ഇടവ: ഗ്രാമപ്പഞ്ചായത്തിലെ വെൺകുളം പൊട്ടക്കുളം- പുറ്റിൽ ക്ഷേത്രം റോഡ് തകർച്ചയിൽ. റോഡ് നിറയെ കുണ്ടും കുഴികളുമാണ്. മിക്കയിടത്തും ടാർ ഭാഗം ഇളകിപ്പോയിട്ടുണ്ട്. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിന്ന് ചെളിക്കെട്ടായി മാറും. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ടാർ ചെയ്തിട്ട് 15 വർഷത്തിലേറെയായി. ഒരു കിലോമീറ്ററോളം നീളമുള്ള റോഡ് നവീകരിക്കാൻ നടപടികളൊന്നും ഉണ്ടാകുന്നില്ല. പുറ്റിൽ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ നിരവധിപേർ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും തകർന്ന റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

To advertise here,

കല്ലുകൾ റോഡിലാകെ ഇളകിക്കിടക്കുന്നുമുണ്ട്. കുഴികളും വെള്ളക്കെട്ടുമുള്ളതിനാൽ ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടുന്നു. പ്രദേശവാസികൾ ഏറെ ഉപകരിക്കുന്ന ഇടറോഡാണിത്. റോഡ് നിർമിച്ചശേഷം ഇതുവരെ നവീകരണം നടന്നിട്ടെല്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ പലപ്രാവശ്യം പഞ്ചായത്ത് ഭരണസമിതികൾക്ക് പരാതി നൽകിയെങ്കിലും നന്നാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. എത്രയും വേഗം റോഡ് നന്നാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെടുന്നു.