ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത രോഗികളെ വലയ്ക്കുന്നു. ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ദിവസവും ആയിരത്തഞ്ഞൂറിലധികം രോഗികൾ ഇവിടെ ചികിത്സതേടിയെത്തുന്നുണ്ട്. തലസ്ഥാനത്ത് ജനറൽ ആശുപത്രികൂടി മെഡിക്കൽ കോളേജായി ഉയരുമ്പോൾ താലൂക്കാശുപത്രികളുടെ ഉത്തരവാദിത്വങ്ങൾ വർധിക്കും. എന്നാൽ, അതിനുവേണ്ടുന്ന പശ്ചാലത്തസൗകര്യങ്ങളൊന്നും വലിയകുന്ന് ആശുപത്രിയിൽ ഇപ്പോഴില്ല.
ഒ.പി.ടിക്കറ്റെടുത്ത് മണിക്കൂറുകൾ കാത്തുനിന്നാലാണ് രോഗികൾക്ക് ഡോക്ടറെ കാണാനുള്ള അവസരമെത്തുന്നത്. കെട്ടിടങ്ങളുടെ തിണ്ണകളിലും വഴിയിലും വരാന്തകളിലുമെല്ലാം ചികിത്സതേടിയെത്തുന്നവരുടെ തിരക്കാണ്. മരുന്നുവാങ്ങാനുള്ളിടത്തും ലബോറട്ടറിയിലും അത്യാഹിതവിഭാഗത്തിലും സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലുമെല്ലാം ഒരുപോലെ തിരക്കനുഭവപ്പെടുന്നുണ്ട്.
നഗരസഭ താത്‌കാലികമായി നിയോഗിച്ചിട്ടുള്ള ഡോക്ടർ ഉൾപ്പെടെ 18 ഡോക്ടർമാരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ജനറൽ മെഡിസിൻ, നേത്രവിഭാഗം, ദന്തവിഭാഗം, ഇ.എൻ.ടി., അസ്ഥിരോഗവിഭാഗം, ശസ്ത്രക്രിയാവിഭാഗം, ശിശുരോഗവിഭാഗം, ഗൈനക് വിഭാഗം എന്നിവയാണ് ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ.
ആവശ്യത്തിന് തസ്തികകളില്ല
: അത്യാഹിതവിഭാഗത്തിൽ രണ്ട് മെഡിക്കൽ ഓഫീസറുടെ തസ്തികയാണ് ഇപ്പോഴുള്ളത്. 24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നതിനാൽ നാല് തസ്തിക വേണ്ടതാണ്. ഇപ്പോൾ ജോലിനോക്കുന്ന ഡോക്ടർമാർക്ക് അവധിയെടുക്കാൻകഴിയാത്ത സ്ഥിതിയാണ്.
മറ്റുവിഭാഗങ്ങളിൽ ജോലിനോക്കുന്നവരെ ഈ വിഭാഗത്തിലേക്കു നിയോഗിച്ചാണ് പല ദിവസങ്ങളിലും അത്യാഹിതവിഭാഗം പ്രവർത്തിപ്പിക്കുന്നത്. ഉച്ചയ്ക്കുശേഷവും രാത്രിയിലും ഇവിടെ ധാരാളംപേർ ചികിത്സയ്ക്കായെത്തുന്നുണ്ട്. പല ദിവസങ്ങളിലും ഒ.പി.യിലിരിക്കുന്നവർതന്നെ അത്യാഹിതവിഭാഗവും നോക്കേണ്ടിവരുന്നുണ്ട്. ഇത് ഡോക്ടർമാർക്കും രോഗികൾക്കും ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല.
തസ്തികകളിൽ സ്ഥിരം ജീവനക്കാരില്ല
: നഴ്‌സിങ് വിഭാഗത്തിലുൾപ്പെടെ പല തസ്തികകളിലും സ്ഥിരം ജീവനക്കാരില്ല. 73 ജീവനക്കാർ താത്‌കാലികാടിസ്ഥാനത്തിലാണ് ഇവിടെ ജോലിചെയ്യുന്നത്. എല്ലാവിഭാഗത്തിലും താത്‌കാലിക ജീവനക്കാരുണ്ട്.
നിലവിലുള്ള തസ്തികകളിലെങ്കിലും സ്ഥിരം ജീവനക്കാരെ നിയമിച്ചാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടും.
എക്‌സ് റേ യൂണിറ്റിൽ ഒരു ജീവനക്കാരൻമാത്രം
: എക്‌സ് റേ യൂണിറ്റിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. ഇതുനിമിത്തം ആശുപത്രിയിൽ 24 മണിക്കൂറും എക്‌സ് റേ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ല.
ദേശീയപാതയോരത്തെ ആശുപത്രിയായതിനാൽ അപകടംപറ്റി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇവർക്കാവശ്യമായ ചികിത്സ ലഭ്യമാക്കാൻ ഇപ്പോൾ കഴിയുന്നില്ല.
ഗർഭകാലപരിചരണവും പ്രസവവും നടക്കുന്ന ആശുപത്രിയാണെങ്കിലും ഇവിടെ സ്‌കാനിങ്ങിനുള്ള സൗകര്യമില്ല. അൾട്രാസൗണ്ട് സ്‌കാനിങ് നടത്തണമെങ്കിൽ സ്വകാര്യകേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പ്രഖ്യാപനത്തിൽ ഒതുങ്ങിയ ട്രോമാകെയർ
: ആശുപത്രിയിലെ നവീകരിച്ച ഒ.പി. വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ട്രോമാ കെയർ യൂണിറ്റ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിലെത്തുന്നവർക്ക് മെച്ചപ്പെട്ട അടിയന്തര ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ട്രോമാ കെയർ പദ്ധതി ഇവിടെ നടപ്പായില്ല.
കാലപ്പഴക്കംചെന്ന ഐ.പി. ബ്ലോക്ക്
: കാലപ്പഴക്കംകൊണ്ട് ബലക്ഷയം വന്നിട്ടുള്ള കെട്ടിടത്തിലാണ് ഐ.പി. ബ്ലോക്ക് പ്രവർത്തിക്കുന്നത്. മേൽക്കൂരയിൽനിന്ന് സിമെന്റ് പാളികൾ അടർന്നുവീഴുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾ ഈ കെട്ടിടത്തിലുണ്ട്. 22 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് ഈ കെട്ടിടത്തിൽ കിടത്തിച്ചികിത്സിക്കുന്നത്. നിരീക്ഷണ മുറിയിലെ അഞ്ച് കിടക്കകൾക്കുപുറമേ ശിശുരോഗവിഭാഗത്തിൽ അഞ്ച് കിടക്കകൾകൂടി വേറെയുണ്ട്.
ഐ.പി. വിഭാഗത്തിനായി പുതിയ കെട്ടിടം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
മികച്ച ഡയാലിസിസ് യൂണിറ്റ്
: ആശുപത്രിയിലെ രണ്ട് ഡയാലിസിസ് യൂണിറ്റിലായി ഒരുദിവസം 42 പേർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്.
മൂന്ന് ഷിഫ്റ്റിലായാണ് ഇതിന്റെ പ്രവർത്തനം. ഒരു ഷിഫ്റ്റിൽ 14 പേർക്കാണ് ഡയാലിസിസ് ചെയ്യാൻ കഴിയുന്നത്.
പാതിവഴിയിലായ അത്യാഹിതവിഭാഗവും മെറ്റേണിറ്റി ബ്ലോക്കും
: അത്യാഹിതവിഭാഗത്തിനും ഒ.പി. ബ്ലോക്കിനുമായുള്ള കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ട് ഏഴുവർഷം പിന്നിട്ടു. കിഫ്ബിയിൽ നിന്നുള്ള 3.5 കോടി രൂപ ചെലവിട്ട് ഒരുനിലമാത്രം നിർമിച്ചു.
നാലുനിലകളിലുള്ള കെട്ടിടമാണ് ഇവിടെ ആസൂതണംചെയ്തത്. ആവശ്യത്തിന് തുക ലഭിക്കാതിരുന്നതിനാലാണ് കെട്ടിടനിർമാണം നിലച്ചതെന്നാണ് സൂചന. മെറ്റേണിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം 2020 സെപ്റ്റംബർ 15-നായിരുന്നു. 3.5 കോടിയായിരുന്നു പദ്ധതിക്കായി അനുവദിച്ചത്. ഈ കെട്ടിടത്തിന്റെ 20 ശതമാനം പണികൾപോലും പൂർത്തിയായിട്ടില്ല.
Published: 04 Sept 2026, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented