വെള്ളറട : നിർമാണം ഏറക്കുറെ പൂർത്തിയായ മലയോര ഹൈവേയിൽ രണ്ടിടത്ത് പണികൾ ഇപ്പോഴും പൂർത്തിയാകാതെ തുടരുന്നു. ഒരിടത്ത് പുറമ്പോക്കിലെ വീടുകൾ ഒഴിപ്പിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും മറ്റൊരിടത്ത് റോഡ് വീതികൂട്ടുന്നതിനെതിരേ സ്വകാര്യ തടസ്സവുമാണ് പണികൾ അപൂർണമാകാൻ കാരണമായത്. രാഷ്ട്രീയ ഇടപെടലുകളും ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയുമാണ് ഇതിനു കാരണമാകുന്നതെന്നാണ് നാട്ടകാരുടെ ആരോപണം.
മലയോര ഹൈവേ കടന്നുപോകുന്ന പ്രധാന കവലയായ വെള്ളറടയിലും പേരെക്കോണത്തുമാണ് നിർമാണം അപൂർണമായി കിടക്കുന്നത്. വെള്ളറട കവലയിൽ വീതിവർധിപ്പിക്കുന്ന പണികൾ തുടങ്ങിയ വേളയിൽ സ്വകാര്യവസ്തു ഉടമകൾ തടസ്സവുമായി രംഗത്തുവന്നു. ഇവിടെ പുറമ്പോക്ക് ഒഴിപ്പിക്കൽ കാര്യക്ഷമമായി നടന്നില്ല. തർക്കങ്ങൾ കോടതി വ്യവഹാരത്തിലേക്കു നീങ്ങിയതോടെ പണികൾ നിലച്ചു.അധികൃതരുടെ അനാസ്ഥകാരണം കേസ് നടത്തിപ്പും കാര്യമായി നടന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ ഇവിടത്തെ ഓടനിർമാണവും വീതികൂട്ടലും പാതിവഴിയിലായി.
റോഡിനോട് തുറന്നുകിടക്കുന്ന ഓടയിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുകിയതോടെ വ്യാപാരികൾ സംഘടിച്ച് കുറച്ചുദൂരം പഴയ ഓടയുടെ മുകളിൽ സ്ലാബിട്ടു. ബാക്കിയുള്ള ഭാഗം ഇപ്പോഴും തുറന്നുകിടക്കുന്നനിലയിലാണ്.
വീതി കുറവുള്ള ഈ കവലയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് സഞ്ചരിക്കാൻപോലും സാധിക്കാത്തനിലയിലാണ്. കൂടാതെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓടയിൽ വാഹനങ്ങൾ വീണുള്ള അപകടങ്ങളും ഉണ്ടാകാറുണ്ട്.
കളിവിളാകംമുതൽ പേരെക്കോണംവരെ പുറമ്പോക്ക് ഒഴിപ്പിക്കൽ വൈകുന്നു
: മലയോരഹൈവേ കടന്നുപോകുന്ന ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ കളിവിളാകംമുതൽ പേരെക്കോണംവരെയും കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വാവോടും പുറമ്പോക്കിൽ താമസിക്കുന്ന 38 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് വൈകുന്നതിനാൽ കെട്ടിടങ്ങൾ നീക്കാനാവുന്നില്ല.
ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ 26 കുടുംബങ്ങളും കള്ളിക്കാടിലെ 12 കുടുംബങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഓരോ കുടുംബത്തിനും മൂന്നുസെന്റ് വീതം വസ്തുവും ലൈഫ് പദ്ധതി പ്രകാരമുള്ള വീടും നിർമിച്ചുനൽകാൻ കിഫ്ബിയിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ചു. ഇതിലേക്കായി ആറ്റുരിൽ ഒരേക്കർ 35 സെന്റ് വസ്തു വാങ്ങി പ്ലോട്ടുകൾ തിരിച്ചെങ്കിലും വീട് നിർമാണവും വസ്തു ഗുണഭോക്താക്കൾക്ക് കൈമാറുന്നതും വൈകുകയാണ്.
ഇത് പരിഹരിച്ചാൽമാത്രമേ പാതയോരത്തെ വീടുകൾ നീക്കി ഹൈവേയുടെ പാറശ്ശാല നിയോജക മണ്ഡലത്തിലെ ശേഷിച്ച പണികൾ പൂർത്തീകരിക്കാനാവൂ. ഇതിനിടയിൽ രണ്ടാംഘട്ടം ടാറിങ് പൂർത്തിയായ ഈ ഹൈവേയിൽ പലയിടത്തും ടാറിളകിത്തുടങ്ങിയിട്ടുണ്ട്. ചിലയിടത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും മറ്റിടങ്ങളിൽ കുഴികൾ രൂപപ്പെടുകയാണ്.എട്ടുവർഷങ്ങൾക്കുമുൻപാണ് ഈ റോഡിന്റെ നിർമാണം തുടങ്ങിയത്.
പാറശ്ശാലമുതൽ കുടപ്പനമൂടുവരെയുള്ള ആദ്യ റീച്ചിന്റെ പ്രാരംഭഘട്ടം സ്വകാര്യ കരാറുകാരൻ പണികൾ ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ പണികൾ ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനിക്ക് മാറ്റി നൽകുകയായിരുന്നു.
മറ്റ് റീച്ചുകൾ മറ്റ് സ്വകാര്യ കമ്പനികൾക്കാണ് നൽകിയത്. പാറശ്ശാല നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായിട്ടാണ് നിർമാണം. പാറശ്ശാലമുതൽ കുടപ്പനമൂടുവരെയും വാഴിച്ചൽമുതൽ കള്ളിക്കാടുവരെയും കള്ളിക്കാടുമുതൽ പരുത്തിപ്പളളിവരെയുമാണ് മൂന്ന് റീച്ചുകൾ. പിന്നീട് കുടപ്പനമൂടുമുതൽ വാഴിച്ചൽവരെയുള്ള രണ്ട് കിലോമീറ്ററോളം ഭാഗത്ത് മറ്റൊരു കരാർക്കമ്പനി ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നു.
Published: 02 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented