നെടുമങ്ങാട് : നെടുമങ്ങാട് ഗവ. കോളേജ് ജില്ലയിലെ ആദ്യ ലഹരിരഹിത കാമ്പസ് എന്ന അംഗീകാരം നേടി. ലഹരിക്കെതിരെ ശക്തമായ സന്ദേശമുയർത്തി കോളേജിനെ ഡ്രഗ് ഫ്രീ കാമ്പസായി എക്‌സൈസ് വകുപ്പ് പ്രഖ്യാപിച്ചു. കോളേജ് തുടർച്ചയായി നടത്തുന്ന വിവിധ ലഹരിവിരുദ്ധപ്രവർത്തനങ്ങൾക്കും ബോധവത്കരണ പരിപാടികൾക്കുമുള്ള അംഗീകാരമായാണ് ഈ നേട്ടം.

To advertise here,

യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റിനിർത്തുകയും സമൂഹത്തിൽ ലഹരിക്കെതിരായ അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ സഹകരണത്തോടെ പ്രഖ്യാപനച്ചടങ്ങും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും നടന്നു.

കോളീജിയറ്റ് വിദ്യാഭ്യാസവകുപ്പ് അഡീ. ഡയറക്ടർ ഡോ. ജെ. സുനിൽ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. സഖറിയ അധ്യക്ഷനായി.

കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ ലഹരിവിരുദ്ധസന്ദേശം നൽകി. അഡ്വ. വീണ വി. നായർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സൂരജ് എം, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. സജിത്ത്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ആർ.എസ്. അക്ഷയ്, ആന്റിനാർക്കോട്ടിക് ക്ലബ് കൺവീനർ സുമി വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് എൻ.എസ്.എസ്. വോളന്റിയർമാരുടെയും എൻ.സി.സി. കേഡറ്റുകളുടെയും നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി.