തിരുവനന്തപുരം : ബീമാപള്ളിദേശക്കാരുടെ അബ്ദുൾ റഷീദ് എന്ന ബീമാപള്ളി റഷീദിന് (64) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വൃക്കരോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വ്യാഴാഴ്ച അമ്പലത്തറയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കേ രാത്രി 10.40-നായിരുന്നു അന്ത്യം.
മാഹീൻകണ്ണ്, അബ്ദുൾ അസീസ്, സമ, പരേതനായ നിസാർ മൗലവി എന്നിവർ സഹോദരങ്ങളാണ്.
രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക നായകൻമാരും ബീമാപള്ളിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാവിലെ 11.30-വരെ വീട്ടിലും തുടർന്ന് ബീമാപള്ളി മുസ്‌ലിം ജമാഅത്തിലും പൊതുദർശനത്തിനു വെച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ പാർട്ടിപ്പതാക പുതപ്പിച്ചു. തുടർന്ന് ബീമാപള്ളി ജമാഅത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ പ്രാർഥന നടന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വിലാപയാത്രയോടെ ബീമാപള്ളി കബറിസ്‌താനിൽ കബറടക്കി.
ബീമാപള്ളി നൂറുൽ ഇസ്‌ലാം അറബിക് കോളേജിനു സമീപം ടി.സി. 46/735-ൽ പരേതനായ മുഹമ്മദ് കാസിമിന്റെയും റഹ്‌മ ബീവിയുടെയും മകനായിരുന്ന റഷീദ് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കു പ്രവേശിച്ചത്. മുസ്‌ലിം ലീഗിന്റെയും യുവജന സംഘടനയുടെയും പ്രവർത്തകനായി. നാലുതവണ ബീമാപള്ളി കൗൺസിലറായിരുന്നു. ബീമാപള്ളി മേഖലയിൽ സജീവ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, യു.ഡി.എഫിന്റെ ജില്ലാ കൺവീനർ, ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിങ് ബോഡി അംഗം എന്നീനിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ കെൽ, ഹോർട്ടികോർപ്പ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവികളും വഹിച്ചിരുന്നു. ബീമാപള്ളി മുസ്‌ലിം ജമാഅത്തിന്റെ പ്രസിഡന്റ്, ജമാഅത്തിന്റെ തന്നെ ഇലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക മേഖലയിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
അനുശോചിച്ചു
തിരുവനന്തപുരം : മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വ്യക്തിപരമായും രാഷ്ട്രീയമായും സൗഹൃദബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു റഷീദെന്നും തെക്കൻ കേരളത്തിൽ ലീഗിനെയും യു.ഡി.എഫിനെയും ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദിന്റെ നിര്യാണത്തിൽ കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ അനുശോചിച്ചു.ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ കരുത്തുറ്റ ശബ്ദമായിരുന്നു ബീമാപള്ളി റഷീദെന്ന് കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.ബീമാപള്ളി റഷീദിന്റെ നിര്യാണത്തിൽ
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അനുശോചിച്ചു.
Published: 05 Sept 2026, 12:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented