പരശുവയ്ക്കലിൽ പൈപ്പ് പൊട്ടി

To advertise here,

പാറശ്ശാല : വണ്ടിച്ചിറ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പ് ഇടിച്ചക്കപ്ലാമൂട്ടിൽ പൊട്ടിയതിനെത്തുടർന്ന് പാറശ്ശാല മേഖലയിൽ കുടിവെള്ളവിതരണം തടസ്സപ്പെട്ടു.

പാറശ്ശാല പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതിയിലെ പരശുവയ്ക്കൽമുതൽ പാറശ്ശാലവരെ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കൽ നടപടികൾ ജല അതോറിറ്റി അധികൃതർ നീട്ടുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമുണ്ട്. വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിലെ ജലവിതരണ പൈപ്പ് ചൊവ്വാഴ്ച വെളുപ്പിന് ഇടിച്ചക്കപ്ലാമൂട്ടിൽ പൊട്ടിയതിനെത്തുടർന്ന് ജലവിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെതന്നെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പമ്പിങ് പുനരാരംഭിക്കുവാനായത് ബുധനാഴ്ച വെളുപ്പിനാണ്. കാലപ്പഴക്കംകൊണ്ട് പൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നത് പതിവായതോടെയാണ് ആറുവർഷങ്ങൾക്കുമുൻപ് പൈപ്പ് മാറ്റിസ്ഥാപിക്കുവാൻ തീരുമാനിച്ചത്.

കരമന-കളിയിക്കാവിള പാതയുടെ ടാറിങ്ങിനു മുൻപ് പൈപ്പ് സ്ഥാപിക്കുവാൻ ദേശീയപാത അധികൃതർ അനുമതി നൽകിയെങ്കിലും കരാർ നടപടികളിലെ മെല്ലെപ്പോക്ക് കാരണം സാധിച്ചില്ല. തുടർന്ന് ദേശീയപാത അധികൃതർ റോഡിന്റെ ടാറിങ് ആരംഭിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ജല അതോറിറ്റി അധികൃതർ റോഡ് കുഴിക്കുന്നതിന് അനുമതിതേടിയെങ്കിലും റോഡിന്റെ കരാർ കാലാവധി നിലനിന്നതിനാൽ ദേശീയപാത അധികൃതർ അനുമതി നിരസിച്ചു.

എന്നാൽ, കരാർ കാലാവധി അവസാനിച്ചതിനുപിന്നാലെ വീണ്ടും അനുമതിതേടിയെങ്കിലും ദേശീയപാത അധികൃതർക്ക് റോഡ് കുഴിക്കുന്നതിനായി 2022-ൽ ട്രഷറിയിൽ അടച്ച 3.019 കോടി രൂപ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലായെന്ന കാരണം പറഞ്ഞ് അനുമതി വീണ്ടും നിരസിച്ചു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് വീണ്ടും പൈപ്പ് മാറ്റൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ ദേശീയപാത അധികൃതരും ജല അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരും പരശുവയ്ക്കൽമുതൽ ഇഞ്ചിവിളവരെ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, ആദ്യം കരാർ ഏറ്റെടുത്തിരുന്ന കരാറുകാരൻ കോടതിയെ സമീപിച്ച് കരാർ റദ്ദാക്കിയിരുന്നു.

തുടർന്ന് പുതിയ കരാർ ഉണ്ടാക്കുന്നതിനായി ടെൻഡർ നടപടികൾ ആരംഭിക്കുവാൻ ജല അതോറിറ്റി നീക്കം ആരംഭിച്ചു. എന്നാൽ, ഇതുവരെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൈപ്പ് മാറ്റിസ്ഥാപിക്കൽ ജോലികൾ ആരംഭിച്ചിട്ടില്ല.

ജല അതോറിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കാണ് പ്രവൃത്തികൾ പുനരാരംഭിക്കുന്നതിന് തടസ്സമെന്നാണ് ആരോപണം.