അരുവിക്കര : അരുവിക്കര ഗ്രാമപ്പഞ്ചായത്തിലെ തകർന്ന ഭഗവതിപുരം ഗാന്ധിജിനഗർ റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ ചാണകം മെഴുകി.

To advertise here,

നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡ് തകർന്നിട്ട് 15 വർഷമായിട്ടും ജനപ്രതിനിധികളും മറ്റധികൃതരും തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഞായറാഴ്ച ഉച്ചയോടെ റോഡിൽ പ്രതീകാത്മകമായി ചാണകം മെഴുകിയത്.

അരുവിക്കര, വെള്ളനാട്, മുളയറ, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ ആശുപത്രികൾ, സ്‌കൂൾ, അങ്കണവാടി, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന റോഡാണിത്. മെറ്റലിളകി ശോച്യാവസ്ഥയിലായ റോഡിൽ നിലവിൽ കാൽനടയാത്രപോലും ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. ഓട്ടോറിക്ഷകൾ സവാരിവിളിച്ചാൽ വരാറില്ല.

സ്‌കൂൾ ബസുകൾപോലും ഇതുവഴി വരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പ് ഒരു സ്‌കൂൾബസ് ഇവിടെ മറിഞ്ഞിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് വലിയ അപകടം ഒഴിവായി. ഇതോടെയാണ് സ്കൂൾ ബസുകൾ ഇതുവഴിയുള്ള ഓട്ടം നിർത്തിയത്.

നിരവധി പരാതികൾ നൽകിയിട്ടും റോഡ് നവീകരണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇതേസമയം, സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർഷങ്ങൾക്കുമുമ്പ് റോഡ് നിർമിച്ചതെന്നും ഈ റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചെന്നും വാർഡ് അംഗം ബി.ആർ.ജ്യോതിഷ്‌കല പറഞ്ഞു.

ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും റോഡിലെ ഇളകിയ മെറ്റലുകൾമാറ്റി താത്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വാർഡംഗം അറിയിച്ചു.