തിരുവനന്തപുരം: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ (TRINS) നടക്കുന്ന റൗണ്ട് സ്ക്വയർ ഗ്ലോബൽ കോൺഫറൻസ് 2026ന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ഇരുനൂറോളം വിദ്യാർഥി പ്രതിനിധികളും അധ്യാപകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

To advertise here,

ചടങ്ങിൽ ജനാധിപത്യം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ച് യുവവിദ്യാർഥി പ്രതിനിധികളുമായി മുഖ്യമന്ത്രി സംസാരിച്ചു. ജനാധിപത്യ മൂല്യങ്ങളും ഉത്തരവാദിത്തമുള്ള പൗരബോധവും പരിസ്ഥിതി ബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി വരുംതലമുറയുടെ കൈകളിലാണെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി നിലനിർത്താനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

TRINS ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ജോർജ് എം. തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സ്വപ്‌ന ജോർജ്, പ്രിൻസിപ്പൽ ഗൗരവ് ദാസ് ശർമ, മേരി ജോർജ്, റൗണ്ട് സ്ക്വയർ സെക്രട്ടറി സാഷ സഖറിയ ജയരാജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഉച്ചയ്ക്കുശേഷം വിദ്യാർഥി പ്രതിനിധികൾ സമീപത്തെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചു. പ്രദേശവാസികളുമായുള്ള ബന്ധവും സാമൂഹിക സേവനവും ലക്ഷ്യമിട്ട് TRINS വർഷങ്ങളായി നടത്തിവരുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്. സ്കൂൾ കുട്ടികളുമായി ആശയവിനിമയം നടത്താനും വിവിധ പഠനപ്രവർത്തനങ്ങൾ പങ്കുവയ്ക്കാനും വിദ്യാർഥി പ്രതിനിധികൾക്ക് സാധിച്ചു.

തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ സമ്മേളനത്തിന്റെ ആവേശം കൂട്ടി.

‘എ ഷെയേർഡ് ഷോർ: ഫ്രം ബിലോങ്ങിങ് ടു ബികമിങ്’ എന്ന പ്രമേയത്തിലാണ് റൗണ്ട് സ്ക്വയർ ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യുവതലമുറയിൽ നേതൃത്വപാടവം, പരിസ്ഥിതി ബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം