ഇന്ന് ലോക വയോജന ദിനം
വെള്ളനാട് : ഉറിയാക്കോട് നെടിയവിള പൂമലയിലെ ജ്ഞാനസെൽവം മെമ്മോറിയൽ വയോജനകേന്ദ്രം അശരണർക്ക് ആശ്രയമായിട്ട് 20 വർഷം.
സാന്ത്വനപരിചരണം (പാലിയേറ്റീവ് കെയർ) ലക്ഷ്യമിട്ട് 2006-ൽ പേയാട് മിണ്ണംകോട് ആസ്ഥാനമാക്കി വിളപ്പിൽ സോമൻ, സൂര്യാക്കോട് നടേശൻ, ശശിധരൻ നായർ, എം.പി. ശ്രീധരൻ, പി. സുകുമാരൻ തുടങ്ങിയ 14 പേർ ചേർന്ന് ആരംഭിച്ച സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് വയോജനകേന്ദ്രം പ്രവർത്തിക്കുന്നത്. മക്കളുപേക്ഷിച്ചവരും ഉറ്റവരും ഉടയവരുമില്ലാതെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ടവരും ഉൾപ്പെടെ 16 സ്ത്രീകളും 11 പുരുഷന്മാരും ഉൾപ്പടെ 27 അന്തേവാസികൾ നിലവിലുണ്ട്.
ഉറിയാക്കോട് പൂമല സ്വദേശിയായ കർഷകൻ എസ്.ആർ.ജെ. റിച്ചാർഡ്സൺ എന്നയാൾ തന്റെ അമ്മ ജ്ഞാനസെൽവത്തിന്റെ ഓർമ്മയ്ക്കായി നിരാലംബരായ വയോജനങ്ങളുടെ സംരക്ഷണത്തിന് അഭയകേന്ദ്രമൊരുക്കാൻ 71 സെൻറ് സ്ഥലവും ഇരുനിലമന്ദിരവും സൊസൈറ്റിക്ക് സൗജന്യമായി നൽകിയതോടെയാണ് വയോജനകേന്ദ്രം പിറവിയെടുത്തത്.
നടൻ ജഗതി ശ്രീകുമാർ മുഖ്യരക്ഷാധികാരിയായ വയോജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ, മെഡിക്കൽ ക്യാമ്പുകൾ, അവയവദാന കാമ്പയിനുകൾ, രക്തദാന-നേത്രദാന ക്യാമ്പുകൾ, ജീവിതശൈലീരോഗനിർണയ ക്യാമ്പ്, ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ, പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ മുടക്കം കൂടാതെ നടത്തുന്നുണ്ട്.
2020-ൽ നാഷണൽ ആക്ഷൻ സ്‌കീം പ്രകാരം ഏറ്റവും മികച്ച വയോജനകേന്ദ്രം നടത്തിപ്പിനുള്ള കേരള സർക്കാരിന്റെ അവാർഡ്, 2024-ൽ ജീവകാരുണ്യ പ്രവർത്തനങ്ങളും വയോജന സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്ന മികച്ച സന്നദ്ധസംഘടനയ്ക്കുള്ള കേരള സർക്കാരിന്റെ അവാർഡ്, 2024-ൽ ആതുരസേവനരംഗത്ത് മികവ് പുലർത്തിയ സ്ഥാപനത്തിനുള്ള എം. സുകുമാരപിള്ള ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ഈ കേന്ദ്രത്തെ തേടിയെത്തിയിട്ടുണ്ട്.
558 ആയുഷ്കാല അംഗങ്ങളുള്ള സൊസൈറ്റിയിൽ 21 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
7 അംഗങ്ങൾ ഓഫീസ് സ്റ്റാഫായുമുണ്ട്. എ. സ്റ്റാൻലി (പ്രസി.), കെ. മുരളീധരൻ (സെക്ര.), എസ്. സന്ദീപൻ (ട്രഷ.) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.
Published: 01 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented