കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിലെ വിവിധ റോഡുകൾ പൊളിഞ്ഞിളകിയിട്ടും നവീകരിക്കാൻ നടപടികളില്ല. വർഷങ്ങളായി ഇതാണ് സ്ഥിതി. ഓരോ ഘട്ടത്തിലും ഇപ്പോൾ ശരിയാക്കുമെന്നുള്ള ഉറപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ തോറും ലക്ഷങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന പേരിൽ ജനപ്രതിനിധികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നുമുണ്ട്. എന്നാൽ പതിവ് വാഗ്ദാനങ്ങൾക്കപ്പുറമൊന്നുമുണ്ടാകാറില്ല.

To advertise here,

റോഡ് ഓരോ ദിവസം കഴിയുന്തോറും ശോചനീയാവസ്ഥയിലേക്ക് പോകുകയാണ്. റോഡുകൾ നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല.

പനപ്പാംകുന്ന് നേതാജിമുക്ക് - വിദ്യാകോളേജ്-കണ്ണങ്കര റോഡിന്റെ സ്ഥിതി അത്യധികം ശോചനീയമാണ്. പലഭാഗത്തും ടാറിളകിയും കുഴിയായും മാറിക്കഴിഞ്ഞു. മഴക്കാലമായാൽ ദിവസങ്ങളോളം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. നാല് വർഷം മുൻപ് നവീകരിക്കുമെന്ന നിലയിൽ ഉറപ്പ് നൽകിയ റോഡാണിത്. എം.എൽ.എ. ഫണ്ടിൽനിന്ന് റോഡ് നവീകരണത്തിന് തുക അനുവദിച്ചതായും പ്രഖ്യാപനം വന്നിരുന്നു.

എന്നാൽ റോഡുപണി മാത്രം നടന്നില്ല. ടാറിന്റെ വശങ്ങൾ മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയിട്ടുണ്ട്. ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നാൽ കടന്നുപോകുന്നതു തന്നെ ദുഷ്‌കരമാണ്.

പല ഭാഗങ്ങളിലും കാട് വളർന്നു കിടക്കുന്നതും സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും, സ്വകാര്യ എൻജിനിയറിങ് കോളേജിലേക്ക് വരുന്ന വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്.

ഈ റോഡിൽനിന്ന് തുടങ്ങുന്ന പരുത്തൻകോട്-വലിയകണ്ടം- പനപ്പാംകുന്ന് റോഡിന്റെ സ്ഥിതിയും ശോചനീയമാണ്. 15 വർഷത്തോളമായി ടാർ ചെയ്തിട്ട്. ഒരു ചെറിയ ഭാഗത്ത് കോൺക്രീറ്റിങ് നടത്തി. വലിയ കണ്ടത്ത് പാർശ്വഭിത്തി നിർമിച്ചു. എന്നാൽ മറ്റു ഭാഗങ്ങളിൽ ടാർ എല്ലാം ഇളകിമാറി. പരുത്തൻകോട് കയറ്റത്തിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

ബസ് സർവീസ് ഇല്ലാത്ത റോഡായതിനാൽ നാട്ടുകാർ സ്വകാര്യ വാഹനങ്ങളും, ടാക്സികളുമാണ് യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി ഓടിച്ചുപോകാൻ ഏറെ പണിപ്പെടേണ്ടിവരും.

ഓട്ടോറിക്ഷ ഡ്രൈവർമാർ ഈ റോഡിലൂടെ സഞ്ചരിക്കാനും വിസമ്മതിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.പനപ്പാംകുന്ന്- മാവുവിള- കൈലാസംകുന്ന് റോഡും തകർന്നു. ഇവിടെ മൂഴിയിൽ പാലം തകർച്ചയിലായി തുടങ്ങി. 40 വർഷം പഴക്കമുള്ള പാലത്തിന്റെ പലഭാഗവും ജീർണിച്ചു തുടങ്ങി. കോൺക്രീറ്റ് ഇളകിമാറി കമ്പികൾ ദ്രവിച്ചു പോയിട്ടുണ്ട്.

മാവുവിള- ഇടമുറി- മലയ്ക്കൽ റോഡ് സമ്പൂർണമായി തകർന്നടിഞ്ഞു. 15 വർഷം മുൻപ് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ നവീകരിച്ച റോഡിൽ ഈ ഭാഗത്ത് പിന്നീട് യാതൊരു പണിയും നടന്നിട്ടില്ല. ഫണ്ട് അനുവദിച്ചതായി പറയുന്ന റോഡുകളുടെ പോലും ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല.

അപകടങ്ങൾ പതിവ്

റോഡുകളുടെ സ്ഥിതി ശോചനീയമാണ്. അപകടങ്ങളും പതിവാകുന്നു. പരുത്തൻകോട് കയറ്റത്തിൽ ഒട്ടേറെപ്പേർക്ക് അപകടമുണ്ടായി. വാഹനങ്ങൾ ഓടിച്ചു പോകാൻ വളരെയേറെ ബുദ്ധിമുട്ടാണ്. ഇനിയെങ്കിലും പരിഹാരം വേണം.

ജി.ഗിരീഷ്‌കുമാർ,

മാതൃഭൂമി ഏജൻറ്‌,

കൃഷ്ണൻകുന്ന്

നവീകരിക്കും

നേതാജിമുക്ക് - കണ്ണങ്കര റോഡ് നവീകരിക്കുന്നതിനും, പനപ്പാംകുന്ന് - കൈലാസംകുന്ന് റോഡ്, മൂഴിയിൽ തോടിനു കുറുകേയുള്ള കലുങ്ക് നവീകരണം എന്നിവയ്ക്കായി ഒ.എസ്.അംബിക എം.എൽ.എ. യുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മണ്ണ് പരിശോധനയടക്കം നടപടികൾ പൂർത്തിയാക്കി പ്രോജക്ട് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. മറ്റ് റോഡുകൾ നവീകരിക്കാനും ഉടൻ നടപടിയുണ്ടാവും.

എസ്.ഷാജുമോൾ,

കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ്‌