടുവരെ നീളുന്ന ആദ്യഘട്ടത്തിൽ മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ ശുചീകരിക്കുക, പൊതുശൗചാലയങ്ങൾ വൃത്തിയാക്കുക, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കും. സംഘാടകസമിതി യോഗത്തിന്റെയും ബേസ്‌ലൈൻ സർവേയുടെയും ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.വി.വനജാക്ഷി അധ്യക്ഷത വഹിച്ചു. കെ.കെ.പ്രഭാകരൻ, ടി.രുദീഷ്, വി.ജസ്ന,സി.എ.ശശികല, കെ.മെയ്ജിൻ, കെ.രജനി, കെ.സജീഷ് കുമാർ, കെ.എം.രസിത്ത്, എ.എൻ.ദിജിൽ എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കുള്ള ബേസ്‌ലൈൻ സർവേ പരിശീലനം ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി.സജിത നൽകി. വാർഡംഗം പി.ഷീല സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, വായനശാലാ-ക്ലബ് ഭാരവാഹികൾ, എടയന്നൂർ വി.എച്ച്.എസ്.ഇ., ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Published: 06 Sept 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented