സംരക്ഷണമില്ല: അനധികൃതമായി മണ്ണിട്ട് നികത്താനും ശ്രമം

To advertise here,

മാറനല്ലൂർ : സംരക്ഷണവേലിയില്ലാത്തത് കാരണം പാറമടയിലെ കുളങ്ങൾ അപകടക്കെണിയാകുന്നു. മാറനല്ലൂർ പഞ്ചായത്തിലെ മലവിളയിലെ കുക്കിരി പാറമടയിലെ കുളങ്ങളാണ് അപകടക്കെണിയായി മാറിയത്.

മാറനല്ലൂരിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനമായ പുണ്യതീരത്തെ റോഡിൽ രണ്ട് പാറക്കുളങ്ങളാണ് അപകടാവസ്ഥയിലുള്ളത്. വീതി കുറഞ്ഞ റോഡിൽ കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് കാരണം ശ്മശാനത്തിലേക്കെത്തുന്ന വാഹനങ്ങൾ അപകട ഭീഷണിയും നേരിടുന്നുണ്ട്.

അടുത്തിടെ പാറമടയിലെ ചില കുളങ്ങൾ സ്വകാര്യവ്യക്തികൾ മണ്ണിട്ട് നികത്താനുള്ള ശ്രമവും നടന്നിരുന്നു. ഭൂമിയുടെ പ്രതലത്തിൽനിന്ന് 20 അടി താഴ്ചയിൽ മാത്രമാണ് ഖനനം നടത്താൻ അനുമതിയുള്ളത്. എന്നാൽ ഇവിടെ പലയിടത്തും നൂറടിയോളം താഴ്ത്തിയാണ് ഖനനം നടത്തിയിരിക്കുന്നത്. എന്നാൽ അനധികൃതമായി ഖനനം നടത്തിയവർക്കെതിരേ പിഴ ചുമത്താൻ ജിയോളജി വകുപ്പും തയ്യാറായിട്ടില്ല. ഇത്തരത്തിൽ ഖനനം നടത്തിയ പ്രദേശങ്ങളെല്ലാം ഇപ്പോൾ വലിയ അപകടഭീഷണി നേരിടുന്നു.

കുളത്തിൽ മീൻപിടിക്കാൻ യുവാക്കളും, കുട്ടികളുമെത്തുന്നത് നിയന്ത്രിക്കാനും കഴിയുന്നില്ല. ആളൊഴിഞ്ഞ പ്രദേശത്ത് അപകടങ്ങളുണ്ടായാൽ അറിയാൻ കഴിയില്ലെന്നും നിയന്ത്രണത്തിന് സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്

ആശുപത്രി മാലിന്യങ്ങളും, മണ്ണുമിട്ട് കുളം നികത്താനും ശ്രമം

പാറമടയിലെ കുളങ്ങൾ വേലികെട്ടി സംരക്ഷിക്കുകയും, മണ്ണിട്ട് നികത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ച മുൻപ് പ്രദേശത്തെ പാറമടയിലെ വിസ്തൃതിയേറിയ കുളം ആശുപത്രി മാലിന്യങ്ങളും, മണ്ണുമിട്ട് നികത്താനും ശ്രമിച്ചിരുന്നു.

മാലിന്യങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കുളത്തിൽ നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ട കോളനി നിവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതിപ്പെട്ടതിനെ തുടർന്ന് പണി നിർത്തിവച്ചെങ്കിലും കുളത്തിൽ നിക്ഷേപിച്ച ചാക്കുകെട്ടുകൾ നീക്കം ചെയ്യാനായിട്ടില്ല.