പി.കെ.കൃഷ്ണദാസിന്റെ കാർ ആക്രമിച്ച സംഭവം
നെയ്യാറ്റിൻകര : കോൺഗ്രസ് പ്രകടനത്തിനിടെ പി.കെ.കൃഷ്ണദാസിന്റെ കാറിനുനേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ റോഡ് ഉപരോധവും പോലീസ് സ്‌റ്റേഷൻ മാർച്ചും. ഡി.സി.സി. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനുനേരേയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി.യും നഗരത്തിൽ നടത്തിയ പ്രകടനങ്ങൾ കാരണം നഗരം മണിക്കൂറോളം സ്തംഭിച്ചു.
ഇതിനിടെ പി.കെ.കൃഷ്ണദാസിന്റെ കാർ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ബി.ജെ.പി. പ്രവർത്തകർ രാത്രി വൈകി നടത്തിയ പ്രകടനവും സമരവും കാരണം നഗരഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം ആറാലുംമൂട്ടിൽവെച്ച് ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സൗത്ത് ജില്ലാ കമ്മിറ്റി നഗരത്തിൽ ബുധനാഴ്ച വൈകീട്ട് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഈ യോഗത്തിൽ പങ്കെടുക്കാൻ ബി.ജെ.പി. ദേശീയ നിർവഹാകസമിതി അംഗം പി.കെ.കൃഷ്ണദാസ് കാറിലെത്തുമ്പോൾ അതുവഴി പ്രകടനം നടത്തുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞ് ആക്രമിച്ചു. കാറിന്റെ മുന്നിലെ ബി.ജെ.പി.യുടെ കൊടി പ്രവർത്തകർ തകർത്തു.
ഈ സംഭവമറിഞ്ഞതിനെത്തുടർന്ന് ബസ് സ്റ്റാൻഡ് കവലയിൽ പ്രകടനമായെത്തിയ ബി.ജെ.പി. പ്രവർത്തകർ വാഹനങ്ങൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പി.കെ.കൃഷ്ണദാസിന്റെ കാർ പിന്നീട് പൊതുയോഗ സ്ഥലത്തെത്തുകയും ചെയ്തു. പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത പി.കെ.കൃഷ്ണദാസ് കോൺഗ്രസിന് അധികാരഭ്രാന്തു കയറിയെന്നാരോപിച്ചു. ഇതിന് ഉദാഹരണമാണ് തന്റെ കാർ തടയുകയും ബി.ജെ.പി.യുടെ കൊടി തകർക്കുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധയോഗത്തിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, നെയ്യാർ ഗിരീഷ്, എരുത്താവൂർ ചന്ദ്രൻ, മലയിൻകീഴ് രാധാകൃഷ്ണൻ, അതിയന്നൂർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധയോഗത്തിനുശേഷം പ്രവർത്തകർ പ്രകടനമായി നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.
കാർ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായാണ് പ്രകടനം നടത്തിയത്. പ്രതിഷേധപ്രകടനത്തെ പോലീസ് ഗേൾസ് സ്‌കൂളിനു സമീപം തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉപരോധസമരം എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.
മുളയറ രതീഷ്, ഐത്തിയൂർ ഷിബുകുമാർ, കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, ഇരുമ്പിൽ രാജീവ്, ശ്രീലത എന്നിവർ സംസാരിച്ചു. കാർ ആക്രമിച്ച പ്രതികളെ പിടികൂടാമെന്ന പോലീസിന്റെ ഉറപ്പിനെത്തുടർന്നാണ് ഉപരോധസമരം പിൻവലിച്ചത്.
ഡി.സി.സി. ആക്രമണത്തിൽ പ്രതിഷേധം
ബി.ജെ.പി. മാർച്ചിനിടെ ഡി.സി.സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. ആശുപത്രിക്കവലയിൽനിന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രക്കവല വഴി ടി.ബി. ജങ്ഷനിലേക്കും തിരികെ ആശുപത്രിക്കവലവരെയുമായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രകടനം പോലീസ് ആലുംമൂട് കവലയിൽവെച്ച് തടയുകയും ടി.ബി. കവലയിലേക്കു വഴിതിരിച്ചുവിടുകയും ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.സി.സെൽവരാജിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതിഷേധയോഗം കെ.പി.സി.സി. സെക്രട്ടറി എസ്.കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ഭാരവാഹികളായ ജെ.ജോസ് ഫ്രാങ്ക്ലിൻ, എം.മുഹിനുദ്ദീൻ, ആനിപ്രസാദ് എന്നിവർ സംസാരിച്ചു.
Published: 01 Oct 2026, 01:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented